നരബലിയുടെ നിഗൂഢ വഴികൾ; എന്തുകൊണ്ട്, എന്തിന്

എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി നരബലിയുടെ പേരിൽ കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് നരബലിയിൽ കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പത്തനംതിട്ട തിരുവല്ലയിൽ താമസിക്കുന്ന ഭഗവന്ത്-ലൈല ദമ്പതിമാർക്കുവേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

തമിഴ്നാട് സ്വദേശിയും പൊന്നുരുന്നിയിൽ താമസിക്കുകയും ലോട്ടറി കച്ചവടക്കാരി പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. കടവന്ത്രയിൽ ലോട്ടറി കച്ചവടക്കാരിയാണ് പത്മം. കാണാതായതിനെ തുടർന്ന് ഇവരുടെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഏജന്റ് സമ്മതിച്ചിരുന്നു. സമാനരീതിയിലാണ് കാലടി സ്വദേശിയായ റോസ്‍ലിനെയും കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഏജന്റും ദമ്പതികളും പൊലീസ് പിടിയിലായിട്ടുണ്ട്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമിക വിവരം. ഭഗവന്ത്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. സ്ത്രീകളെ കൊച്ചിയില്‍നിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് വിവരങ്ങള്‍. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തിയിട്ടുണ്ട്.

മനുഷ്യന്‍ പുരോഗതിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും ലോകത്തിന്റെ -ഇന്ത്യയുടെയും പല ഭാഗത്തും നരബലികള്‍ ഇപ്പോഴും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നിഷ്ഠൂരമായ ഈ അന്ധവിശ്വാസത്തെ കുറിച്ചുള്ളതാണ് ഈ കുറിപ്പ്.

ആന്ധ്രയിലെ ഒരു അമ്പലത്തില്‍ മൂന്ന് പേരെ ബലികൊടുത്ത നിലയില്‍ കണ്ടെത്തിയത് അടുത്തിടെയായിരുന്നു. അനന്തപുര്‍ ജില്ലയിലെ അമ്പലത്തില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുകളുടെ ചോര പ്രതിഷ്ഠയിൽ തെറിപ്പിച്ചിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിധി തേടി നടക്കുന്നവര്‍ ബലി കൊടുത്ത് അമ്പലവാസികളായ പാവങ്ങളെയാണ്. അസമില്‍ മൂന്ന് വയസുകാരിയെ ബലികൊടുക്കുന്നതില്‍ നിന്ന് രക്ഷിച്ചത് പൊലീസ് ആണ്.

ഉൾവനത്തിൽ ഉത്സവത്തിൽ പ​ങ്കെടുക്കാൻ പോയ രണ്ട് യുവാക്കൾ നരബലിക്ക് ഇരയായ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മനുഷ്യൻ മനുഷ്യനെ തന്നെ ദൈവപ്രീതിക്കായി കൊലപ്പെടുത്തുന്ന ഈ പ്രക്രിയ പണ്ടുതൊട്ടേ നിലനിന്നിരുന്നു. ചൈന, ജപ്പാന്‍, ഗ്രീസ്, ഇന്ത്യ, ടാന്‍സാനിയ ലോകമെമ്പാടും ഉള്ള എല്ലാ സംസ്‌കാരത്തിനും പറയാനുണ്ട് മനുഷ്യകുരുതിയുടെ കഥ. ഒന്നെങ്കില്‍ ഇഷ്ട ദൈവത്തെ പ്രീതിപ്പെടുത്താന്‍, പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍, നല്ല കൃഷിലാഭം ഉണ്ടാകാന്‍, യുദ്ധം ജയിക്കാന്‍, മാനം രക്ഷിക്കാന്‍, നാട് ഭരിക്കുന്നവരുടെ ആരോഗ്യം നന്നാവാന്‍, കുട്ടികൾ ഉണ്ടാകാൻ, കാരണങ്ങള്‍ പലതാണ്.

കൊറിയയിലെ ജിയോങ്ജുവില്‍ മൂണ്‍ കാസിലിന്റെ മതിലുകള്‍ക്ക് താഴെ 1,500 വര്‍ഷം പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കോട്ട നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കോട്ടയുടെ നിര്‍മ്മാണത്തിന് മുമ്പ് ബലിയര്‍പ്പിക്കപ്പെട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പുരാതന ഈജിപ്തിലും ചൈനയിലും, മരണാനന്തര ജീവിതത്തില്‍ രാജാവിനെ സേവിക്കുന്നതിനായി അടിമകളെ അവരുടെ ശരീരത്തോടൊപ്പം ജീവനോടെ അടക്കം ചെയ്തിരുന്നു. പാലങ്ങൾക്ക് ഉറപ്പുകിട്ടാൻ വരെ നരബലി നടന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ന്യൂസിലാന്റിലെ ഓക്ക്‌ലാന്‍ഡ് സര്‍വകലാശാല സൈക്കോളജിസ്റ്റ് വിദ്യാര്‍ത്ഥിയായ ജോസഫ് വാട്സും സംഘവും കൊണ്ട് വന്ന ഒരു സിദ്ധാന്തം ആണ് ''സാമൂഹ്യ നിയന്ത്രണ സിദ്ധാന്തം''. അധികാരത്തെ ശക്തിപ്പെടുത്തുന്നതിന് ഭരണവര്‍ഗങ്ങള്‍ ആചാരപരമായ കൊലപാതകങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്.

Tags:    
News Summary - Mysterious Ways of Human Sacrifice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.