ആറാം ക്ലാസ് മുതൽ കടയിൽ ജോലിക്ക് പോയി, ഐ.എ.എസ് കോച്ചിങ്ങിന് കൂട്ടുകാരന് കൂട്ടുപോയി, മൂന്നുവട്ടം തോറ്റു; ആലപ്പുഴ കലക്ടറെ അറിയാം

ആലപ്പുഴ: ചാർജ് ഏറ്റെടുത്ത് രണ്ട് ദിവസം കൊണ്ടുതന്നെ ആലപ്പുഴയുടെ മനം കവർന്നിരിക്കുകയാണ് കലക്ടർ കൃഷ്ണതേജ. കലക്ടറുടെ നിയമനം തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയുള്ളതായിരുന്നു. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് എത്തി ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെയായിരുന്നു സർക്കാർ ആദ്യം കലക്ടർ ആയി നിയമിച്ചത്.


എന്നാൽ, സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ വ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആറ് ദിവസങ്ങൾക്കകം ശ്രീറാമിനെ മാറ്റേണ്ടിവന്നു. തുടർന്നാണ് കൃഷ്ണ തേജ ജില്ലയുടെ കലക്ടർ ആയി എത്തുന്നത്. മുമ്പ് ആലപ്പുഴയിൽ സബ് കലക്ടർ ആയി തേജ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദ്യ പ്രളയകാലത്ത് സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്ക​പ്പെട്ടിരുന്നു. ഇപ്പോൾ കലക്ടർ ആയി എത്തിയ ഉടൻതന്നെ തേജ ഇട്ട പോസ്റ്റുകൾ ഏറെ വൈറൽ ആയിരുന്നു.

Full View

'പ്രിയ കുട്ടികളെ,

ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍തന്നെ ഇരിക്കണം. അച്ഛൻ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...

സനേഹത്തോടെ...' എന്നായിരുന്നു കലക്ടർ ആദ്യദിവസം ഇട്ട പോസ്റ്റ്. വൻ പ്രതികരണമാണ് ഇതിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. തൊട്ടടുത്ത ദിവസവും കലക്ടർ ഫേസ്ബുക്ക് പേജിലൂടെ ഞെട്ടിച്ചു. അടുത്ത ദിവസം അദ്ദേഹം ഇങ്ങ​നെ കുറിച്ചു.

'പ്രിയപ്പെട്ട കുട്ടികളെ,

നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ... മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. 😘

ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ

നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍...'

പതിനായിരങ്ങളാണ് ഇതിന് ലൈക്ക് ചെയ്തിരിക്കുന്നത്. ശരിക്കും മൂന്ന് ദിവസംകൊണ്ടുതന്നെ അദ്ദേഹം ജില്ലയുടെ ഹൃദയം കവർന്നിരിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു മോട്ടിവേഷൻ ക്ലാസ് ഏറ്റവും ചർച്ചചെയ്യപ്പെടുന്നുണ്ട്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്കൂളിൽ നടത്തിയ ഒരു ക്ലാസ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ത​ന്റെ ജീവിതവഴിയെ സംബന്ധിച്ചാണ് അദ്ദേഹം ഇതിൽ പറയുന്നത്.

കൃഷ്ണതേജയുടെ വാക്കുകൾ ഇങ്ങനെ:

എല്ലാവർക്കും നമസ്കാരം. ഒരു കാര്യം ആദ്യം പറയാനുണ്ട്. ഞാൻ മലയാളിയല്ല. ആന്ധ്രക്കാരനാണ്. എന്നാലും പരമാവധി മലയാളത്തിൽ പറയാൻ ആഗ്രഹിക്കുന്നു. മലയാളം കുറച്ചുകുറച്ചു മാത്രമേ സംസാരിക്കാൻ അറിയൂ. വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതംകൊണ്ടുതന്നെ നന്നായി അറിയാം. എനിക്ക് ഓർമയുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അതുവരെ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. ഞാൻ എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്റെ വീട്ടിൽ ഉണ്ടായി. അപ്പോൾ എല്ലാ ബന്ധുക്കളും എന്റെ വീട്ടിൽവന്നു. എന്നിട്ട് പറഞ്ഞു. ഇനി പഠിക്കാൻ പോകണ്ട. വിദ്യാഭ്യാസം നിർത്തണം. ഒരു കടയിൽ പോയി ജോലി നോക്കണം. അപ്പോൾ നിങ്ങൾക്ക് കുറച്ച് ശമ്പളം കിട്ടും. അത് കുടുംബത്തിന് സഹായമാകും.

 


എല്ലാവരും അങ്ങനെ പറഞ്ഞു. പക്ഷേ, എന്റെ അച്ഛനും അമ്മക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണവുമില്ല. അപ്പോൾ എന്റെ അയൽവാസി എന്റെ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു. 'കൃഷ്ണാ കുഴപ്പമില്ല. നീ പഠനം തുടരണം. അതിന് വേണ്ടി എത്ര പണം ചെലവായാലും ഞാൻ തരാം. പക്ഷേ, എന്റെ അമ്മക്ക് ഒരാളിൽനിന്നും സൗജന്യസഹായം വാങ്ങുന്നതും താൽപര്യം ഇല്ലായിരുന്നു. അമ്മ തന്നെ ഒരു പരിഹാരം ഉണ്ടാക്കി. സ്കൂളിൽനിന്നും ക്ലാസ് വിട്ടുവന്നിട്ട് ഞാൻ വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോയി. അങ്ങനെ ഞാനും ശമ്പളക്കാരനായി.

എട്ടാം ക്ലാസും ഒമ്പതാം ക്ലാസും പത്താം ക്ലാസും പഠിക്കാനുള്ള പണം അതിലൂടെ കിട്ടി. അപ്പോഴാണ് എനിക്ക് മനസിലായിത്തുടങ്ങിയത് വിദ്യാഭ്യാസം എത്രആവശ്യമാണ് എന്ന്. പിന്നെ ഞാൻ നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മിൽ ജോലി ലഭിച്ചു. ഞാൻ ഡൽഹിയിൽ ജോലിക്ക് ചേർന്നു. എന്റെ ഒരു റൂംമേറ്റ് ഉണ്ടായിരുന്നു. അവനായിരുന്നു ഐ.എ.എസ് ആകാൻ താൽപര്യം. എനിക്ക് ഐ.എ.എസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. എന്റെ റൂംമേറ്റിന് മാത്രം നൂറ് ശതമാനം ഐ.എ.എസ് ആകാൻ താൽപര്യം. പക്ഷേ, എന്റെ റൂമിൽനിന്നും ഐ.എ.എസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 30 കിലോമീറ്റർ ദൂരം. എല്ലാ ദിവസവും ഒറ്റക്ക് പോയി വരാൻ ബുദ്ധിമുട്ട്.

അവന് ഒരു കമ്പനി വേണം. അവൻ നിർബന്ധിച്ച് എന്നെ ഐ.എ.എസ് കോച്ചിങ് സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനെ കുറിച്ച് പഠിച്ചുതുടങ്ങിയപ്പോഴാണ് എനിക്ക് മനസിലായത്, ഐ.എ.എസ് കേവലം ഒരു ജോലിയല്ല ഒരു സർവീസ് ആണെന്ന്. അതാണ് ഐ.എ.എസിന്റെ പ്രത്യേകത. ഏകദേശം മുപ്പത് വർഷം പൊതുജനങ്ങൾക്ക് വേണ്ടി സർവീസ് ​ചെയ്യാൻ കഴിയുന്ന മേഖല. അങ്ങനെ ഞാൻ നന്നായി ഐ.എ.എസിന് പ്രിപ്പയർ ചെയ്യാൻ തുടങ്ങി. ആദ്യ അവസരത്തിൽതന്നെ പരാജയപ്പെട്ടു. ജോലി ചെയ്തുകൊണ്ട് പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ മനസിലാക്കി. അങ്ങനെ ഞാൻ ജോലി ഉപേക്ഷിച്ചു. 2011ൽ ജോലി ഉപേക്ഷിച്ച് പൂർണസമയം ഐ.എ.എസ് പഠനത്തിന് ചെലവഴിച്ചു. 15 മണിക്കൂർ ഒരു ദിവസം പഠിച്ചു. എന്നിട്ടും രണ്ടാമത്തെ അവസരത്തിലും പരാജയ​പ്പെട്ടു.

മൂന്നാമത്തെ പരിശ്രമത്തിലും പരാജയം അറിഞ്ഞു. ജീവിതത്തിൽ മൂന്ന് ഗംഭീര വിജയങ്ങൾ എനിക്കുണ്ടായി. എന്റെ പത്താം ക്ലാസ്, പ്ലസ് ടു, എഞ്ചിനീയറിങ് എന്നിവ. ഈ മൂന്നിലും ഞാനായിരുന്നു സംസ്ഥാനത്തെ ഒന്നാമൻ. അതുപോലെ മൂന്ന് പരാജയങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായി. ഐ.എ.എസിന്റെ ഒന്നും രണ്ടും മൂന്നും പരിശ്രമങ്ങളിൽ ഞാൻ പരാജയപ്പെട്ടു. ആത്മവിശ്വാസം പൂർണമായും നഷ്ടപ്പെട്ടു. തുടർച്ചയായി പരാജയം. കോൺഫിഡൻസ് സീറോ ആയി. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ് കിട്ടുന്നില്ല. 30 ദിവസം അതുസംബന്ധിച്ച് ആലോചിച്ചു. ഉത്തരം കിട്ടിയില്ല. കൂട്ടുകാരന്റെ വീട്ടിൽ പോയി. അവരോട് കാര്യം പറഞ്ഞു. അവൻ പറഞ്ഞു. 'യു ആർ വെരി ഇന്റലിജന്റ്, വെരി ടാലന്റഡ്'. വീണ്ടും ഞാൻ ശ്രമം ഉപേക്ഷിച്ച് ഒരു ഐ.ടി കമ്പനിയിൽ ജോലിക്ക് ചേർന്നു.

 


വിവരം ഞാൻ സുഹൃത്തുക്കളെ എല്ലാം വിളിച്ച് അറിയിച്ചു. വിവരം എന്റെ ശത്രുക്കളുടെ അടുത്തും എത്തി. ആ ശത്രുക്കൾ അടുത്ത ദിവസം എന്റെ മുറിയുടെ വാതിലിൽ വന്ന് മുട്ടി. എന്റെ മുറിയിൽ കടന്ന് അവർ പറഞ്ഞു. 'കൃഷ്ണാ നല്ല തീരുമാനം. നിനക്ക് നല്ലത് ​ഐ.ടി കമ്പനിയാണ്'.ഞാൻ അവരോട് പറഞ്ഞു. എനിക്കും അതറിയാം, എനിക്ക് ഐ.എ.എസ് കിട്ടില്ല എന്ന്. പക്ഷേ, എന്തുകൊണ്ട് അത് കിട്ടുന്നില്ല. അവർ പറഞ്ഞു, മൂന്ന് കാര്യങ്ങൾ കൊണ്ടാണ് കിട്ടാത്തത്. ഒന്നാമത്തെ കാരണം ഇതായിരുന്നു. ഐ.എ.എസ് എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കിട്ടണം. നിന്റെ കൈയക്ഷരം വളരെ മോശം ആണ്.

അവർ പറഞ്ഞത് സത്യമാണ്. എന്റെ കൈയക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല, പാരഗ്രാഫ് ആയി ഉത്തരം എഴുതണം. രണ്ടാമത്തെ കാരണമായി ഇതാണ് പറഞ്ഞത്. നീ നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതി. പക്ഷേ, ഐ.എ.എസിൽ വളരെ ഡി​​േപ്ലാമാറ്റിക് ആയി ഉത്തരം എഴുതണം. എങ്കിൽ മാത്രമേ മാർക്ക് ലഭിക്കൂ. ഇതായിരുന്നു മൂന്നാം കാരണം. അപ്പോൾ എനിക്ക് മനസിലായി. ജീവിതത്തിന്റെ ഏറ്റവും വലിയ ഫിലോസഫി എന്താണെന്ന് വെച്ചാൽ നിങ്ങളുടെ പോസിറ്റീവ്സ് അറിയണമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോട് ​ചോദിക്കുക. നെഗറ്റീവ്സ് അറിയണമെങ്കിൽ ശത്രുക്കളോടും. തുടർന്ന് ഞാൻ രണ്ട് മണിക്കൂർ കൈയക്ഷരം നന്നാക്കാൻ ശ്രമം തുടങ്ങി. മറ്റ് രണ്ട് കാര്യങ്ങളും ഞാൻ പരിശീലനം നേടി. പിന്നീട് ഞാൻ കുട്ടികളെ പഠിപ്പിക്കാൻ പോയി. അടുത്ത അവസരം ഞാൻ പിഴവുകൾ തിരുത്തി ശ്രമിച്ചു. ആൾ ഇന്ത്യ തലത്തിൽ എനിക്ക് 66ാം റാങ്ക് ലഭിച്ചു.'

Tags:    
News Summary - Worked in a shop from 6th standard, accompanied a friend to IAS coaching, failed three times; know the collector of Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.