പൊലീസില്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗ രൂപവത്കരണം: സര്‍ക്കാര്‍ അലംഭാവത്തില്‍ കോടതിക്ക് അതൃപ്തി

തിരുവനന്തപുരത്തെ അഞ്ച് സ്റ്റേഷനുകളിലെ വിഭജനം നടപ്പാക്കാത്തത് വിശദീകരിക്കണം
കൊച്ചി: പൊലീസില്‍ ക്രമസമാധാന പാലന വിഭാഗത്തില്‍നിന്ന് വേര്‍പെടുത്തി പ്രത്യേക കുറ്റാന്വേഷണ വിഭാഗം രൂപവത്കരിക്കുന്നത് വൈകുന്നതില്‍ ഹൈകോടതിക്ക് അതൃപ്തി. തിരുവനന്തപുരം നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും സമയപരിധിക്കകം നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ വിമര്‍ശം.
ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് രേഖപ്പെടുത്തി സെപ്റ്റംബര്‍ 25ന് കേസ് മാറ്റിയെങ്കിലും ഇപ്പോഴും ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ അലംഭാവമാണ് പ്രകടമാകുന്നത്. നിര്‍ദേശം കൃത്യമായി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടതുണ്ടെങ്കില്‍ അത് ആവശ്യപ്പെടണമായിരുന്നു.  എന്തുകൊണ്ട് തിരുവനന്തപുരത്തെ അഞ്ച് സ്റ്റേഷനുകളിലെ വിഭജനം നടപ്പാക്കാനായില്ളെന്നത് ആഭ്യന്തര സെക്രട്ടറി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ അക്കാര്യം പ്രത്യേക അപേക്ഷയായി നല്‍കാനും നിര്‍ദേശിച്ചു.
തിരുവനന്തപുരം നഗരത്തിലെ വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, കരമന, വിഴിഞ്ഞം, പൂന്തുറ സ്റ്റേഷനുകളിലാണ് പൊലീസിനെ രണ്ട് വിഭാഗമായി തിരിച്ച് വിഭജനം നടപ്പാക്കാന്‍ നടപടികളാരംഭിച്ചതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഒരു മാസത്തിനകം നടപടി തീര്‍ക്കുമെന്ന് സെപ്റ്റംബറില്‍ അറിയിച്ചിരുനു.  എന്നാല്‍, തിങ്കളാഴ്ച കേസ് പരിഗണിക്കവേ പല കാരണങ്ങളാല്‍ സമയബന്ധിതമായി നടപടി പൂര്‍ത്തീകരിക്കാനായില്ളെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാക്കാല്‍ അറിയിച്ചു. ഇതിനിടയാക്കിയ കാരണം വിശദീകരിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്നും അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാറിനെതിരെ വിമര്‍ശമുണ്ടായത്.   കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 25ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. മകന്‍ ശ്രീകാന്തിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമല്ളെന്ന് ചൂണ്ടിക്കാട്ടി ടി.എല്‍. മോഹനന്‍  നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.