ഭാരത് ജോഡോ യാത്ര, ചർച്ചകളും വിവാദങ്ങളും ഒറ്റനോട്ടത്തിൽ

ശ്രീനഗർ: 145 ദിവസം, 3500 കി​ലോമീറ്റർ, കന്യാകുമാരി മുതൽ കശ്മീർ വരെ 2022 സെപ്തംബർ ഏഴിന് തുടങ്ങിയ യാത്ര. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് ജനുവരി 30ന് സമാപനമാവുകയാണ്. ഇന്ത്യയെ അറിയാനും സ്നേഹത്താൽ കൂട്ടിച്ചേർക്കാനുമായി നടത്തിയ ഈ കാൽനടയാത്രക്ക് തിരശ്ശീല വീഴുമ്പോൾ, ഇതുവരെ നിരവധി വിവാദങ്ങളും രാഷ്ട്രീയ ചർച്ചകളും ഉടലെടുത്തിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ബർബെറി ടീ-ഷർട്ടും താടിയും വി.ഡി സവർക്കറും ഉത്തരേന്ത്യയിലെ തണുത്ത ശൈത്യകാലവും കത്വ ബലാത്സംഗവും കോവിഡും ഉൾപ്പെടെയുള്ളവയാണ് ചർച്ചയിൽ വന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വാക്കേറ്റം, കോൺഗ്രസിനുള്ളിലെ തന്നെ ചേരിപ്പോര് എന്നിവയെല്ലാം യാത്രക്കിടെ ചർച്ചയായി. 

യാത്രയുടെ ആദ്യഘട്ടത്തിൽ തമിഴ്നാട്ടിലെത്തിയപ്പോൾ 41,000 രൂപ വിലമതിക്കുന്ന ബർബെറി ടീ ഷർട്ടാണ് രാഹുൽ ധരിക്കുന്നതെന്ന ബി.ജെ.പി ആരോപണമാണ് പരസ്പരമുള്ള വാക്കേറ്റങ്ങളുടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 ലക്ഷം രൂപയുടെ സ്യൂട്ടും 1.5 ലക്ഷം രൂപയുടെ കണ്ണടയും ഓർമിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് തിരിച്ചടിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു.

യാത്രയുടെ ആദ്യ ദിവസങ്ങളിൽ തീപിടിച്ച കാക്കി ട്രൗസറിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രസിദ്ധീകരിച്ചത് ആർ.എസ്.എസിനെ ചൊടിപ്പിക്കുകയും കോൺഗ്രസ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു.

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വിവാദ നായകനായ ക്രിസ്ത്യൻ പുരോഹിതൻ ജോർജ് പൊന്നയ്യയുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയും വിവാദമായി. കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്ന് തമിഴ്‌നാട്ടിൽ ബി.ജെ.പി ആരോപിച്ചു.


കൊച്ചിയിൽ യാത്രയുടെ പ്രചാരണാർഥം തയാറാക്കിയ പോസ്റ്ററിൽ വി.ഡി. സവർക്കറിന്റെ ഫോട്ടോ ഉൾപ്പെട്ടത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. എറണാകുളം കോൺഗ്രസ് കമ്മറ്റി ഉത്തരവാദിയായ പ്രവർത്തകനെ ഉടൻ സസ്‌പെൻഡ് ചെയ്തുകൊണ്ട് വിവാദത്തീയണക്കാൻ ശ്രമിച്ചു.

രാഹുൽ ഗാന്ധിയുടെ നീണ്ടുവളർന്ന താടിയാണ് പിന്നീട് വാർത്തകളിൽ ഇടം പിടിച്ചത്. അമേരിക്ക തൂക്കിലേറ്റിയ മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പരാമർശിച്ചതാണ് വിവാദമായത്. കോൺഗ്രസ് അതിനെ രൂക്ഷമായി വിമർശിച്ചു.


കോൺഗ്രസിലും സഖ്യകക്ഷികളിലും ഭിന്നത ഉയർന്നുവന്ന സമയങ്ങളുമുണ്ട്. വി.ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തതാണെന്ന രാഹുലിന്റെ പരാമർശം മഹാരാഷ്ട്ര കോൺഗ്രസും സഖ്യകക്ഷിയായ ശിവസേനയും തമ്മിൽ ഉരസലുകൾക്കിടയാക്കി.

മധ്യപ്രദേശും രാജസ്ഥാനും സന്ദർശിച്ച യാത്ര തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കയറാത്തത് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു.

യാത്ര രാജസ്ഥാനിൽ പ്രവേശിച്ചതോടെ വീണ്ടും കോവിഡിന്റെ ഭീതി പടർന്നു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ മാർച്ച് താൽക്കാലികമായി നിർത്തിവെക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും ഗെഹ്ലോട്ടിനും കത്തയച്ചു.

എന്നാൽ ഭാരത് ജോഡോ യാത്ര ബി.ജെ.പിയെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്നും അതിനാൽ യാത്ര തടയാൻ ബി.ജെ.പി കോവിഡിനെ കൂട്ടുപിടിക്കുകയാണെന്നും രാഹുൽ തിരിച്ചടിച്ചു.


മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ മാർച്ചിൽ പങ്കെടുത്തപ്പോഴും പിന്നീട് മുൻ സൈനിക മേധാവി ജനറൽ ദീപക് കപൂർ ഹരിയാനയിൽ നിന്ന് പങ്കെടുത്തപ്പോഴും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ തർക്കമുണ്ടായി.

ഡിസംബർ അവസാനം ഭാരത് ജോഡോ യാത്രക്ക് 10 ദിവസത്തെ താത്കാലിക അവധി പ്രഖ്യാപിച്ചതിനെ

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു. രാഹുൽ ഗാന്ധി അവധിക്ക് പോകുകയാണെന്നും അതിനാലാണ് യാത്രക്ക് നീണ്ട ഇടവേളയെന്നും ജോഷി ആരോപിച്ചതോടെ ഇരു പാർട്ടികളും തമ്മിൽ വീണ്ടും തർക്കമായി.

രാഹുൽ അവധി ആഘോഷിക്കാൻ പോകുകയാണെന്ന പരാമർശത്തിൽ ജോഷി മാപ്പ് പറയണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഡിസംബറിലെ ഇടവേളയിൽ രാഹുൽ ഡൽഹിയിൽ തന്നെ വിശ്രമിച്ചു.


ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും സ്വെറ്ററില്ലാതെ വെളുത്ത ടീ-ഷർട്ട് മാത്രം ധരിച്ച രാഹുലിന്റെ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. മധ്യപ്രദേശിലെ കൊടുംതണുപ്പിൽ കീറിയ വസ്ത്രങ്ങൾ മാത്രം ധരിച്ച മൂന്ന് പെൺകുട്ടികളെ കണ്ടുവെന്നും അതിനു ശേഷമാണ് ടീ-ഷർട്ട് മാത്രം ധരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തണുത്ത് വിറക്കുന്നത് വരെ സ്വെറ്റർ ധരിക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് ‘തപസ്യ’യിൽ വിശ്വസിക്കുന്നുവെന്നും എന്നാൽ ബി.ജെ.പി ‘പൂജ’യുടെ സംഘടനയാണെന്നും രാഹുൽ പറഞ്ഞത് ഈ മാസം ആദ്യം വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യ ‘തപസ്വി’കളുടെ (സന്യാസിമാരുടെ) രാജ്യമാണ്, അല്ലാതെ ‘പൂജാരി’കളുടെതല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രത്തിലാ​ണെന്നും തപസ്യയെ ബഹുമാനിക്കണം, എന്നാൽ എന്തിനാണ് പൂജാരിമാരെ ഇകഴ്ത്തുന്നതെന്നും ബി.ജെ.പി വക്താവ് ചോദിച്ചു.


2018ലെ കത്വ ബലാത്സംഗക്കേസിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തവരെ ന്യായീകരിച്ച ദോങ്ഗ്ര സ്വാഭിമാൻ സംഗാതൻ പാർട്ടി (ഡി.എസ്.എസ്.പി) നേതാവ് ചൗധരി ലാൽ സിങ് ഭാരത് ജോഡോ യാത്രയിൽ പ​ങ്കെടുക്കാനെടുത്ത തീരുമാനമാണ് കോൺഗ്രസിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനത്തിനിടയാക്കിയ മറ്റൊരു കാര്യം.

ബലാത്സംഗക്കേസ് പ്രതികളെ ന്യായീകരിച്ചയാളെ യാത്രയിൽ പ​ങ്കെടുക്കാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് ദീപിക പുഷ്‌കർ നാഥ് പാർട്ടിയിൽ നിന്ന് ജനുവരി 17 ന് രാജിവച്ചു. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയും ചൗധരി ലാൽ സിങ്ങിന്റെ പങ്കാളിത്തത്തെ എതിർത്തു.


മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും കേന്ദ്രം നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതാണ് ഏറ്റവും പുതിയ വിവാദം. പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷത്തിൽ പ്രതിപക്ഷ പാർട്ടി അന്ധരായെന്നും സായുധ സേനയെ അപമാനിച്ചുവെന്നും ബി.ജെ.പി വിമർശിച്ചു.

145 ദിവസത്തെ യാത്രക്കിടെ ആളപായവും ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് എം.പി സന്തോഖ് സിങ് ചൗധരി പഞ്ചാബിലെ യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ ഒരു കോൺഗ്രസ് സേവാദൾ പ്രവർത്തകനും കുഴഞ്ഞുവീണ് മരിച്ചു.

കൂടാതെ, നന്ദേഡിൽ കോൺഗ്രസിന്റെ കാൽനട യാത്രയിൽ പങ്കെടുക്കുന്നതിനിടെ ട്രക്ക് ഇടിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള 62 കാരനായ ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Controversies Kept Spotlight On Rahul Gandhi's Yatra That Ends Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.