ഫയൽ ചിത്രം

നിർഭയക്കു ശേഷം ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മാറ്റം വന്നിട്ടുണ്ടോ?

2012 ഡിസംബർ 16... ഇന്ത്യ മറക്കാത്ത ദിനമായിരിക്കും. അന്നാണ് നിർഭയ എന്ന 23 കാരി ഫിസിയോ തെറാപ്പി വിദ്യാർഥി രാജ്യ തലസ്ഥാനത്ത് അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. അതിനുശേഷം ബലാത്സംഗക്കുറ്റങ്ങൾ റിപ്പോർട്ട് ​ചെയ്യുന്നതിൽ എന്തു മാറ്റമാണ് ഉണ്ടായിട്ടുള്ളത്? ക്രിമിനൽ നിയമ വ്യവസ്ഥ എങ്ങനെയാണ് ഇത്തരം കേസുകൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്? നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയിലെ വിവരങ്ങളുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ അവലോകനം.

ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിട്ടുണ്ടോ?

2013ൽ ബലാത്സംഗക്കേസുകളിൽ വലിയ വർധനവാണ് കാണിക്കുന്നത്. 2012ലെ വൻ പ്രതിഷേധങ്ങൾക്ക് പിറകെ ആളുകൾ കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്യാൻ തയാറായതു​​കൊണ്ടാണ് കേസുകളുടെ വർധനവുണ്ടായത്. 2016 വരെ ഈ നില തുടർന്നിട്ടുണ്ട്. 2016ൽ കേസുകളുടെ എണ്ണം ഏറ്റവും കൂടിയ നിലയിലെത്തി 39,000 കേസുകൾ വരെ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ചെറുതായി കേസുകളുടെ എണ്ണം കുറഞ്ഞു വന്നു. 2021ൽ കേസുകൾ 31,000 ത്തിൽ എത്തി. 2020ലെ മഹാമാരിക്കാലത്ത് കേസുകൾ റിപ്പോർട്ട് ​ചെയ്യുന്നത് കുറഞ്ഞിരുന്നു. അതൊഴിവാക്കിയാൽ 2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണ് 2021ലെത്.

രജിസ്റ്റർ ചെയ്ത കേസുകൾ കുറവാണെന്നതിനർഥം ബലാത്സംഗം കുറയുന്നുവെന്നല്ല, സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടാകുന്നുവെന്ന് മാത്രമാണ്.

ഡൽഹിയിലും ഇതേ ട്രെൻഡാണ് കാണിച്ചത്. 2011ൽ 572 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ 2013ൽ രണ്ട് മടങ്ങ് കേസുകൾ (1636) ഡൽഹിയിൽ റി​പ്പോർട്ട് ചെയ്തു. 2015 ൽ കേസുകളുടെ എണ്ണം ഏറ്റവും കൂടിയ 2199 എന്ന നിലയിലെത്തി. ശേഷം വർഷങ്ങളിൽ എണ്ണം കുറഞ്ഞ് 2021ൽ 1250 ലെത്തി.

ബലാത്സംഗക്കേസുകളിൽ പൊലീസ് എത്ര കാര്യക്ഷമമായി ഇടപെടുന്നു?

ബലാത്സംഗ കുറ്റകൃത്യങ്ങൾക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ക്രൈം ഇൻ ഇന്ത്യ നൽകുന്നുണ്ട്. ഇത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ പൊലീസിന്റെ കാര്യക്ഷമതയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നു.

രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരു ഭാഗം മാത്രമേ അന്വേഷണം പൂർത്തിയാക്കിയിട്ടുള്ളു. അതിലും ഒരുഭാഗം കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാതലത്തിൽ ഇത് 2013ൽ 95.4 ശതമാനം, 2011ൽ 93.8 ശതമാനം, 2016ൽ 96 ശതമാനം എന്നിങ്ങനെയായിരുന്നു. അതിന് ശേഷം കുറ്റപത്രം സമർപ്പിക്കുന്നതിൽ വൻ ഇടിവാണ് നേരിട്ടത്. 2021ൽ 80.4ശതമാനം കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. എട്ടു വർഷം മുമ്പുള്ളതിനേക്കാൾ 15 ശതമാനം താഴ്ന്ന നിലയിലായിരുന്നു ഇത്.

2021ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 29.3ശതമാനത്തിലും അന്വേഷണം നിലച്ച അവസ്ഥയിലാണ്.

നീതിലഭ്യമാക്കുന്നതിൽ കോടതിയുടെ പങ്ക്

പൊലീസ് കേസുകൾ കാര്യക്ഷമമായി അന്വേഷിച്ച് കോടതിക്ക് മുന്നിലെത്തിച്ചാലും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നില്ല. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ബലാത്സംഗക്കേസുകളിൽ പ്രതികൾ ശിക്ഷക്കപ്പെടുന്നത് കുറവാണ്. നാമമാത്രമായ വർധനവ് മാത്രമാണ് ശിക്ഷയിൽ ഉണ്ടായിട്ടുള്ളത്. 2011 ൽ 26.4 ശതമാനം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ 2013ൽ അത് 27.1 ശതമാനം മാത്രമാണ്. 2021ൽ 28.6 ശതമാനം കേസുകളിൽ മാത്രമേ ശിക്ഷ നടപ്പായിട്ടുള്ളു.

2011ൽ 83.6 ബലാത്സംഗക്കേസുകൾ കോടതിക്കുമുന്നിൽ കെട്ടിക്കിടക്കുകയായിരുന്നു. 2021ൽ എത്തിയപ്പോൾ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 93. 5 ശതമാനമായി ഉയർന്നിട്ടുണ്ട്.

Tags:    
News Summary - How courts, cops dealt with rapes since 2012

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.