ഗൗതം അദാനിയും നരേന്ദ്ര മോദിയും

മോദി-അദാനി ഭായി ഭായി, വർഷം 21 കഴിഞ്ഞു; നാൾവഴികൾ ഇങ്ങനെ...

ഇന്ത്യൻ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഊന്നി പറഞ്ഞത് ഗൗതം അദാനിയെന്ന വ്യവസായിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധമായിരുന്നു. അദാനിയുടെ കടലാസ് കമ്പനികളിലേക്ക് 20,000 കോടിയുടെ നിക്ഷേപം എവിടെ നിന്നാണ് എത്തിയതെന്ന ചോദ്യം മാത്രമാണ് താൻ ഉന്നയിക്കുന്നതെന്നും ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ പിന്മാറാൻ ഒരുക്കമല്ലെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

ഇതാദ്യമായല്ല രാഹുൽ ഗാന്ധി മോദി-അദാനി ബന്ധത്തെ കുറിച്ച് പറയുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരന്തരമായി ഈ കൂട്ടുകെട്ടിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. പാർലമെന്റിൽ അദാനിയും മോദിയും ഒരുമിച്ചിരിക്കുന്ന ചിത്രം ഉയർത്തികാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. ഇന്ത്യൻ വ്യവസായ ഭൂമികയിൽ അതിവേഗത്തിൽ ഉയർന്നുവന്ന അദാനി സാമ്രാജ്യത്തിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായും ​പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം പലപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.

 

​'മോദി-അദാനി' കൂട്ടുകെട്ടിന്‍റെ തുടക്കം ഗുജറാത്തിൽ

നരേന്ദ്ര മോദിയും ഗൗതം അദാനിയും പരസ്പരം സഹായിച്ച് വളരുകയെന്ന നയമാണ് സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോഴാണ് അദാനി വളർച്ചയുടെ പടവുകൾ കയറിയത്. തിരിച്ച് നരേന്ദ്ര മോദി പ്രതിസന്ധിയെ നേരിട്ടപ്പോൾ രക്ഷക്കെത്തിയത് ഗൗതം അദാനിയായിരുന്നു. 1995 മുതൽ 2001 വരെയുള്ള കാലഘട്ടം ഗുജറാത്ത് ബി.ജെ.പിയെ സംബന്ധിച്ചടത്തോളം നേട്ടങ്ങൾക്കൊപ്പം പ്രതിസന്ധികൾ കൂടി നിറഞ്ഞതായിരുന്നു.

പാർട്ടി പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മോദിയെത്തുന്നത്. 2001ൽ ഗുജറാത്തിൽ അധികാരമേറ്റെടുത്തതിന് ശേഷം അന്നത്തെ ബി.ജെ.പിയുടെ തന്ത്രശാലിയായ നേതാവായിരുന്ന പ്രമോദ് മഹാജനെ ആശ്രയിക്കാതെ സ്വന്തം വഴിവെട്ടിതെളിക്കാനായിരുന്നു മോദിക്ക് താൽപര്യം. അതിനായി സ്വന്തമായി ഫണ്ട് കണ്ടെത്താൻ മോദി ശ്രമം തുടങ്ങി. പക്ഷേ, മോദിയെ പൂർണമായി വിശ്വാസത്തിലെടുക്കാൻ ഗുജറാത്തിലെ വ്യവസായികൾ തയാറായില്ല. പക്ഷേ ഇവരിൽ നിന്നും വ്യത്യസ്തമായി ഇനി മോദിയുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ അദാനി അദ്ദേഹത്തിന്റെ ഗുഡ്ബുക്കിലെത്താനായിരുന്നു ശ്രമിച്ചത്.

 

എന്നാൽ, കേശുഭായി പട്ടേലിന്റെ അടുത്തയാളായി അറിയപ്പെട്ടിരുന്ന അദാനിയേയും മോദിക്ക് വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ 2001 മുതൽ 2002 വരെയുള്ള ഒരു വർഷത്തിനുള്ളിൽ മോദിയുടെ ഗുഡ്ബുക്കിലേക്ക് അദാനി കയറുന്നതാണ് പിന്നീട് ഗുജറാത്ത് രാഷ്ട്രീയവും വ്യവസായ ലോകവും കണ്ടത്. 2002ലെ ഗുജറാത്ത് കലാപം മോദിയേയും അദാനിയേയും സംബന്ധിച്ചടത്തോളം നിർണായകമായി. കലാപത്തെ തുടർന്ന് ചില വ്യവസായികൾക്ക് മോദിയിലുള്ള വിശ്വാസം നഷ്ടമായി. ഇത് തിരികെ പിടിച്ച് മോദിയുടെ പ്രതിഛായ രക്ഷിച്ചത് 2003ൽ നടന്ന നിക്ഷേപക സംഗമമായിരുന്നു. ഇതിന് മുൻകൈയെടുത്തത് അദാനിയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ദൃഢമായ കൂട്ടുകെട്ടിന് തുടക്കമായി.

10 വർഷത്തിനിടെയുണ്ടായ കുതിച്ചു ചാട്ടം

2003 മുതൽ 2013 വരെയുള്ള 10 വർഷത്തിനുള്ളിലാണ് അദാനി വൻ വളർച്ച നേടിയത്. 2006-07 സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പിന്റെ വരുമാനം 16,953 കോടിയായിരുന്നു. 4,353 കോടിയായിരുന്നു ആകെ കടം. 2012-13 സാമ്പത്തിക വർഷത്തിൽ വരുമാനം 47,352 കോടിയായി ഉയർന്നു. ക്രെഡിറ്റ് സ്വിസിന്റെ റിപ്പോർട്ട് പ്രകാരം 81,122 കോടിയായിരുന്നു കടം. പക്ഷേ 61,762 കോടി മാത്രമാണ് കടമെന്നായിരുന്നു അദാനി ഗ്രൂപ്പ് അന്ന് അറിയിച്ചത്. ഗുജറാത്ത് സർക്കാറിന്റെ പിന്തുണയാണ് വൻ തുക ബാങ്കുകളിൽ നിന്ന് ലഭിക്കാനും ഹ്രസ്വകാലയളവിൽ വൻ വളർച്ച കൈവരിക്കാനും അദാനിയെ സഹായിച്ചതെന്ന് അന്ന് തന്നെ ആക്ഷേപമുയർന്നിരുന്നു. എന്നാൽ, ഇതിനൊന്നും അദാനി-മോദി ഇന്നിങ്സിന്റെ തിരശ്ശീലയിടാൻ സാധിച്ചില്ല.

 

ഗുജറാത്തിന് പുറത്തേക്ക് അദാനി വളർച്ച

ഗുജറാത്തിൽ മുന്ദ്ര തുറമുഖമടക്കമുള്ള തന്ത്രപ്രധാനമായ മേഖലകളിലെ നിക്ഷേപത്തിന് ശേഷം സംസ്ഥാനത്തിന് പുറത്തേക്കും അദാനി സാമ്രാജ്യം വ്യാപിപ്പിക്കുന്നത് മോദിയുടെ ഭരണകാലത്താണ്. നിരവധി ​തുറമുഖങ്ങൾ ഏറ്റെടുത്ത അദാനി കൽക്കരി ഖനികളിലും ഭാഗ്യം പരീക്ഷിച്ചു. ഛത്തീസ്ഗഢിൽ കൽക്കരി ഖനിയിലേക്കും മഹാരാഷ്ട്രയിലെ വൈദ്യുത നിലയങ്ങളിലേക്കും അദാനി കടന്നു കയറി. പിന്നീട് നരേന്ദ്ര മോദി ​പ്രധാനമന്ത്രിയായ കാലത്താണ് അദാനി വൻ വളർച്ചയുടെ പടവുകൾ താണ്ടുന്നത്. 2014ൽ 2.8 ബില്യൺ ഡോളറിന്റെ മൂല്യമുള്ള അദാനി സാമ്രാജ്യം 2022ൽ 127 ബില്യൺ ഡോളറിലേക്ക് വൻ വളർച്ച നടത്തിയത് ​മോദിയുടെ ഭരണകാലത്താണ്.

2019ന്റെ തുടക്കത്തിൽ ലാഭമുണ്ടാക്കുന്ന സർക്കാർ നിയന്ത്രിതമായ ആറോളം വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനിക്ക് കൈമാറി. ​ഇതോടെ വ്യോമയാന മേഖലയിൽ ചിറകുവിരിച്ച് പറക്കാൻ അദാനിക്കായി. 13ഓളം ആഭ്യന്തര തുറമുഖങ്ങളും ഇന്ന് പൂർണമായി അദാനിയുടെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല പദ്ധതികൾക്കായി ഇന്ന് വൻതോതിൽ പണമിറക്കുന്നത് ഗൗതം അദാനിയാണ്.

 

2021ലാണ് ഇന്ത്യയെ ഗ്രീൻ പവർ ഹബ്ബാക്കുകയെന്ന ലക്ഷ്യം മോദി മുന്നോട്ടുവെച്ചത്. കേന്ദ്രസർക്കാറിന്റെ ഈ പ്രഖ്യാപനം നേട്ടമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രഞ്ച് കമ്പനി ടോട്ടൽ എനർജിയുമായി ചേർന്ന് 50 ബില്യൺ ഡോളറിന്റെ ഗ്രീൻ ഹൈഡ്രജൻ ഇക്കോസിസ്റ്റം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഇത്തരത്തിൽ നേട്ടമുണ്ടാക്കാവുന്ന മേഖലകളിൽ കൃത്യമായ സമയത്ത് നിക്ഷേപം നടത്താൻ മോദിയുടെ സൗഹൃദം അദാനിയെ സഹായിച്ചു.

ഇന്ത്യയിൽ മാത്രമല്ല വിദേശത്തും വലിയ രീതിയിലുള്ള നിക്ഷേപം അദാനിക്കുണ്ടായത് മോദിയുടെ ഭരണകാലത്താണ്. ശ്രീലങ്കയിൽ ഗ്രീൻ എനർജിയിൽ 500 മില്യൺ ഡോളറിന്റെ നിക്ഷേപം അദാനി പ്രഖ്യാപിച്ചത് 2022 ആഗസ്റ്റിലാണ്. നേപ്പാളിന് വൈദ്യുതി നൽകാൻ ലക്ഷ്യമിട്ടാണ് 1600 മെഗാവാട്ടിന്റെ വൈദ്യുതിനിലയം ഝാർഖണ്ഡിലെ ഗോദ ജില്ലയിൽ ഗൗതം അദാനി സ്ഥാപിച്ചത്. ഈ വർഷത്തോടെ ബംഗ്ലാദേശിന് അദാനി ഗ്രൂപ്പ് വൈദ്യുതി കയറ്റി അയച്ച് തുടങ്ങും. ഇതിന് പുറമേ ആസ്ട്രേലിയയിലും അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. മോദിയുമായുള്ള സൗഹൃദം വിദേശ രാജ്യങ്ങളിലെ നിക്ഷേപത്തിന് അദാനിയെ സഹായിച്ചുവെന്നത് പരസ്യമായ രഹസ്യമാണ്.

പ്രതിരോധമേഖലയിലേക്ക് വളഞ്ഞ വഴി

പ്രതിരോധ മേഖലയിലും തന്ത്രപ്രധാനമായ നിക്ഷേപം അദാനിക്കുണ്ട്. വളഞ്ഞ വഴിയിലൂടെയാണ് ഈ നിക്ഷേപം അദാനി നേടിയതെന്ന് ആക്ഷേപം കോൺഗ്രസ് ഉൾപ്പടെ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയിരുന്നു. എലാറയെന്ന കടലാസ് കമ്പനിയെ കൂടി ഉപയോഗിച്ചായിരുന്നു പ്രതിരോധ മേഖലയിലെ അദാനി ​നിക്ഷേപം.

അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള കമ്പനികളിലൊന്നാണ് എലാറ. ഏകദേശം ഒമ്പതിനായിരം കോടിയുടെ നിക്ഷേപം അദാനിയുടെ വിവിധ കമ്പനികളിൽ എലാറക്കുണ്ട്. എലാറയും അദാനി ഗ്രൂപ്പുമാണ് ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൽഫ ഡിസൈൻ പ്രൈവറ്റ് ടെക്നോളജിയെന്ന കമ്പനിയുടെ പ്രൊമോട്ടർമാർ. 2003ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. 2019ഓടെയാണ് കമ്പനിയുടെ നിയന്ത്രണത്തിലേക്ക് അദാനിയെത്തുന്നത്. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ പോലുള്ള കേന്ദ്രസർക്കാർ ഏജൻസികളുമായി കരാറുകളുള്ള കമ്പനിയാണ് ആൽഫ. മുമ്പ് അദാനി പൂർണമായും ആൽഫയെ ഏറ്റെടുത്തുവെന്നായിരുന്നു വാർത്തയെങ്കിലും അദാനിക്ക് കൂട്ടായി ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിച്ച അദാനിയുടെ കടലാസ് കമ്പനികളിലൊന്നായ എലാറയുമുണ്ടെന്ന റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു.

 

അദാനിക്കൊപ്പമുള്ള മോദിയുടെ യാത്ര

പാർലമെന്റിൽ അദാനിക്കൊപ്പം മോദി സഞ്ചരിക്കുന്ന ചിത്രം രാഹുൽ ഗാന്ധി ഉയർത്തികാണിച്ച് ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രസർക്കാറിനെ ചെറുതായൊന്നുമല്ല പ്രകോപിച്ചത്. മോദി-അദാനി അവിശുദ്ധ ബന്ധത്തിന് തെളിവായി ഇരുവരും തമ്മിലുള്ള യാത്രകളെ നിരവധി തവണ പ്രതിപക്ഷം ഉൾപ്പടെ ഉയർത്തി കാണിച്ചിട്ടുണ്ട്. 2014ൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ഡൽഹിയിലേക്ക് പറന്നത് അദാനിയുടെ വിമാനത്തിലായിരുന്നു.

മോദിയുടെ അന്താരാഷ്ട്ര യാത്രകളിലും നിത്യസാന്നിധ്യമായിരുന്നു അദാനി. മോദിയുടെ യു.എസ്, ആസ്ട്രേലിയ, ബ്രസീൽ, ജപ്പാൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളിലെല്ലാം അദാനിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഈ യാത്രകൾ അദാനിയെ പല കരാറുകളും നേടുന്നതിന് സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം വാർത്തകളെ അദാനി ആവർത്തിച്ച് നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്.

Tags:    
News Summary - Gautam Adani: The man who built an empire with the help of prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.