സിയസാണ് താരം

ചെറിയ കാറുകളുടെ തമ്പുരാക്കന്‍മാരായ മാരുതി ഒരു വലിയ കാറവതരിപ്പിക്കുമ്പോള്‍ രണ്ട് സംഗതികള്‍ വാനോളമുയരും. പ്രതീക്ഷകളും ആശങ്കകളും. എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ളെന്നാണ് സിയസ് നല്‍കുന്ന ആദ്യ സൂചനകള്‍. വിപണിയെ അറിഞ്ഞ് പെരുമാറാന്‍ മാരുതി കാണിക്കുന്ന മെയ് വഴക്കം അപാരമാണ്. ഉപഭോക്താവിന് ആവശ്യമുള്ളതൊക്കെ നല്‍കാന്‍ സിയസിലും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 


അഴകന്‍ 
ഏച്ചുകെട്ടിയും വലിച്ച് നീട്ടിയും മിനുക്ക് പണികള്‍ വരുത്തി ഇത്തിരി ക്രോമിയം അവിടെയും ഇവിടെയും പൂശി വാഹന പരിഷ്ക്കരണം നടത്തുന്നവര്‍ക്കൊക്കെ താക്കീതാണ് സിയസ്. പുതിയതെന്നാല്‍ പുതിയത് തന്നെ. പൂര്‍വികനായ Sx4 ല്‍നിന്നും അജഗജാന്തരമുണ്ട് സിയസിന്. മറ്റ് കമ്പനികളില്‍ ഹ്യുണ്ടായ് ആണ് ഈ കലയില്‍ മികച്ച് നില്‍ക്കുന്നത്. അതവരുടെ വില്‍പനഗ്രാഫ് ഉയര്‍ത്തുന്നുമുണ്ട്. നിലവിലെ ഒരു മാരുതിയുമായും സിയസിന് സാമ്യമില്ല. പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചാണ് രൂപകല്‍പന. ചെറുതും ആഢ്യത്വവുമുള്ളതാണ് ഗ്രില്ലുകള്‍. പ്രൊജക്ടര്‍ ഹെഡ് ലാമ്പുകളും വലിയ ടെയില്‍ ലൈറ്റുകളും ആകര്‍ഷകം. ഡോര്‍ ഹാന്‍ഡിലുകളിലും ബൂട്ട് ലിഡിലും ക്രോം ഫിനിഷുണ്ട്. ഉയര്‍ന്ന വേരിയന്‍റുകളില്‍ ലഭിക്കുന്ന 16 ഇഞ്ച് അലോയ് വീലുകള്‍ പ്രീമിയം കാറിന്‍െറ കാഴ്ച നല്‍കും. കണ്ണുകളെ കൊത്തി വലിക്കുന്ന ആകര്‍ഷകത്വമല്ല സിയസിന്‍െറ പുറംകാഴ്ച നല്‍കുന്നത്. ചുറ്റുപാടുകളോട് ഇഴുകിച്ചേര്‍ന്ന് ഏത് കൂട്ടത്തിനൊപ്പവും ചേര്‍ന്ന് നില്‍ക്കുകയാണ് ആ ഡിസൈന്‍ തീം. വലിയ കാറാണെങ്കിലും ഭാരം കുറവാണ് സിയസിന്. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ കൊണ്ടാണ് ഷാസിയുടെ നിര്‍മാണം. കരുത്തും മുറുക്കവും വാഹനത്തിനിത് നല്‍കുന്നു. പെട്രോള്‍ മോഡലിന് 1010 kg യും ഡീസലിന് 1105 kgയുമാണ് ഭാരം. 


വിശാലന്‍ 
സ്വിഫ്റ്റിലൂടെ ജനപ്രീതിയാര്‍ജിച്ചതും പിന്നീട് മാരുതി പല മോഡലുകളിലും പിന്തുടര്‍ന്നതുമായ ഉള്ളഴകാണ് സിയസിന്. ഇതല്‍പം വര്‍ധിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. മധ്യനിര സെഡാനുകളില്‍ ഏറ്റവും വിശാലമാണ് സിയസിന്‍െറ അകത്തളം. വലിയ ഗ്ളാസ് ഏരിയയും മികച്ച ഇന്‍റീരിയര്‍ ഡിസൈനും വലിപ്പം കൂടുതല്‍ തോന്നിപ്പിക്കും. പിന്നില്‍ മൂന്ന് പേര്‍ക്ക് കാലുനീട്ടി സുഖമായിരിക്കാം. പിന്നിലെ പ്ളാറ്റ്ഫോം ടണലില്ലാതെ പരന്നതാണ്. ഡാഷ് ബോര്‍ഡില്‍ ഉയര്‍ന്ന വേരിയന്‍െറുകളില്‍ ഏഴ് ഇഞ്ച് ടച്ച് സ്ക്രീനോട് കൂടിയ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റമുണ്ട്. ഉപയോഗിക്കാനെളുപ്പമുള്ളതാണ് ഇതിന്‍െറ ഫങ്ഷനുകള്‍. പുതിയതും നല്ല വായനാക്ഷമവുമാണ് ഡയലുകള്‍. പവര്‍ വിന്‍ഡോ സ്വിച്ചുകളും ഡോര്‍ ലോക്കുകളും സ്വിഫ്റ്റിനും ഡിസയറിനും സമാനം. പ്ളാസ്റ്റിക് നിലവാരവും ഫിറ്റും ഫിനിഷും മാരുതികളില്‍ വച്ചേറ്റവും ഉന്നതം. സ്വിച്ചുകളിലെ ക്രോംഫിനിഷ്, ധാരാളം സ്റ്റോറേജ് സ്പേസ്, 510 ലിറ്റര്‍ ഡിക്കി തുടങ്ങി മികച്ച സൗകര്യങ്ങളാണ് സിയസിലുള്ളത്. സുരക്ഷക്കായി എല്ലാ മോഡലുകള്‍ക്കും പൊതുവായി മുന്‍ എയര്‍ബാഗുകളും നല്‍കിയിട്ടുണ്ട്.


കരുത്തന്‍ 
പെട്രോള്‍ സിയസിന് കരുത്ത് പകരുന്നത് 1.4 ലിറ്റര്‍ K14B എന്‍ജിനാണ്. 91 ബി.എച്ച്.പി പവര്‍ ഇവന്‍ ഉല്‍പാദിപ്പിക്കും. എര്‍ട്ടിഗയിലാണ് ഇത് ആദ്യം അവതരിപ്പിക്കപ്പെട്ടത്. എന്നാലതില്‍നിന്നും എന്‍ജിനെ മെച്ചപ്പെടുത്തിയിട്ടുണ്ട്. നല്ല പ്രതികരണശേഷിയും തുടര്‍ച്ചയായ കരുത്തും പ്രതീക്ഷിക്കരുത്. നേര്‍രേഖയിലാണ് എല്ലാ K സീരീസുകളുടെയും എനര്‍ജി ലെവല്‍ ഉയരുന്നത്. സിറ്റി ട്രാഫിക്കുകള്‍ക്കും നിത്യ യാത്രകര്‍ക്കും പറ്റിയതാണ് പെട്രോള്‍ സിയസ്.

ഫിയറ്റിന്‍െറ 1.3 ലിറ്റര്‍ ഡീസല്‍ DDiS എന്‍ജിന്‍ 89 ബി.എച്ച്.പി കരുത്തുല്‍പാദിപ്പിക്കും. ടര്‍ബോ ലാഗിന് പേരുകേട്ട എന്‍ജിനാണിത്. എന്നാല്‍ സിയസില്‍ ലാഗ് എര്‍ട്ടിഗപോലെ പ്രകടമല്ല. മാരുതി എന്‍ജിനീയര്‍മാര്‍ ഇവനെ നന്നായി ട്യൂണ്‍ ചെയ്തിട്ടുണ്ട്. 1800 ആര്‍.പി.എം മുതല്‍ 5200 വരെ നല്ല പവര്‍ഡെലിവറി പ്രതീക്ഷിക്കാം. മികച്ച മൈലേജാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്. സസ്പെന്‍ മികവ് കൂടി പറയാതെ സിയസ് വിശേഷങ്ങള്‍ തീരുന്നില്ല. ഇന്ത്യന്‍ നിരത്തുകളിലെ കുണ്ടും കുഴികളും ഉള്ളിലറിയിക്കാതെ ഒപ്പിയെടുക്കുന്നതില്‍ മാരുതിയിലെ വിദഗ്ധര്‍ വിജയിച്ചിട്ടുണ്ട്. വില 8 ലഷം മുതല്‍.
നിഗമനം
ഹോണ്ട സിറ്റി പെട്രോളിന്‍െറ വന്യമായ കരുത്തോ വെര്‍നയുടെ രൂപസൗകുമാര്യമോ സിയസിനില്ല. വാഹനംകൊണ്ട് നിരത്തില്‍ കുതിര കളിക്കുന്നവര്‍ക്കും സിയസ് പറ്റിയതല്ല. സുഖയാത്ര, സ്വസ്ഥമായ മനസ്, ഹൈവേകളില്‍ അത്യാവശ്യം കുതിപ്പ്, കുറ്റം പറയാത്ത ചാരുത ഇതൊക്കെയാണ് സിയസ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.