കേരളത്തിലെ തീവ്ര വലതുപക്ഷ ക്രിസ്ത്യൻ സംഘം സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥകൾ

www.thenewsminute.comൽ ഹരിതാ ജോൺ എഴുതിയ ലേഖനത്തിൽനിന്ന്:

ഇന്ത്യയിലെ പ്രബലമായ രണ്ട് മത ന്യൂനപക്ഷങ്ങളാണ് മുസ്‍ലിംകളും ക്രിസ്ത്യാനികളും. ഇരു മതവിശ്വാസികളും ഇന്ത്യയിൽ സൗഹാർദ്ദത്തോടെ കഴിഞ്ഞുവരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. ഹൈന്ദവ ഭൂരിപക്ഷത്തിനിടയിൽ ന്യൂനപക്ഷങ്ങളായി ജീവിക്കുന്നതിനാൽ ഇരുകൂട്ടരും സൗഹാർദ്ദ സമീപനമാണ് സ്വീകരിച്ചുപോന്നിരുന്നത്. എന്നാൽ, അടുത്തകാലത്തായി കണ്ടുവരുന്ന ചില സംഘങ്ങളുടെ പ്രവർത്തനങ്ങൾ അത്ര ലാഘവത്തോടെ കണ്ട് എഴുതിത്തള്ളാനാവില്ല. തീവ്ര ഹിന്ദുത്വ സംഘം രാജ്യത്ത് അധികാരമേറ്റതുമുതൽ മുസ്‍ലിംകളെയായിരുന്നു അവർ ശത്രുപക്ഷത്തുനിർത്തിയിരുന്നത്. ഇന്ത്യയിലെ മുസ്‍ലിംകളെ പൈശാചിക വത്കരിച്ചും ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുമാണ് ഹിന്ദുത്വ അതിന്റെ വിജയകിരീടം ചൂടുന്നത്. നിലവിൽ അതിന് കരുത്തുപകരുന്ന രീതിയിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുതന്നെ ഒരു സംഘം ഉദയം ചെയ്തിരിക്കുന്നു.

മുസ്‌ലിംകളോടുള്ള വിദ്വേഷത്തിന്റെ പേരിൽ വലതുപക്ഷ ഹിന്ദുത്വവുമായി ആഴത്തിലുള്ള പ്രത്യയശാസ്ത്ര ബന്ധം കെട്ടിപ്പടുക്കുന്ന കടുത്ത ഇസ്‌ലാമോഫോബിക് കത്തോലിക്കാ വിഭാഗത്തിന്റെ ആവിർഭാവത്തോടെ പഴയ സൗഹൃദ തത്വങ്ങൾ കേരളത്തിൽ ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് വരെ ക്രിസ്ത്യൻ ബുദ്ധിജീവികളാൽ അവഹേളിക്കപ്പെട്ട ഘടകങ്ങളായി തള്ളിക്കളഞ്ഞ അവർ, സംഘപരിവാറിന്റെ അജണ്ട പിന്തുടരുന്ന 'ക്രിസംഘികൾ' എന്ന് വിളിക്കപ്പെടുന്നു. അതിൽ അഭിമാനിക്കുന്നു. ക്രിസംഘികൾ എന്ന് ആക്ഷേപിച്ചു വിളിക്കുന്നതുപോലും അവർ അഭിമാനമായി കാണുന്നു. രണ്ട് വർഷം മുമ്പ് കാനഡയിലേക്ക് കുടിയേറിയ 33കാരനായ ജോർജ് എം. താൻ ക്രിസംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം കൊള്ളുന്നവരിൽ ഒരാളാണ്. കാനഡയിലാണെങ്കിലും

 

കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്നത് തുടരുന്നു. ക്രിസ്ത്യൻ അസോസിയേഷന്റെയും അലയൻസ് ഫോർ സോഷ്യൽ ആക്ഷ(കാസ)ന്റെയും സജീവ അംഗമാണ് ജോർജ്ജ്. വടക്കൻ കേരളത്തിലെ മുസ്‍ലിക​ളോടുള്ള ആക്ഷേപങ്ങളാൽ സജീവമായ ക്രിസ്ത്യൻ ഗ്രൂപ്പാണ് കാസയെന്ന് 'ദി ന്യൂസ് മിനുട്ടി'ൽ ഹരിതാ ജോൺ എഴുതിയ ലേഖനത്തിൽ പറയുന്നു.

ജില്ലാതലത്തിലുള്ള കാസ വാട്സാപ്പ് ഗ്രൂപ്പുകളിലും വാരിയേഴ്‌സ് ഓഫ് ക്രോസ് പോലുള്ള മറ്റ് ഗ്രൂപ്പുകളിലും ജോർജ് സജീവ പങ്കാളിയാണ്. കാസക്കും വാരിയേഴ്‌സ് ഓഫ് ക്രോസിനും പൊതുവായ ഒരു കാര്യമുണ്ട്. ഇസ്ലാമിനോടും മുസ്ലീങ്ങളോടുമുള്ള അവരുടെ അനിയന്ത്രിതമായ വെറുപ്പാണ് പൊതുകാര്യം. ഈ ഗ്രൂപ്പുകളിലെ മറ്റെല്ലാ വ്യക്തികളെയും പോലെ മുസ്‍ലിംകൾക്കെതിരെ വമിപ്പിക്കുന്ന എല്ലാ വിഷ ജൽപനങ്ങളും സത്യമാണെന്ന് ജോർജു വിശ്വസിക്കുന്നു. മുസ്‌ലിം ജനസംഖ്യ റോക്കറ്റുപോലെ കുതിച്ചുയരുന്നു, മുസ്‌ലിംകൾ രാജ്യം കൈയ്യടക്കുന്നു തുടങ്ങിയ വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും ജോർജ് വിശ്വസിക്കുന്നു.

'ക്രിസംഘി' എന്ന് വിളിക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് ജോർജ് വ്യക്തമായി പറയുന്നു. ക്രിസംഘി എന്ന പദം കുറേ കാലമായി സംസ്ഥാനത്ത് നിലവിലുണ്ടെങ്കിലും എറണാകുളം വരാപ്പുഴ സെന്റ് ജോർജ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായ യുവ വൈദികൻ ജെയിംസ് പനവേലിൽ എന്ന പുരോഹിതനാണ് ഈ വിളി പോപുലറാക്കിയത്.

2021 ആഗസ്റ്റിൽ വികാരിയായ ജെയിംസ് പനവേലിൽ നടത്തിയ പ്രസംഗത്തിൽ ക്രിസംഘി എന്ന പദം അവതരിപ്പിച്ചതോടെയാണ് ഈ വിളി വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. തീവ്ര ക്രൈസ്ത വിശ്വാസികളെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു പ്രസംഗം. തങ്ങൾക്കിടയിൽ പുതിയൊരു വിഭാഗം ഉദയം ചെയ്തിട്ടുണ്ടെന്നും ക്രിസംഘി എന്നാണ് അവർ അറിയപ്പെടുന്നതെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം പ്രസംഗിച്ചു. ഇത് വൻ വിവാദമായി. ​തീവ്ര ക്രൈസ്തവർ തന്നെ അദ്ദേഹത്തിനെ എതിർത്ത് രംഗത്തുവന്നു. നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന മലയാളം സിനിമ വിവാദമായതിനെ വിമർശിച്ചുകൊണ്ടായിരുന്നു വികാരി ഇക്കാര്യം പറഞ്ഞത്. 

"ആദ്യം ഒരു മനുഷ്യനാകൂ. അപ്പോൾ നിങ്ങൾ ഒരു വിശുദ്ധനാകും. ചിത്രത്തിന് ഈശോ എന്ന് പേരിട്ടപ്പോൾ ഇവിടുത്തെ ക്രിസ്ത്യാനികളുടെ മനസ് വേദനിച്ചു. സമാന പേരുകളുള്ള നിരവധി സിനിമകൾ മുമ്പും വന്നിരുന്നുവെങ്കിലും ഇക്കുറി ഈ സിനിമക്കെതിരെ ഒരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് ഒരു പുതിയ പേരുണ്ട് - 'ക്രിസംഘി'. നേരത്തെ ഞങ്ങൾ ഇങ്ങനെയായിരുന്നില്ല. ഇപ്പോൾ, മറ്റുള്ളവരേക്കാൾ കൂടുതൽ വെറുപ്പ് നമ്മിൽ ഉണ്ട്. ഇതാണ് മതം. ഞങ്ങൾക്ക് അത് ആവശ്യമില്ല. നമുക്ക് ആത്മീയത ആവശ്യമാണ്. അതായത് പരസ്പരം സ്നേഹിക്കുക" -വൈദികൻ തന്റെ വൈറൽ പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗം വിവാദമായതോടെ ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു എന്ന് വ്യക്തമാക്കി കൂടുതൽ തീവ്ര വലതുപക്ഷ ക്രിസ്ത്യാനികൾ സമൂഹമാധ്യമങ്ങളിലൂടെ രംഗ​ത്തെത്തി.

കേരളത്തിൽ ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ച

എല്ലാ ജില്ലയിലും കമ്മിറ്റികൾ ഉള്ള സംഘടനയാണ് കാസ. അടുത്ത കാലത്തായി കേരളത്തിൽ ഉയർന്നുവന്ന അനേകം ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകളിൽ ആദ്യത്തേത് അവരായിരുന്നു. സാമുദായിക സൗഹാർദ്ദത്തിന് കോട്ടംതട്ടുന്ന പ്രസംഗങ്ങളുള്ള മറ്റ് നിരവധി ഗ്രൂപ്പുകളും യൂ ട്യൂബ് ചാനലുകളും ജനപ്രീതി നേടിയിട്ടുണ്ട്. കാസ പോലുള്ള ഗ്രൂപ്പുകൾക്ക് മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യാനികളെ അണിനിരത്തുന്ന പ്രശ്നങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്.

മയക്കുമരുന്ന് ജിഹാദ്, ലവ് ജിഹാദ്, ഹലാൽ ഭക്ഷണം, ഹിജാബ് എന്നിവയെക്കുറിച്ച് അവർ സോഷ്യൽ മീഡിയ കാമ്പയിനുകൾ നടത്തുന്നു. ഈ ഗൂഢാലോചന സിദ്ധാന്തങ്ങളെ പിന്തുണക്കുന്ന, ഉറപ്പുവരുത്തുന്ന ഒരു തെളിവും ഇല്ലെന്ന കാര്യം കാര്യമാക്കേണ്ടതില്ല. ജോർജ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മുസ്‍ലിംകൾ പ്രതികളാകുന്ന കുറ്റകൃത്യ കഥകൾ പതിവായി പോസ്റ്റ് ചെയ്യുന്നു.

കാസയുടെ സോഷ്യൽ മീഡിയ പേജുകൾ ലവ് ജിഹാദ്, മയക്കുമരുന്ന് ജിഹാദ്, ഹലാൽ വിരുദ്ധ കാമ്പയ്‌ൻ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിലെ ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ചുള്ള നിരന്തര റിപ്പോർട്ടുകളും കാണാം.

ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരായ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ ഭയാനകമായി വർധിച്ചിരിക്കുകയാണ്. എന്നാൽ, ക്രിസ്ത്യാനികൾക്കെതിരായ ഇന്ത്യയിലെ സ്ഥിതിഗതികൾ കാസ അടക്കമുള്ള തീവ്രവാദ സംഘടനകൾ സൗകര്യപൂർവ്വം അവഗണിക്കുന്നു. 2021ൽ കർണാടകയിലെ ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണങ്ങളെ പോലും കാസയോ മറ്റ് ഗ്രൂപ്പുകളോ അപലപിച്ചിട്ടില്ല. മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ ഇവരുടെ ഗ്രൂപ്പുകളിൽ കാണുന്നത് സാധാരണമാണ്.

"ഞങ്ങൾക്ക് വാട്സാപ്പ് ഗ്രൂപ്പുകളും നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പള്ളിയിൽ ചില സാധാരണ മീറ്റിംഗുകളും ഉണ്ട്. ഞങ്ങളുടെ പള്ളിക്കു കീഴിലെ എല്ലാ പെൺകുട്ടികളെയും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മുസ്ലീം ആൺകുട്ടികളുമായി എന്തെങ്കിലും ബന്ധം സ്ഥാപിക്കാൻ അവർ നടത്തുന്ന ഏതൊരു ശ്രമവും തടയും" -കാസയുടെ സജീവ അംഗമായ കാസർഗോഡ് നിന്നുള്ള യുവാവ് പറഞ്ഞു.

"ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയുമായോ ചില സംഘപരിവാർ ഗ്രൂപ്പുകളുമായോ കാസക്ക് ബന്ധമുണ്ടെന്ന് എനിക്കറിയാം. എനിക്ക് ഉറപ്പില്ല. പക്ഷേ ഞങ്ങൾ ബി.ജെ.പിയുമായി പൊതു താൽപര്യങ്ങൾ പങ്കിടുന്നു. ഞങ്ങൾക്ക് ഒരു പൊതു ശത്രു ഉണ്ട്. ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാൻ ഞങ്ങൾ അനുവദിക്കില്ല'' -ജോർജ് കൂട്ടിച്ചേർത്തു.

മിശ്രവിവാഹങ്ങൾ തടയുന്നത്, പ്രത്യേകിച്ച് വരൻ മുസ്ലീമായിരിക്കുന്നിടത്ത്, കാസയുടെ മുൻ‌ഗണനകളിൽ ഒന്നാണ്. കോളജ് വിദ്യാർഥിനിയായിരുന്ന നന്ദ വിനോദ് (19) എന്ന പെൺകുട്ടി അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ എം. കെ അബ്ദുൾ ഷുഹൈബ് (20) മുസ്‍ലിം ആയതിനാൽ വ്യാപക വിദ്വേഷ പ്രചാരണം നടത്താൻ കാസയും മറ്റ് ക്രിസ്ത്യൻ തീവ്ര സംഘടനകളും ഇത് ഏറ്റെടുത്തു. കോയമ്പത്തൂർ കാർ സ്‌ഫോടനം, മംഗലാപുരത്തെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം എന്നിവയൊക്കെ മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ കാസ ഉപയോഗിച്ചു.

ഈ നവയുഗ ക്രിസ്ത്യൻ വലതുപക്ഷ ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന ചൂടേറിയ ചർച്ചകൾ ക്ലബ്ബ് ഹൗസ് ആപ്പിലാണ് നടക്കുന്നത്. ഇസ്ലാമിനെ കുറിച്ച് ചർച്ചകൾ നടത്തുന്ന നിരവധി ഗ്രൂപ്പുകൾ ഇതിലുണ്ട്. മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഇബ്രാഹിം അല്ലെങ്കിൽ അബ്രഹാം തുടങ്ങിയ ഒരു പൊതു പ്രവാചക പാരമ്പര്യമുണ്ടെന്ന ചരിത്രപരമായ വസ്തുതയെ വെല്ലുവിളിക്കുന്നതിനാണ് മിക്ക ചർച്ചകളും രൂപപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്ത്യൻ വിശ്വാസ പ്രതിരോധികൾ (ക്രിസ്ത്യൻ വിശ്വാസത്തിന്റെ സംരക്ഷകർ), അഭിമാനികളായ കത്തോലിക്കർ, കുരിശിന്റെ യോദ്ധാക്കൾ, ക്രിസ്ത്യൻ യുവാക്കൾ തുടങ്ങിയവയാണ് ഇത്തരം വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്ന ചില സംഘടനകൾ. വൈദികരും പാസ്റ്റർമാരും കന്യാസ്ത്രീകളും വരെ ഈ ചർച്ചകളിൽ പങ്കെടുക്കുന്നു. ലവ് ജിഹാദായിരുന്നു കുറച്ചുകാലം മുമ്പ് വരെ ഏറ്റവും പ്രചാരമുള്ള വിഷയം. പലരും അത് ഉണ്ടെന്ന് തെളിയിക്കാൻ ചില മിശ്രവിവാഹങ്ങളെ ഉദ്ധരിച്ചു. അർമേനിയയിലെ ഇസ്‌ലാമും ക്രിസ്‌ത്യാനിയും തമ്മിലുള്ള ചരിത്ര പ്രശ്‌നങ്ങൾ മുതൽ ഹാഗിയ സോഫിയ വരെ ഈ ഗ്രൂപ്പുകളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തുമതത്തിന് ഇസ്‌ലാമുമായി സാഹോദര്യബന്ധം പാടില്ലെന്നാണ് ഈ ചർച്ചകൾ ഊന്നിപ്പറയുന്നത്.

ഇസ്ലാമിനോടുള്ള വെറുപ്പും അവിശ്വാസവും കൂടാതെ, ഹിന്ദു വലതുപക്ഷം ആഴത്തിൽ കടന്നുകയറുന്ന കേരളത്തിന്റെ സമകാലിക രാഷ്ട്രീയവും ഈ ഗ്രൂപ്പുകളുടെ വളർച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്. ക്രിസ്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും പരമ്പരാഗതമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ഭാഗമായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതിക്ക് മാറ്റംവന്നു. മുസ്‍ലിം ലീഗിനെ ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം വർഗീയ ധ്രുവീകരണത്തിന് ശ്രമങ്ങൾ തുടങ്ങി. യു.ഡി.എഫിനെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും ലീഗാണെന്ന് ക്രിസ്ത്യൻ വലതുപക്ഷ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചു തുടങ്ങി.

അവരുടെ അഭിപ്രായത്തിൽ മുസ്‍ലിം സമുദായത്തിന് വേണ്ടി മാത്രമാണ് ലീഗ് പ്രവർത്തിക്കുന്നത്. മുസ്‍ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള ഭിന്നത വോട്ട് വിഹിതത്തിലും ഭിന്നിപ്പിന് കാരണമായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ പി.സി ജോർജിന്റെ തോൽവിക്ക് കാരണമായത് അയാളുടെ ഇസ്‌ലാമോഫോബിക് അഭിപ്രായപ്രകടനങ്ങളായിരുന്നു. ഒരൊറ്റ മുസ്‍ലിം വോട്ട് പോലും പി.സി ജോർജിന് കിട്ടിയില്ല. അതിഗുരുതരമായ മുസ്‍ലിംവിരുദ്ധ വിദ്വേഷ പ്രചാരണമാണ് ജോർജ് പ്രകടിപ്പിച്ചത്. ചില പ്രമുഖ ക്രിസ്ത്യൻ മേഖലകളിൽ ലീഗിന്റെ വോട്ട് വിഹിതവും കുറഞ്ഞു എന്നതും വസ്തുതയാണ്.

സിറിയൻ ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്ന സീറോ-മലബാർ ക്രിസ്ത്യാനികൾ, ഹിന്ദു-ബ്രാഹ്മണ ഉത്ഭവം അവകാശപ്പെടുന്ന പരമ്പരാഗതമായി സമ്പന്നരും ഭൂവുടമകളുമായ ഒരു സമൂഹമാണ്. ലാറ്റിൻ കത്തോലിക്കരെ അപേക്ഷിച്ച് അവർ വലിയ സാമൂഹിക സ്ഥാനവും കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ ബ്രാഹ്മണർ മതംമാറിയതാണ് തങ്ങൾ എന്നാണ് ഈ വിഭാഗം പ്രചരിപ്പിക്കുന്നത്. അതിനാൽ തന്നെ സിറോ മലബാർ ജനസമൂഹത്തിലേക്ക് ബി.ജെ.പിക്ക് വളരെ വേഗത്തിൽ കടന്നുകയാൻ കഴിയും എന്ന് 'ദി ന്യൂസ് മിനുട്ടിൽ' ജി. പ്രമോദ് കുമാർ എഴുതിയ ലേഖനത്തിൽ പറയുന്നു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും വിതരണം ചെയ്യുന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അസമത്വം ഉന്നയിച്ചും ക്രിസ്ത്യൻ വിഭാഗങ്ങൾ രംഗത്തെത്തിയിരുന്നു. ലീഗ് ചെലുത്തുന്ന സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് അവർ പ്രചരിപ്പിച്ചു.

മുസ്‍ലിംകൾക്കും ലാറ്റിൻ ക്രിസ്ത്യാനികൾക്കും മതം മാറിയ ക്രിസ്ത്യാനികൾക്കും 80:20 അനുപാതത്തിൽ സ്കോളർഷിപ്പ് നൽകുന്ന 2015ലെ സംസ്ഥാന സർക്കാർ ഉത്തരവ് 'നിയമപരമായി നിലനിൽക്കില്ല' എന്ന് പറഞ്ഞ് 2021 മേയ് 29ന് കേരള ഹൈകോടതി ഉത്തരവ് റദ്ദാക്കിയിരുന്നു. വിധി വരുന്നതുവരെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിന് കേരളം സാക്ഷ്യം വഹിച്ചു.

കാസയും അതിന്റെ ബന്ധങ്ങളും

കാസക്ക് സംഘപരിവാറുമായി ബന്ധമുണ്ടെന്ന് ചില സംഘാംഗങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും നേതൃത്വം നിരന്തരം ഇത് നിഷേധിക്കുന്നു. കാസ പ്രസിഡന്റ് കെവിൻ പീറ്റർ ഏപ്രിലിൽ തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, സംഘപരിവാറുമായി തനിക്ക് ബന്ധമില്ലെന്ന് അയാൾ പറയുന്നു. കേരളത്തിലെ കത്തോലിക്കാ സഭകൾ, പ്രത്യേകിച്ച് സീറോ മലബാർ സഭകൾ ഈ തീവ്രവാദ ഗ്രൂപ്പിനെ പിന്തുണക്കുന്നതായി തെളിവായിട്ടില്ല. രൂപതകളൊന്നും ഗ്രൂപ്പിന് ഇതുവരെ പരസ്യമായി പിന്തുണ നൽകിയിട്ടില്ലെങ്കിലും പല നേതാക്കളും രഹസ്യമായി കാസയെ പിന്തുണക്കുന്നു.

"നിരവധി വൈദികരിൽ നിന്നും ഞങ്ങൾക്ക് വലിയ പിന്തുണയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ (2021) ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വേണ്ടി ഞങ്ങൾ വിവിധ ഇടവകകളിൽ പ്രചാരണത്തിന് പോയിരുന്നു. ഇടവകകൾ ഞങ്ങളെ സ്വാഗതം ചെയ്തു" -കാസർഗോഡ് നിന്നുള്ള ഒരു കാസ അംഗം പേര് വെളിപ്പെടുത്തരുതെന്ന ഉറപ്പിൽ പറഞ്ഞു.

മേയ് 26ന് പ്രമുഖ കത്തോലിക്കാ മതപ്രഭാഷകൻ സേവ്യർഖാൻ വട്ടായിൽ കാസക്ക് പിന്തുണ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. കേരളത്തിലുടനീളമുള്ള നിരവധി കത്തോലിക്കരുടെ ഹൃദയത്തിലാണ് സംഘടനയെന്നും സംഘടന ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) ലൗ ജിഹാദിനും മയക്കുമരുന്ന് ജിഹാദിനും എതിരായ തീവ്ര ക്രൈസ്തവ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സെപ്തംബർ 12ന് കെ.സി.ബി.സിയുടെ പ്രതിനിധി ഫാദർ ജോഷി മയ്യാട്ടിൽ തന്റെ ഫേസ്ബുക്ക് പേജിൽ കാസ ക്രിസ്ത്യൻ സമുദായത്തിനുള്ളിലെ തീവ്രവാദ സംഘടനയാണെന്ന് പോസ്റ്റുചെയ്തു. കാസയെ പിന്തുണച്ച് സേവ്യർ ഖാന്റെ പോസ്റ്റിനെ അദ്ദേഹം അപലപിച്ചു.

"കുരിശിന്റെ അടയാളം വെച്ച് പ്രാർത്ഥിക്കുന്ന ഈ കാവിക്കൊടിക്കാരൻമാർ സീറോ മലബാർ സഭ കാവിവൽക്കരണത്തിലേക്ക് നീങ്ങുകയാണെന്ന് നമ്മെ ചിന്തിപ്പിക്കുന്നു. വിദ്വേഷത്തിൽ വേരൂന്നിയ, ഹിന്ദുത്വ ശക്തികളുമായി കൈകോർത്ത ഒരു പ്രസ്ഥാനത്തെ പരസ്യമായി പിന്തുണക്കാൻ ഈ ആളുകൾ അച്ഛനെ (സേവ്യർ ഖാനെ) പ്രേരിപ്പിച്ചു" -ജോഷി പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് കാസയെ പിന്തുണക്കുന്ന യു ട്യൂബ് ചാനലിനെതിരെയും വൈദികൻ ആഞ്ഞടിച്ചു.

കാസ എങ്ങനെയാണ് ഉത്ഭവിച്ചത് എന്നതിനെക്കുറിച്ചും അതിന് ബി.ജെ.പിയുമായും രാഷ്ട്രീയ സ്വയംസേവക് സംഘുമായും (ആർ.എസ്.എസ്) അടുത്ത ബന്ധമുണ്ടെന്നും അ​ദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയാണ് ഇതിന് പിന്നിൽ. സീറോ മലബാർ സഭയിൽ നിന്നുള്ള വലിയൊരു വിഭാഗം അവരുടെ വലയിലുണ്ട്. തീവ്രവാദികളായ കൽദായരും അവരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കുടുങ്ങിയവരും അഭിമാനത്തോടെ 'ക്രിസംഘികൾ' എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതും സത്യമാണ്. എന്നാൽ സീറോ മലബാർ സഭയിലെ സിനഡും ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരും ക്രൈസ്തവ സ്നേഹവും സഭയുടെ ഐക്യവും ഇന്ത്യയുടെ മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിനെതിരെ പ്രചാരണം നടത്തുക എന്ന ഉദ്ദേശത്തോടെ കേരള ബി.ജെ.പി ന്യൂനപക്ഷ മോർച്ചയാണ് 2017ൽ ക്രിസ്ത്യൻ ഹെൽപ് ലൈൻ ആരംഭിച്ചത്. ന്യൂനപക്ഷ മോർച്ച മലപ്പുറം മുൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് എബ്രഹാം തോമസാണ് ഹെൽപ് ലൈൻ ആരംഭിച്ചത്.

ഇസ്ലാമോഫോബിയ പടർത്തുന്നത് കാസ പോലുള്ള ഗ്രൂപ്പുകൾ മാത്രമല്ല. പല കത്തോലിക്കാ സഭകളും ഉയർന്ന വൈദികരുടെ അംഗീകാരത്തോടെ നേരിട്ടും അല്ലാതെയും ഇത് ചെയ്യുന്നു.

കാസർകോട് ഒരു കത്തോലിക്കാ ദേവാലയത്തിൽ സെപ്റ്റംബർ നാലിന് ഞായറാഴ്ച നടന്ന കുർബാനക്കിടെ, അമ്മമാർക്കായി നടത്തിയ യോഗത്തിൽ ഹാജർ കുറവായതിൽ ഇടവക വികാരി ക്ഷുഭിതനായി. "നിങ്ങൾ എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിന്മ നിങ്ങളുടെ വീടുകളിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ പെൺമക്കൾ തെറ്റായ പാതയിലാണ് പോകുന്നത്. നിങ്ങളുടെ പെൺമക്കളെ കാത്തിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുള്ള വേട്ടക്കാരുണ്ട്. നമ്മുടെ കമ്മ്യൂണിറ്റിയിലെ പെൺകുട്ടികൾ അവരിലേക്ക് എളുപ്പത്തിൽ വീഴുന്നു. പെൺമക്കളുടെ ഉത്തരവാദിത്തം അമ്മമാർക്കാണ്. അതുകൊണ്ടാണ് ക്ലാസ്സിൽ പങ്കെടുക്കേണ്ടത്'' -വികാരി പ്രസംഗം ഇങ്ങനെ പോയി.

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ സർക്കുലർ വായിച്ചതിന് പിന്നാലെയാണ് വൈദികന്റെ ഈ മുന്നറിയിപ്പ്. മതഭീകര ഗ്രൂപ്പുകളിൽ നിന്ന് ക്രിസ്ത്യൻ പെൺകുട്ടികളെ സംരക്ഷിക്കാൻ നോമ്പുകാലം സമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറച്ച് വർഷങ്ങളായി, കേരളത്തിലെ കത്തോലിക്കാ സഭ ലൗ ജിഹാദിനെ കുറിച്ചും മുസ്ലീം സമുദായത്തിലേക്ക് തങ്ങളുടെ സ്ത്രീകളെ വിവാഹം കഴിക്കുന്നത് എങ്ങനെ തടയാം എന്നതിനെ കുറിച്ചും സംസാരിക്കാൻ ഒരു കാരണം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിട്ടില്ല. വിവിധ ബിഷപ്പുമാർ ലൗ ജിഹാദിനെക്കുറിച്ച് സംസാരിക്കുകയും ക്രിസ്ത്യൻ സ്ത്രീകളെ മുസ്ലീം പുരുഷന്മാർ പ്രലോഭിപ്പിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തുപോരുന്നു. കഴിഞ്ഞ സെപ്തംബറിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മയക്കുമരുന്ന് ജിഹാദ് എന്ന ആരോപണവും ഉയർത്തി. അത് വലിയ വിവാദങ്ങൾക്ക് കാരണമാകുകയും വർഗീയ കലാപത്തിലേക്ക് ഊതിവീർപ്പിക്കുന്നതിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.

കന്യാസ്ത്രീകൾക്കും വൈദികർക്കുമായി കെ.സി.ബി.സിയുടെയും കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെയും (കെ.സി.വൈ.എം) നേതൃത്വത്തിൽ പള്ളിയിൽ ക്ലാസുകൾ നടത്തിയിരുന്നതായി തലശ്ശേരി രൂപതയുടെ കീഴിലുള്ള ഒരു ഇടവക വികാരി പറഞ്ഞു. രക്ഷിതാക്കൾക്ക് വെവ്വേറെയും പ്രത്യേക ക്ലാസുകൾ നൽകും. അവർക്ക് അശ്രദ്ധരായിരിക്കാനും പിന്നീട് സങ്കടപ്പെടാനും കഴിയില്ല. ലൗ ജിഹാദ് നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും പെൺമക്കൾ തിരഞ്ഞെടുക്കുന്ന പാതയുടെ ഉത്തരവാദിത്തം അമ്മമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിവിധ സീറോ മലബാർ കത്തോലിക്കാ രൂപതകൾക്ക് ഇത് സംബന്ധിച്ച് അതാത് ബിഷപ്പുമാരിൽ നിന്ന് പതിവായി സർക്കുലറുകൾ ലഭിക്കാറുണ്ട്. 2020 ജനുവരിയിൽ, സീറോ മലബാർ സഭയുടെ ഒരു സിനഡ് (ബിഷപ്പുകളുടെ ഒരു ഉന്നത യോഗം) നടന്നു. അവിടെ ലൗ ജിഹാദ് യഥാർത്ഥമാണെന്നും ക്രിസ്ത്യൻ സ്ത്രീകൾ കുടുക്കിലായതിന് ശേഷം നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുമെന്ന ഭീഷണിയിലാണെന്നും പ്രസ്താവിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് സിനഡിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി സർക്കുലർ അയച്ചു. എന്നാൽ, എറണാകുളം-അങ്കമാലി രൂപതയുടെ കീഴിലുള്ള ചില പള്ളികൾ അവ വായിക്കാൻ വിസമ്മതിച്ചു. ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ വീക്ഷണത്തോടുള്ള വിയോജിപ്പിന്റെ പ്രകടനമായി മാത്രം ഇതിനെ കാണാനാകില്ല.

ഇതിനെത്തുടർന്ന് മറ്റ് ചില രൂപതകളും ക്രിസ്ത്യൻ സ്ത്രീകൾ 'കെണിയിൽ വീഴുന്ന'തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കുലറുകൾ പുറപ്പെടുവിച്ചു. താമരശ്ശേരി രൂപത ലൗ ജിഹാദിന്റെ ഒരു കൈപ്പുസ്തകം പോലും പ്രസിദ്ധീകരിച്ചു. അതിൽ 160 ലധികം പെൺകുട്ടികൾ വീണുപോയതായി അവർ ആരോപിച്ചു.

വിവിധ ക്രിസ്ത്യൻ യൂട്യൂബ് ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രഭാഷണങ്ങളിലൂടെ പ്രശസ്തനാണ് വടക്കൻ കേരളത്തിലെ പുരോഹിതനായ ആന്റണി താരേക്കടവിൽ. ഖുർആൻ സാങ്കൽപ്പികമെന്ന് പരാമർശിക്കുന്നതുപോലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ മതവിദ്വേഷം പടർത്താൻ പ്രേരിപ്പിച്ചു. ജിഹാദികളുടെ ഏറ്റവും എളുപ്പമുള്ള ലക്ഷ്യം ക്രിസ്ത്യൻ സ്ത്രീകളാണെന്ന് അദ്ദേഹം വാദിച്ചു. സഭയും അതുമായി ബന്ധപ്പെട്ട കെ.സി.വൈ.എം പോലുള്ള സംഘടനകളും അദ്ദേഹത്തെ പരസ്യമായി പിന്തുണക്കുകയും വീരപദവി നൽകുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കർ ഹലാൽ ഭക്ഷണം കഴിക്കുന്നത് പാപമാണെന്ന് അവകാശപ്പെട്ട ഹലാൽ വിരുദ്ധ കാമ്പെയ്‌നിന്റെ വിളക്ക് വാഹകരിൽ ഒരാളായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള ഇസ്ലാമോഫോബിയയുടെ പ്രതിഫലനമായാണ് സഭയിലെ സംഭവവികാസങ്ങളെ പലരും കണക്കാക്കുന്നത്. ആഗോളതലത്തിൽ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അത് ഇവിടെയും പ്രതിഫലിക്കുന്നുണ്ടെന്നും മുൻ പ്രോ-വൈസ് ചാൻസലറും കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായ ജെ. പ്രഭാഷ് പറഞ്ഞു.

"കേരളത്തിൽ കാണുന്നത് ആഗോള സാഹചര്യത്തിന്റെ പ്രതിഫലനമാണ്" -അദ്ദേഹം വിശദീകരിച്ചു. വാസ്തവത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഹിന്ദുക്കളും, മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ നിരവധി മിശ്രവിവാഹങ്ങൾ ഉണ്ടെന്നും പ്രഭാഷ് കൂട്ടിച്ചേർത്തു. "ഒരു പ്രത്യേക മതം മറ്റ് മതങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ലക്ഷ്യമിടുന്നില്ല. എന്നാൽ ഈ സമുദായങ്ങൾ തങ്ങളുടെ പെൺകുട്ടികൾ മറ്റ് മത പശ്ചാത്തലത്തിൽ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിക്കുന്നതിൽ മാത്രമാണ് ആശങ്കപ്പെടുന്നത്" -അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കത്തോലിക്കർ തങ്ങളുടെ അംഗങ്ങൾ നഷ്ടപ്പെടുന്നതിൽ അരക്ഷിതാവസ്ഥയിലാണെന്ന് പല സഭാ നവീകരണവാദികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. "മുമ്പ് പോലും ഹിന്ദു-ക്രിസ്ത്യൻ വിവാഹങ്ങൾക്ക് മുസ്ലീം-ക്രിസ്ത്യൻ വിവാഹങ്ങളെക്കാൾ സ്വീകാര്യത ലഭിച്ചു. അന്ന് ഹിന്ദുമതം വലിയ ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നില്ല. എന്നാൽ, മറ്റേതൊരു സമൂഹത്തിലെയും പോലെ ഇസ്‌ലാമോഫോബിയ സഭയിൽ എപ്പോഴും ഉണ്ടായിരുന്നു" -യൂ ട്യൂബറായ ജെയ്ബി ജോസഫ് പറഞ്ഞു. 20 മലയാളികൾ രാജ്യം വിട്ട് ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസിൽ) ചേർന്നതോടെ ലൗ ജിഹാദ് ചർച്ചകൾ കൂടുതൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ ചിലർ ഇസ്ലാം മതം സ്വീകരിച്ച ക്രിസ്ത്യാനികളായിരുന്നു.

സഭക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നും ജെയ്ബി ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം (സി.എ.എ) വന്നപ്പോഴും കെ.സി.ബി.സി ബി.ജെ.പി സർക്കാരിനെ പിന്തുണച്ചു. കെ.സി.ബി.സിയുടെ വക്താവും സെക്രട്ടറിയുമായ ഫാദർ വർഗീസ് വള്ളിക്കാട്ട് 2020 ജനുവരി ഏഴിന് ആർ.എസ്.എസ് മുഖപത്രമായ ജന്മഭൂമിയിൽ സി.എ.എയെ പിന്തുണച്ച് ലേഖനം എഴുതി. രാഷ്ട്രീയ ഇസ്‌ലാമിനെ എങ്ങനെ നേരിടണമെന്ന് ബി.ജെ.പി ഒഴികെ മറ്റൊരു പാർട്ടിയും മനസ്സിലാക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2021 ജനുവരിയിൽ, മൂന്ന് കത്തോലിക്കാ വിഭാഗങ്ങളുടെയും തലവന്മാർ (സീറോ-മലബാർ, സീറോ-മലങ്കര, ലാറ്റിൻ) പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് ലൗ ജിഹാദിനെക്കുറിച്ചുള്ള കേരള കത്തോലിക്കാ സഭയുടെ നിലപാട് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിലെ അതൃപ്തിയും ബിഷപ്പുമാർ ഉന്നയിച്ചു. അതിന് ഒരു മാസം മുമ്പ് 2020 ഡിസംബറിൽ, പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വത്ത് തർക്കത്തിൽ സമാധാനം സ്ഥാപിക്കുന്നതിനായി, കത്തോലിക്ക അല്ലെങ്കിലും, രണ്ട് സുറിയാനി വിഭാഗങ്ങളായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെയും പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.ജെ.പിയുമായുള്ള സഭയുടെ പെട്ടെന്നുള്ള അടുപ്പമാണ് അതിന്റെ വ്യക്തമായ ഇസ്ലാമോഫോബിയയുടെ അടുത്ത കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്വേഷം വിതറുന്ന കത്തോലിക്കാ നേതാക്കൾ സ്വന്തമായി ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത അവസരവാദികളാണെന്ന് അഭിഭാഷകയും കേരള കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനത്തിന്റെ (കെ.സി.ആർ.എം) അംഗവുമായ ഇന്ദുലേഖ ജോസഫ് പറഞ്ഞു. "അവർക്ക് ഗുണകരമായ രാഷ്ട്രീയത്തിനൊപ്പം അവർ പോകുന്നു. സഭക്ക് വലിയ സമ്പത്തുണ്ട്. അവരുടെ എല്ലാ അനധികൃത സ്വത്ത് ശേഖരണവും മറച്ചുവെക്കാൻ കഴിയുന്നതിനാൽ സംഘപരിവാർ താൽപര്യങ്ങൾക്കൊപ്പം പോകാനുള്ള അവരുടെ ആവശ്യത്തെ ഇത് നിറവേറ്റുന്നു" -അവർ പറഞ്ഞു.

Tags:    
News Summary - ‘Chrisanghis’: The rise of the Christian right in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.