ലീനിയ വില്‍ക്കാനുണ്ടേ ലീനിയ

അങ്ങ് ദൂരെ ഇറ്റലിയിലെ വല്യ പുള്ളിയാണ് ഫിയറ്റ്. പറഞ്ഞിട്ടെന്താ കാര്യം. നമ്മുടെ നാട്ടിലത്തെിയാല്‍ പുല്ലുവിലയാണ്. ഫിയറ്റിന്‍െറ എഞ്ചിന്‍ വാങ്ങി തങ്ങളുടെ വാഹനങ്ങളില്‍ ഫിറ്റ് ചെയ്ത് മാരുതിയും ടാറ്റയുമൊക്കെ കാശുകാരാകുന്നത് കണ്ട് കണ്ണ് നിറഞ്ഞിരിക്കാനെ ഫിയറ്റിന് പറ്റുന്നുള്ളു. അതെ എഞ്ചിന്‍വച്ച് അതിനെക്കാള്‍ നിലവാരത്തില്‍ ഇറക്കുന്ന സ്വന്തം വാഹനങ്ങള്‍ ഫാക്ടറികളില്‍ പൊടിപിടിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ദു$ഖം പറഞ്ഞാല്‍ തീരാത്തതാണെന്ന് കമ്പനിക്ക് നന്നായറിയാം. ആദ്യം ടാറ്റയുമായി സഹകരിച്ചും പിന്നീട് സ്വന്തമായും സര്‍വ്വീസ് സെന്‍െററുകളും വില്‍പ്പന കേന്ദ്രങ്ങളും തുടങ്ങിയെങ്കിലും ഒന്നുമത്ര ക്ളച്ച് പിടിച്ചില്ല. യൂറോപ്യന്‍ രീതികളില്‍ നിന്ന് ഇന്ത്യന്‍ അവസ്ഥകളിലേക്ക് പൂര്‍ണ്ണമായി ഇഴുകിച്ചോരാനാകാത്തതാണ് ഫിയറ്റ് നേരിടുന്ന പ്രധാന വെല്ലുവിളി.

പുനര്‍വില്‍പ്പനയിലെ ആവശ്യകതക്കുറവും പ്രതിസന്ധിതീര്‍ക്കുന്നു. 2009ലാണ് ഫിയറ്റ് ‘ലീനിയ’ എന്ന സെഡാന്‍ പുറത്തിറക്കുന്നത്. ഇറ്റാലിയന്‍ ചാരുത വേണ്ടുവോളമുള്ള കാറായിരുന്നു ഇത്. എഞ്ചിനാകട്ടെ ആഗോള ഹിറ്റുകളിലൊന്നായ ഫിയറ്റ് മള്‍ട്ടിജറ്റും. എന്നിട്ടും വില്‍പ്പനയില്‍ ഗതിപിടിക്കാന്‍ ലീനിയക്കായില്ല. ബമ്പുകളില്‍ കയറിയാല്‍ അടിയിടിക്കുന്നു, ഡ്രൈവിങ്ങ് സീറ്റിലിരുന്നാല്‍ മുന്നിലുള്ളത് കാണാനാകുന്നില്ല, സര്‍വ്വീസിന് ചെന്നാല്‍ ഗതികിട്ടാതെ അലയേണ്ടി വരും എന്നൊക്കെയായിരുന്നു ഉടമസ്ഥരുടെ പരാതി. കുറേ ലീനിയകള്‍ വില്‍ക്കാനായെങ്കിലും കാറിനെ ജനപ്രിയമാക്കാന്‍ ഫിയറ്റിനായില്ല. പിന്നെയും നിരവധി മാറ്റങ്ങളോടെ ലീനിയകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ പുറത്തിറക്കി. ഇപ്പോള്‍ ചെറിയ ചില വ്യത്യാസപ്പെടുത്തലുകള്‍ വരുത്തി തങ്ങളുടെ ഓമന സെഡാന്‍െറ പെട്രോള്‍ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ഫിയറ്റ്.

പുതിയ ലീനിയയില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണുള്ളത്. 114പി. എസ് പവര്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന പെട്രോള്‍ ടി-ജെറ്റ് എഞ്ചിനെ മെച്ചപ്പെടുത്തി 125പി.എസിലേക്കത്തെിച്ചു. പുതിയ വാഹനത്തിന്‍െറ പേരും ഇതുമായി ബന്ധപ്പെട്ടാണ്; ലീനിയ 125 S. രണ്ടാമത്തെ മാറ്റം ഉള്ളിലാണ്. കുടുതല്‍ മെച്ചപ്പെട്ട ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം വന്നു. ഇതൊഴിച്ചാല്‍ മറ്റ് മോഡലുകളുമായി 125 Sന് വ്യത്യാസങ്ങളൊന്നുമില്ല. 1.4ലിറ്റര്‍ ടര്‍ബോ, ടി-ജെറ്റ് എഞ്ചിനാണ് എല്ലാ പെട്രോള്‍ ലീനിയകള്‍ക്കും കരുത്ത് നല്‍കുന്നത്. 125 Sലത്തെുമ്പോഴും എഞ്ചിന്‍െറ ഘടനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. മെച്ചപ്പെട്ട ട്യൂണിങ്ങിലൂടെ 11 പി.എസ് കരുത്ത് കൂട്ടുകയാണ് ഫിയറ്റ് എഞ്ചിനീയര്‍മാര്‍ ചെയ്തിരിക്കുന്നത്. കുറഞ്ഞ ആര്‍.പി.എമ്മിലും അനുസ്യൂതം ലഭിക്കുന്ന കരുത്താണ് ഈ മാറ്റത്തിന്‍െറ ആത്യന്തിക ഫലം. നേരത്തെയുള്ള മികച്ച ഗിയര്‍ബോക്സ് ഇതോടൊപ്പം ചേരുമ്പോള്‍ കൂടുതല്‍ ആഹ്ളാദകരമായ ഡ്രൈവിങ്ങ് ഉടമകള്‍ക്ക് ലഭിക്കും.

പുത്തന്‍ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റത്തില്‍ ടച്ച് സ്ക്രീനാണുള്ളത്. നാവിഗേഷന്‍, ബ്ളൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഉപകാരപ്രദമായ പ്രത്യേകതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീനിയകളെന്നും മികച്ച സെഡാനുകളായിരുന്നു. നല്ല ഭംഗിയും നിലവാരവും സാങ്കേതികത്തനിമയുമുള്ള വാഹനങ്ങളാണിത്. 10.46ലക്ഷമെന്ന മത്സരക്ഷമമായ വിലയാണ് 125Sനുള്ളത്. 15km/l എന്ന കുറഞ്ഞ ഇന്ധനക്ഷമത, പൂണ്ണമായി മെച്ചപ്പെടാത്ത വില്‍പ്പനാനന്തര സേവനം തുടങ്ങിയവ ലീനിയയുടെ സാധ്യത കുറക്കുന്നുണ്ട്. കുറഞ്ഞ ഓട്ടമുള്ളവര്‍ക്കും ദീര്‍ഘകാലം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലീനിയ തെരഞ്ഞെടുക്കാവുന്നതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.