'400 മസ്ജിദുകളും മ​ദ്രസകളും വൈദ്യുതി മോഷ്ടിച്ചു'; യു.പിയിലെ പ്രചാരണത്തിന്റെ വസ്തുതയെന്ത്

വൈദ്യുതി മോഷ്ടിച്ചതിന് 400 മസ്ജിദുകൾക്കും മ​ദ്രസകൾക്കും യു.പി ബോർഡ് നോട്ടീസ് അയച്ചതായി മാധ്യമങ്ങളിൽ വ്യാജവാർത്തകൾ. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ തന്നെയാണ് വാർത്തക്ക് പിന്നിൽ. ഇത് പിന്നീട് തീവ്ര ഹിന്ദുത്വ സംഘ്പരിവാർ സംഘടനകൾ ഏറ്റെടുക്കുകയും ചെയ്തു. ഉത്തർ പ്രദേശിൽ 400 മസ്ജിദുകളും അതിനോട് അനുബന്ധിച്ചുള്ള മ​ദ്രസകളും വ്യാപകമായി വൈദ്യുതി മോഷ്ടിക്കുന്നു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.

ഉത്തർപ്രദേശിലെ രാംപൂരിൽ 400 മസ്ജിദുകളും മദ്രസകളും മോഷ്ടിച്ച വൈദ്യുതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ പ്രകാരം പള്ളികളും മദ്രസകളും നടത്തുന്നവർക്ക് ഒരാഴ്ചക്കകം വൈദ്യുതി കണക്ഷൻ എടുക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. അവ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, പരിശോധനാ കാമ്പയിന് ശേഷം നടപടിയെടുക്കും എന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം.

സെപ്തംബർ 25ന് ലൈവ് ഹിന്ദുസ്ഥാൻ 400ലധികം പള്ളികളും മദ്രസകളും മോഷ്ടിച്ച വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ചെയ്തു. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഭീഷ്മ സിംഗ് തോമറിന്റെ പ്രസ്താവനയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "നഗരത്തിലെ 400 പള്ളികൾക്കും മദ്രസകൾക്കും വൈദ്യുതി കണക്ഷനില്ല. ഈ സ്ഥാപനങ്ങളുടെ പട്ടിക പൊലീസിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം വൈദ്യുതി കണക്ഷൻ എടുക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥനയുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതി മോഷണം ചുമത്തി കുറ്റം ചുമത്തുകയും ചെയ്യും'' -തോമർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലൈവ് ഹിന്ദുസ്താൻ, നവഭാരത് ടൈംസ്, ആർ.എസ്.എസ് അനുകൂല മാധ്യമമായ പാഞ്ചജന്യ തുടങ്ങിയ തീവ്ര വലതുപക്ഷ മാധ്യമങ്ങൾ ഇത് വാർത്തയാക്കി. വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'. യു.പി വൈദ്യുതി വിതരണ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഭീഷ്മ സിംഗ് തോമർ നടത്തിയ അവാസ്ഥവ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വസ്തുത കൃത്യമായി അന്വേഷിച്ച് 'ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രവും വാർത്ത നൽകിയിട്ടുണ്ട്. 59 അമ്പലങ്ങൾക്കും 115 മസ്ജിദുകൾക്കും പുതുതായി വൈദ്യുതി കണക്ഷൻ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി വകുപ്പ് നോട്ടീസ് അയച്ചു എന്ന വാർത്തയാണ് 400 മസ്ജിദുകൾക്കും മദ്രസകൾക്കും നോട്ടീസ് അയച്ചു എന്ന പേരിൽ ഉന്നത ഉദ്യോഗസ്ഥൻ തന്നെ പ്രചരിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആൾട്ട് ന്യൂസ് രാംപൂർ പി.വി.വി.എൻ.എൽ (പശ്ചിം വിദ്യുത് വിത്രൻ നിഗം ലിമിറ്റഡ്) സോണൽ സെക്രട്ടറി വിശാൽ മാലിക്കിനെ സമീപിച്ചു. വൈദ്യുതി കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളും ഒരാഴ്ചക്കകം വൈദ്യുതി കണക്ഷൻ എടുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ക്ഷേത്രങ്ങളും മസ്ജിദുകളും ഉൾപ്പെടുന്നു. വൈദ്യുതി കണക്ഷനുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം വകുപ്പ് മസ്ജിദുകൾക്ക് മാത്രമായി നൽകിയിട്ടില്ല. പ്രാദേശിക പത്രപ്രവർത്തകർ അടങ്ങുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഭീഷ്മ സിംഗ് തോമർ ഇത് സംബന്ധിച്ച ഒരു ഉപദേശം പങ്കിട്ടതായും മാലിക് ആൾട്ട് ന്യൂസിനെ അറിയിച്ചു. ഇതോടൊപ്പം, 59 ക്ഷേത്രങ്ങളുടെയും 115 മസ്ജിദുകളുടെയും വിശദാംശങ്ങളടങ്ങിയ പട്ടികയും അവയുടെ സ്ഥാനവും നടത്തിപ്പുകാരും അദ്ദേഹം പങ്കുവെച്ചു. ഈ ലിസ്റ്റാണ് പിന്നീട് ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ചത്.

'ലൈവ് ഹിന്ദുസ്ഥാൻ' റിപ്പോർട്ട് അനുസരിച്ച്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഭീഷ്മ സിംഗ് തോമർ പൊലീസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു എന്നു കാണാം. ഇതിന്റെ അടിസ്ഥാനത്തിൽ 400 മസ്ജിദുകൾ വൈദ്യുതി കണക്ഷനില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ 'ആൾട്ട് ന്യൂസ്' തോമറുമായി ബന്ധപ്പെട്ടു. ക്ഷേത്രങ്ങൾക്കും മുസ്ലീം പള്ളികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഏതെങ്കിലും ഒരു മതവിഭാഗത്തിന് മാ​ത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി കണക്ഷനില്ലാതെ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ ആരാധനാലയങ്ങൾക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

400 മസ്ജിദുകളും മദ്രസകളും കണക്ഷനില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം ഉന്നയിച്ചതിന്റെ ലിസ്റ്റിനെക്കുറിച്ച് ആൾട്ട് ന്യൂസ് ഭീഷ്മ സിംഗ് തോമറിനോട് ചോദിച്ചപ്പോൾ, മാധ്യമപ്രവർത്തകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച ഒരസ്‍പൊലീസ് സ്റ്റേഷൻ ലിസ്റ്റ് മാത്രമേയുള്ളൂവെന്ന് അദ്ദേഹം മറുപടി നൽകി. ഇതിൽ 59 ക്ഷേത്രങ്ങളും 115 മുസ്ലീം പള്ളികളും ഉൾപ്പെടുന്നു. ആകെ നാല് പൊലീസ് സ്‌റ്റേഷനുകൾ എടുക്കുമ്പോൾ 400ലധികം മസ്ജിദുകളിലും മദ്രസകളിലും മോഷ്‌ടിക്കപ്പെട്ട വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം കണക്കാക്കി. ക്ഷേത്രത്തിന്റെയും മസ്ജിദുകളുടെയും നടത്തിപ്പുകാർക്ക് എന്തെങ്കിലും നോട്ടീസ് നൽകിയിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ആർക്കും നോട്ടീസ് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മൊത്തത്തിൽ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഭീഷ്മ സിംഗ് തോമർ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാർത്ത നൽകുകയും മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തു. അപൂർണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശിലെ രാംപൂരിലെ മസ്ജിദുകളും മദ്രസകളും വൈദ്യുതി കണക്ഷനില്ലാതെ മോഷ്ടിച്ച വൈദ്യുതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇതിലൂടെ മാധ്യമങ്ങൾ അവകാശപ്പെട്ടു. 

Tags:    
News Summary - Did UP electricity dept issue notice only to mosqes & madrasas for stealing power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.