വര്‍ഗീയ സംഘര്‍ഷം: നഷ്ടപരിഹാരത്തിന് നിയമം വേണമെന്ന് ഇ.ടി


ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമം വേണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയിലും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഒന്നും നടപ്പായില്ല. വിദേശരാജ്യങ്ങളില്‍ പലയിടത്തും നഷ്ടപരിഹാരത്തിന് നിയമമുണ്ട്. അത്തരമൊന്ന് ഇന്ത്യയിലും വേണമെന്നും ബഷീര്‍ ചോദ്യോത്തരവേളയില്‍ ആവശ്യപ്പെട്ടു. ക്രിയാത്മക നിര്‍ദേശമാണിതെന്ന് മറുപടി നല്‍കിയ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പക്ഷേ, ഇക്കാര്യത്തില്‍ എന്തെങ്കിലും ഉറപ്പുനല്‍കാന്‍ തയാറായില്ല. 2015ല്‍ ഒക്ടോബര്‍ വരെ 650 വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ലോക്സഭയെ അറിയിച്ചു. 2014ല്‍ 644ഉം 2013ല്‍ 823ഉം 2012ല്‍ 668ഉം വര്‍ഗീയ സംഘര്‍ഷങ്ങളാണ് രാജ്യത്തുണ്ടായത്. വര്‍ഗീയ സംഘര്‍ഷം തടയേണ്ടതിന്‍െറ പ്രാഥമിക ബാധ്യത സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്നും അദ്ദേഹം തുടര്‍ന്നു. ബി.ജെ.പിയുടെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷം കൂടുതലെന്ന് കോണ്‍ഗ്രസിന്‍െറ സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേരളം, ബംഗാള്‍ പോലുള്ള ഇടങ്ങളില്‍ പ്രശ്നം കുറവാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.