ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്തെ നടുക്കിയത് 20 ബോട്ടപകടങ്ങൾ, 240 മരണം; ഇനിയെന്നാണ് നാം പഠിക്കുക?

കോഴിക്കോട്: ​താനൂരിലെ തൂവൽത്തീരം ഞായറാഴ്ച രാത്രി കണ്ണീർത്തീരമായിരിക്കുകയാണ്. ഉല്ലാസ ബോട്ട് മറിഞ്ഞ് ഏഴ് കുട്ടികളടക്കം 22 പേരുടെ ജീവനാണ് ആറ്റിൽ പൊലിഞ്ഞത്. ബോട്ടപകടങ്ങളും ആളുകൾ മരിക്കുന്നതും പുതിയ വാർത്തയല്ലാതായിരിക്കുന്നു. എന്തെല്ലാം ദുരന്തങ്ങൾ നടന്നിട്ടും ഉല്ലാസ ബോട്ടുകളുടെ പ്രചാരം വർധിക്കുകയും കൂടുതൽ കൂടുതൽ ആളുകൾ തിക്കിക്കയറുകയുമാണ് ചെയ്യുന്നത്.

താനൂരിലെ അപകടത്തിൽ, ബോട്ട് യാത്രക്ക് ടിക്കറ്റെടുത്തിട്ടും തിരക്ക് കണ്ട് കയറാതിരുന്ന അഞ്ചുപേരാണ് യഥാർഥത്തിൽ ചിന്തിക്കുന്നവർ. അവരെപോലെ ശരിയായ തീരുമാനങ്ങൾ യഥാസമയം സ്വീകരിക്കാൻ സാധിക്കുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടത്. സുരക്ഷാ രീതികൾ നിർബന്ധമായും പാലിച്ചിരിക്കണം.

ലൈഫ് ജാക്കറ്റുകൾ എല്ലാ ബോട്ടുകളിലും കാണും. ഇവിടെയും ഉണ്ടായിരുന്നു. എന്നാൽ അത് കാഴ്ച വസ്തു മാത്രമായിരുന്നു. ബോട്ടിൽ കയറുന്ന കുഞ്ഞുകുട്ടികളടക്കം എല്ലാവർക്കും ലൈഫ് ജാക്കറ്റുകൾ നിർബന്ധമാണ്. അവ ധരിക്കേണ്ടതും അത്യാവശ്യമാണ്.

ഒരു നൂറ്റാണ്ടിനിടക്ക് സംസ്ഥാനത്തുണ്ടായ 20 ഓളം ജലദുരന്തങ്ങളിലായി ഇതുവരെ 240 പേരാണ് മരിച്ചത്. പരിധിയിൽ കൂടുതൽ ആളുകൾ കയറുന്നതാണ് സംസ്ഥാനത്തുണ്ടായ മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. പല്ലനയാറ്റിൽ കുമാരനാശാന്റെ ജീവനെടുത്ത ബോട്ടപകടം മുതൽ കേരളത്തെ നടുക്കിയ അപകടങ്ങളുടെ പട്ടികയിലാണ് താനൂരും ഇടം പിടിച്ചിരിക്കുന്നത്.

1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടത്തിൽ കുമാരനാശാൻ അടക്കം 24 പേരാണ് മരിച്ചത്. 95 പേര്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ 145 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അതിനു ശേഷം നിരവധി ബോട്ടപകടങ്ങൾ. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 16 അപകടങ്ങളുണ്ടായി. കടലിൽ പോയ മത്സ്യബന്ധനത്തൊഴിലാളികൾ ഉൾപ്പെടെ കായലിലും കടലിലും ബോട്ട് മറിഞ്ഞ് മരിച്ചതുൾപ്പെടെയാണിത്.

മലപ്പുറം തിരൂരിൽ ആറ് മാസം മുമ്പ് വള്ളം മുങ്ങി നാലു പേർ മരിച്ചിരുന്നു. മലപ്പുറത്തെ ചങ്ങരംകുളത്ത് 2017ൽ കായലിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു. 1987ൽ മമ്പുറത്തും 1958ലും 1940ലും 1924ലും പൊന്നാനിയിലും വള്ളം മറിഞ്ഞ് ജില്ലയിൽ 37 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്തെ നടുക്കിയ അപകടങ്ങളിൽ 45 പേർ മരിച്ച തേക്കടി അപകടമാണ് ഏറ്റവും വലുത്. 2009 സെപ്റ്റംബർ 30നാണ് ഇടുക്കിയിലെ തേക്കടിയിൽ ബോട്ടപകടം നടന്നത്. വൈകിട്ട് 4 മണിയോടെ തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ്‌ മറിഞ്ഞത്. 45 പേർ മരിച്ചു.

എറണാകുളം-ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ഉണ്ടായ ബോട്ടപകടത്തില്‍ 18 പേരാണ് മരിച്ചത്. അങ്കമാലി എളവൂർ സെന്‍റ് ആന്‍റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത് . ഈ സ്കൂളിലെ 15 വിദ്യാർഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തിൽ മരണമടഞ്ഞത്.

കോട്ടയത്തെ കുമരകത്ത് 2002ലുണ്ടായ ബോട്ടപകടത്തിൽ 29 പേർ മരിച്ചു. 2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്. കുമരകം ജെട്ടിയിൽ എത്തുന്നതിന്‌ ഒരു കിലോമീറ്റർ ബാക്കി നിൽക്കെയായിരുന്നു അപകടം. പി.എസ്‌.സി. പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും ബോട്ടിലുണ്ടായിരുന്നു.

ഒരു നൂറ്റാണ്ടിനിടെ, സംസ്ഥാനത്തെ നടുക്കിയ ബോട്ടപകടങ്ങൾ

 കേ​ര​ള​ത്തി​ൽ ഇ​ട​ക്കി​ടെ​യു​ണ്ടാ​കു​ന്ന ബോ​ട്ട്ദു​ര​ന്ത​ങ്ങ​ളുണ്ടാകുമ്പോഴും അ​ന്വേ​ഷ​ണ ക​മീ​ഷ​നു​ക​ളെ നി​യ​മി​ക്കു​ന്നതിനപ്പുറം ഒന്നും നടപ്പാക്കാറില്ലെന്നതാണ് പ​തി​വ്. ക​മീ​ഷ​ൻ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ങ്കി​ലും പ​ല​തും പ്ര​വ​ർ​ത്തി​ക​മാ​കാ​റി​ല്ല. ബോ​ട്ടു ദു​ര​ന്ത​വു​മാ​യി ബ​ന്ധ​​​പ്പെ​ട്ട് ഒ​രു ഡ​സ​നി​ല​ധി​കം അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ സ​ർ​ക്കാ​റി​ന് കി​ട്ടി​യി​ട്ടു​ണ്ട്. ​

പലപ്പോഴും അന്വേഷണക്കമ്മീഷനെ നിമയിക്കുന്നത് മാധ്യമങ്ങളുടെ വായടപ്പിക്കാൻ കൂടിയാണ്. കമീഷനെ നിയമിച്ചാൽ എല്ലാ പ്രശ്നങ്ങളും തീർന്നുവെന്ന തരത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. പല കമീഷനുകളും പേരിനു വേണ്ടി മാത്രം നിയമിക്കുന്നതുമാണ്.

തേ​ക്ക​ടി ബോട്ട് ദുരന്തത്തിൽ കെ.​ടി.​ഡി.​സി​യു​ടെ ബോ​ട്ടാണ് അപകടത്തിൽ പെട്ടത്. അന്വേഷണ കമീഷനിൽ കെ.ടി.ഡി.സി എം.ഡിയെയും ഉൾപ്പെടുത്തി. 2002ൽ ​കു​മ​ര​ക​ത്തു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ ഫി​റ്റ്ന​സോ ലൈ​സ​ൻ​സോ ഇ​ല്ലാ​ത്ത ബോ​ട്ട് സ​ർ​വി​സി​ന് ഉ​പ​യോ​ഗി​ച്ച ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​റോ ട്രാ​ഫി​ക് സൂ​പ്ര​ണ്ടോ ഇ​തൊ​ക്കെ പ​രി​ശോ​ധി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ബോ​ട്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രോ കേ​സി​ൽ പ്ര​തി​ക​ള​ല്ല. ഇ​വ​രെ​യൊ​ക്കെ പ്ര​തി​ചേ​ർ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പൊ​ലീ​സ് ത​യാ​റാ​യി​ല്ല.

കു​മ​ര​കം ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജ​സ്റ്റി​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യ കാ​ര​ണം ബോ​ട്ട് മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു. നി​ല​വി​ലെ ജ​ല​യാ​ന നി​യ​മ​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​യി​രു​ന്നു ബോട്ടപകടങ്ങളെ കുറിച്ചുള്ള കമീഷനുകളുടെ കണ്ടെത്തൽ.

Tags:    
News Summary - 20 boat accidents in a century, 240 deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.