വേഗത്തിന്‍െറ തമ്പുരാന്‍

ഭൂമിയിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനമെന്ന അംഗീകാരം നിര്‍മാതാക്കള്‍ക്കൊരു പൊന്‍തൂവലാണ്. കുറച്ചുനാള്‍ മുമ്പുവരെ ഈ കീര്‍ത്തിയുടെ ഗര്‍വ്വ് അനുഭവിച്ചിരുന്നത് ബ്യൂഗാട്ടിയാണ്. ഇപ്പോഴാ ഭാഗ്യം ഹെന്നസി മോട്ടോര്‍ സ്പോര്‍ട്ടിന്‍െറ വെനം ജി.ടി സ്പൈഡറിനും. ലോകത്തിലെ ഏറ്റവും വേഗംകൂടിയ കണ്‍വര്‍ട്ടബിള്‍ എന്ന പദവിയാണ് വെനത്തിന് കൈവന്നിരിക്കുന്നത്. സാദാ കാറും കണ്‍വെര്‍ട്ടബിളും തമ്മിലുള്ള പ്രധാന വ്യത്യാസം മേല്‍ക്കൂരയിലാണ്. കണ്‍വര്‍ട്ടബിളിന് മാറ്റാവുന്നതോ നീക്കാവുന്നുതാ ആയ മേല്‍ക്കൂരയാണുള്ളത്. ബ്യൂഗാട്ടി വെയ്റോണ്‍ സൂപ്പര്‍സ്പോര്‍ട്ട് വിറ്റെസി കണ്‍വര്‍ട്ടബിള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് വെനം തകര്‍ത്തത്. പരീക്ഷണ ഓട്ടം നടന്നത് കാലിഫോര്‍ണിയയിലെ നേവല്‍ ബേസിലെ നാലര കിലോമീറ്റര്‍ റണ്‍വേയിലാണ്. ഇതിലൂടെ വെനം കുതിച്ചുപാഞ്ഞത് എത്ര കിലോമീറ്റര്‍ വേഗതയിലാണെന്നോ-427.4km/h. നേരത്തെ ബ്യൂഗാട്ടി കുറിച്ച 408.8 എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഇരട്ട ടര്‍ബോ ചാര്‍ജറുള്ള 7.0ലിറ്റര്‍ v8 എഞ്ചിനാണ് വെനത്തിന് കരുത്ത് പകരുന്നത്. 1451 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കാന്‍ എഞ്ചിനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.4സെക്കന്‍ഡ് മതി. ഗിന്നസ് അധികൃതരുടെ അഭാവത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന പരീക്ഷണമായതിനാല്‍ റെക്കോര്‍ഡ് ഒൗദ്യോഗികമല്ല. അതുപോലെ ഏറ്റവും വേഗതയുള്ള പ്രെഡക്ഷന്‍ കാര്‍ (പ്രൊഡക്ഷന്‍ കാര്‍ എന്നാല്‍ വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക) എന്ന പദവി ഇപ്പോഴും ബ്യൂഗാട്ടി വെയ്റോണിനാണ്. ഹെന്നസിയുടെ 25ാം വാര്‍ഷികം പ്രമാണിച്ച് മൂന്ന് സ്പൈഡറുകളെ പുറത്തിറക്കാനാണ് അധികൃതരുടെ തീരുമാനം.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.