പെൺകുട്ടികളുടെ മരണത്തിന്‍റെ ദുർഗന്ധമുള്ള ഒരു റോഡിന്‍റെ ഞെട്ടിക്കുന്ന കഥ

മനുഷ്യർ ഇത്രമേൽ പ​ുരോഗതിയിലും പുരോഗമനത്തിലും എത്തിയിട്ടും ഇന്നും പെണ്ണുങ്ങൾ ഒറ്റക്കിറങ്ങിയാൽ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഒരു ദേശീയപാതയുടെ കഥയാണിത്​. കേൾക്കു​േമ്പാൾ വിചിത്രം എന്ന്​ തോന്നുമെങ്കിലും മരണപ്പെട്ടവരുടെ നിലവിളികളും ചിത്രങ്ങളും അത്​ വിശ്വസിക്കാൻ നമ്മളെ നിർബന്ധിക്കും. ആറ് ഭാഗങ്ങളുള്ള ഒരു പരമ്പരയിൽ 'അൽ ജസീറ' ചാനലാണ്​ ഈ ഞെട്ടിക്കുന്ന യാഥാർഥ്യം പുറത്തെത്തിച്ചത്​. കാനഡ ബ്രിട്ടീഷ് കൊളംബിയയിലെ കുപ്രസിദ്ധമായ ഒരു ഹൈവേയിലാണ്​ സംഭവം. പെണ്ണുങ്ങളുടെ നിലവിളിയും കണ്ണീരും കൊണ്ട്​ കുതിർന്നിരിക്കുകയാണ്​ ഇൗ പാത. ഈ ഹൈവേയിൽ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്ത ചില തദ്ദേശീയരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കഥകൾ പറയുകയാണ്​ 'അൽ ജസീറ'.


1971ൽ ജീൻ വിർജീനിയ സാമ്പാരെ എന്നൊരു പെൺകുട്ടി അവിടെ ജീവിച്ചിരുന്നു. അവളുടെ കുടുംബം അവളെ അരുമയോടെ വിളിച്ചിരുന്നത്​ ജിന്നി എന്നായിരുന്നു. ഒരു സാധാരണ 18 വയസ്സുകാരി. ആറ് സഹോദരങ്ങളിൽ രണ്ടാമത്തവൾ. ഹൈവേ 16ന് സമാന്തരമായി ഒഴുകുന്ന കിറ്റ്‌സെഗുക്ല, സ്‌കീന നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗിറ്റ്‌സാൻ റിസർവ് വനത്തിന്​ സമീപം ഗിറ്റ്‌സെഗുക്ലയിലാണ് ജിന്നിയും കുടുംബവും താമസിച്ചിരുന്നത്​.

1971 ഒക്ടോബർ 14ന് വൈകുന്നേരം, ഗിറ്റ്‌സെഗുക്ലയ്ക്ക് പുറത്തുള്ള ഹൈവേ 16ലെ ഒരു പാലത്തിന് സമീപം ജീൻ അവളുടെ കസിൻ ആൽവിനുമായി ചുറ്റിക്കറങ്ങുകയായിരുന്നു. അതൊരു തണുത്ത ശരത്കാല സായാഹ്നമായിരുന്നു. അതിനാൽ ആൽവിൻ സൈക്കിളിൽ വെച്ചിരുന്ന തന്‍റെ ജാക്കറ്റ് എടുക്കുന്നതിനായി കുറച്ച് അകലെയുള്ള വീട്ടിലേക്ക് തിരിച്ചു. അവൻ ജീനിനോട് പറഞ്ഞു,

ഞാൻ ഉടനെ വരാം. ജാക്കറ്റുമായി അവൻ തിരിടെ എത്തിയെങ്കിലും ജിന്നിയെ അവിടെയെങ്ങും കണ്ടില്ല. അവൻ അവിടെയൊക്കെ തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല. 50 വർഷത്തിലേറെയായി അവളെ ആരും കണ്ടിട്ടില്ല. അവളുടെ സഹോദരി വിന്നി സാമ്പാരെ 2009ൽ 'വാൻകൂവർ സണ്ണിന്​' നൽകിയ അഭിമുഖത്തിൽ വിവരം പങ്കുവെച്ചപ്പോൾ ആണ്​ ഇത്​ ലോകം അറിയുന്നത്​. "അവൾ എങ്ങനെ അപ്രത്യക്ഷയായി എന്നത് വളരെ വിചിത്രമായിരുന്നു. എല്ലാവരും നോക്കി, ഒന്നും കണ്ടെത്തിയില്ല''-വിന്നി പറഞ്ഞു.


ഹൈവേ 16ലോ സമീപത്തോ അപ്രത്യക്ഷമാകുകയോ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയോ ചെയ്ത ഡസൻ കണക്കിന് സ്ത്രീകളിലും പെൺകുട്ടികളിലും ഒരാളാണ് ജീൻ. അവളെ കാണാതായ കേസ് ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ല. 18 പെൺകുട്ടികളുടെയും കാണാതായ സ്ത്രീകളുടെയും കേസുകൾ പരിഹരിക്കുന്നതിനുള്ള ചുമതലയുള്ള ആർ.‌സി.‌എം‌.പിയുടെ അന്വേഷണ വിഭാഗമായ ടിയർ പ്രോജക്റ്റ് ഇ-പാനയിലെ ഹൈവേയിൽ കാണാതായ അല്ലെങ്കിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ പട്ടികയിൽ അവളെ ഉൾപ്പെടുത്തിയിട്ടില്ല.

1950കളുടെ അവസാനം മുതൽ 'കണ്ണീരിന്‍റെ ഹൈവേ'യിൽ കൊല്ലപ്പെട്ട നിലയിൽ നിരവധി പെൺകുട്ടികളെ കണ്ടെത്തി. പരിഹരിക്കപ്പെടാത്ത ഒരു കേസ് ഔദ്യോഗിക ഇ-പാന ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും അവശേഷിപ്പിച്ചാണ്​ ജിന്നി മറഞ്ഞത്​. അവൾ സ്ത്രീയാണ്, ഹൈവേയുടെ ഒരു മൈലിനുള്ളിൽ അവൾ അവസാനമായി കാണപ്പെട്ടു.എന്നിട്ടും ജീനിന്‍റെ കേസിൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ജീനിന്‍റെ കഥയും അതുപോലുള്ള മറ്റു പല കഥയിലും കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്ത തദ്ദേശീയരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിഷയം ജനശ്രദ്ധയിൽ എത്തിക്കുന്നതിൽ സിണ്ടി മാർട്ടിൻ എന്ന ഒരു അഭിഭാഷക വിജയിച്ചു. വർഷങ്ങളോളം അവർ വാൻകൂവറിൽ ഈ വിഷയത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നിരവധി പരിപാടികളിൽ പങ്കെടുത്തു. അവരുടെ കേസുകളിൽ അഭിഭാഷകയായും പ്രവർത്തിച്ചു.


കണ്ണീരിന്‍റെ പാതയിൽ തദ്ദേശീയരായ, ആദിവാസികളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുണ്ടായ അക്രമങ്ങൾ ഉൾപ്പെടെ, കൊളോണിയലിസത്തിന്‍റെ നിരവധി അനന്തരഫലങ്ങളിൽ നിന്ന് കരകയറാൻ തദ്ദേശീയ കുടുംബങ്ങളെ സഹായിക്കുന്നതിന് ഒരു കൗൺസിലിംഗ് സെന്‍റർ തുറക്കാൻ അവർ ആഗ്രഹിച്ചു. വിധി മറിച്ചായിരുന്നു. പിന്നീട്​ സിണ്ടിയെയും ആരും കണ്ടിട്ടില്ല.

2018 ഡിസംബറിൽ - ക്രിസ്തുമസിന് രണ്ട് ദിവസം മുമ്പ് 50 കാരിയായ സിണ്ടി തന്‍റെ കാമുകനുമായി ബന്ധം വേർപെടുത്തിയതിന് ശേഷം താമസിച്ചിരുന്ന ന്യൂ ഹാസൽട്ടണിലെ അമ്മയുടെ വീട് വിട്ടു പുത്തുപോയതാണ്​. പിന്നീട്​ അവ​െള ആരും കണ്ടിട്ടില്ല. "സിനിക്ക് ക്രിസ്മസ് കാലം വളരെ ഇഷ്ടമായിരുന്നു" -അവരുടെ സഹോദരി 58 വയസ്സുള്ള സാമൂഹിക പ്രവർത്തക ഷെറിഡൻ മാർട്ടിൻ ഓർക്കുന്നു. സിണ്ടിയെക്കുറിച്ച് സംസാരിക്കാൻ അവർ താൽപര്യം കാണിച്ചു. സിണ്ടി കുടുംബത്തിലെ കുഞ്ഞായിരുന്നു. അവളുടെ തിരോധാനം അനേകം ഹൃദയങ്ങൾ തകർത്തു. കരഞ്ഞുകൊണ്ട്​ അവർ കൂട്ടിച്ചേർത്തു.

ന്യൂ ഹാസൽട്ടൺ ജില്ല സ്ഥിതി ചെയ്യുന്നത് 'ഹൈവേ ഓഫ് ടിയേഴ്സി'ലാണ്. സ്‌കീന നദിയുടെയും ബൾക്ക്‌ലി നദിയുടെയും ജംഗ്ഷനിൽ, സ്മിതേഴ്‌സ്, ടെറസ് പട്ടണങ്ങൾക്കിടയിലാണ് പ്രദേശം. 800ൽ താഴെ ആളുകൾ മാത്രമേ അവിടെ താമസിക്കുന്നുള്ളൂ. റോച്ചർ ഡി ബൗൾ പർവതനിരയുടെ 3,000 അടി താഴ്‌വരയിലാണ് ഇത്. നദിയിൽ കൊത്തിയെടുത്ത ടെറസുകളിൽ കാണപ്പെടുന്ന തവിട്ടുനിറത്തിലുള്ള കുറ്റിച്ചെടികളിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.

വാൻകൂവറിന്‍റെ പ്രാന്തപ്രദേശമായ ന്യൂ വെസ്റ്റ്മിൻസ്റ്റർ നഗരത്തിലാണ് സിണ്ടി ജനിച്ചതെങ്കിലും അവളുടെ വേരുകൾ ഹാസൽട്ടണിലെ അവളുടെ കുടുംബവുമായുള്ള ബന്ധം ശക്തമായിരുന്നു. "യുവാക്കൾക്കൊപ്പം പ്രവർത്തിക്കാനും ആളുകളെ സഹായിക്കാനും അവൾ ഇഷ്ടപ്പെട്ടു. അവൾ എപ്പോഴും ജീവിതത്തിന്‍റെ പോസിറ്റീവ് വശത്തേക്ക് നോക്കിയിരുന്നു. അവളുടെ മോശം സംസാരം ഞാൻ കേട്ടി​േട്ടയില്ല'' -ഷെറിഡൻ പറയുന്നു. കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ മാത്രം ഈ പ്രദേശത്തുനിന്നും 50ലധികം പെൺകുട്ടികളെയും സ്​ത്രീകളെയും കാണാതായിട്ടുണ്ട്​. ഔദ്യോഗിക രേഖകൾക്ക്​ പുറത്ത്​ ഇതിലും ഇരട്ടിയുണ്ടാകും എന്ന്​ അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Hunted How Indigenous women are disappearing in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.