ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബിഐ) ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2027 മേയ് വരെ അദ്ദേഹം സ്ഥാനത്ത് തുടരും. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.
ഇത് രണ്ടാം തവണയാണ് പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകുന്നത്. 2023 മെയ് 25നാണ് അദ്ദേഹം രണ്ടു വർഷത്തെ കാലാവധിയിൽ സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റത്. എന്നാൽ കഴിഞ്ഞ വർഷം സർക്കാർ അദ്ദേഹത്തിന് ഒരു വർഷത്തെ കാലാവധി നീട്ടി നൽകിയിരുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ ഉത്തരവ് പ്രകാരം, മേയ് 24ന് ശേഷം ഒരു വർഷത്തേക്ക് കൂടി അദ്ദേഹം പദവിയിൽ തുടരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സെലക്ഷൻ കമ്മിറ്റിയാണ് കാലാവധി നീട്ടാനുള്ള ശുപാർശ നൽകിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ചൊവ്വാഴ്ച നടന്ന ഈ യോഗത്തിന് പിന്നാലെയാണ് കാബിനറ്റ് നിയമന സമിതി ഉത്തരവ് അംഗീകരിച്ചത്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന രീതി പക്ഷപാതപരമാണെന്നും ഇത്തരം ഒരു പ്രക്രിയയുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിയോജന കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.