മുംബൈ ഹാജി അലി പള്ളി വിലക്കിനെതിരെ സ്ത്രീ സംഘടനകൾ നിയമനടപടിക്ക്

മുംബൈ: മുംബൈയുടെ ചരിത്രപ്രധാനമായ അടയാളങ്ങളിലൊന്നായ ഹാജി അലി പള്ളിക്കകത്തേക്ക് സ്ത്രീകൾ പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ വനിതാസംഘനകൾ കോടതിയിലേക്ക്. 2011 മുതലാണ് സ്ത്രീകൾ പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. സ്ത്രീകളുടെ സാമീപ്യം വിശുദ്ധന്‍റെ ശവകുടീരം അശുദ്ധമാക്കുമെന്നാണ് വിലക്കിന് പള്ളി ട്രസ്റ്റികൾ നൽകുന്ന വിശദീകരണം.

ഇതിനെതിരെയാണ് ഭാരതീയ മുസ് ലിം മഹിള ആന്ദോളൻ (ബി.എം.എം.എ) ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്. വിലക്ക് ഭരണാഘടന ലംഘനമാണെന്നാണ് ബി.എം.എം.എ സ്ഥാപകരിലൊരാളായ നൂർജഹാൻ നിയാസിന്‍റെ വാദം. ട്രസ്റ്റിന്‍റെ തീരുമാനം അനിസ് ലാമികവും സ്്ത്രീ വിരുദ്ധവുമാണ്. തങ്ങളുടെ നീക്കം രാജ്യത്തിന്‍റെ പല ഭാഗത്തും സത്രീകൾക്ക് പുണ്യസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കിനെതിരെ പോരാടാനുള്ള ഊർജം നൽകുമെന്നും അവർ പറഞ്ഞു.

പള്ളിക്കകത്തേക്ക് സ്ത്രീകൾക്ക് പ്രവേശമുണ്ടെങ്കിലും ഖബറിടത്തിലേക്ക് വിലക്കേർപ്പെടുത്തയത് നാലു വർഷംമുൻപ് മാത്രമാണ്. ഇതിന് കാരണമായി പറയപ്പെടുന്നത് ആർത്തവ നാളുകളിലെ അശുദ്ധിയാണ്. എന്നാൽ മനുഷ്യവംശത്തിന്‍റെ നിലനിൽപ്പിന് തന്നെ ആധാരമായ ആർത്തവത്തിന് അശുദ്ധി കൽപിക്കുന്നത് പരിഹാസ്യമാണ് എന്നും നൂർജഹാൻ പറഞ്ഞു. മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന് മുൻപാകെ പരാതി ഉന്നയിച്ചെങ്കിലും ഒരു നടപടിയുമുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും നൂർജഹാൻ പറഞ്ഞു.

എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ കഴിയില്ല എന്ന് പള്ളി ട്രസ്റ്റികൾ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ഡിസംബർ 15ന് വാദം കേൾക്കുന്ന കോടതി, ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റി കൂട്ടിച്ചേർത്തു.

15ാം നൂറ്റാണ്ടിൽ പണിതീർത്ത പള്ളി ഇസ് ലാം മതവിശ്വാസികൾ മാത്രമല്ല, ഹിന്ദുക്കളും പുണ്യസ്ഥലമായാണ് കരുതുന്നത്. കടലോരത്ത് സ്ഥിതിചെയ്യുന്ന പള്ളി മുംബെയിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രധാന ആകർഷണ കേന്ദ്രമാണ്.

ആത്മീയ യാത്രക്കിടെ, സൂഫിവര്യനായിരുന്ന പീർ ഹാജി അലി ഷാ ബുഖാരി അറബിക്കടലിലാണ് മരണമടഞ്ഞത്. അദ്ദേഹത്തിന്‍റെ മൃതദേഹം കരക്കടിഞ്ഞിടത്ത് പിന്നീട് പള്ളി പണിയുകയായിരുന്നു. ബുഖാരിയുടെ ഖബറിടം പളളിക്കുള്ളിലാണ്. നാനാമതസ്ഥരായ വിശ്വാസികളും ടൂറിസ്റ്റുകളും അടക്കം ആയിരങ്ങളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.