എക്സ് ത്രീ വീണ്ടും

ഒരുപാട് അരികള്‍ക്കിടയില്‍ ബസുമതിക്കുള്ളപോലൊരു ബഹുമാനമാണ് എസ്.യു.വികള്‍ക്ക് വാഹനലോകത്ത് കിട്ടുന്നത്. കുറെ ആഡംബരവും കുറച്ച് സാഹസികതയും ഒളിപ്പിച്ച സുമുഖന്മാരാണ് നമ്മുടെ നാട്ടില്‍ ഈ വിപണി കൈയാളുന്നത്. മറുനാട്ടിലെ പോലല്ല ഈ നാട്ടിലെ എസ്.യു.വി വിപണി. വിദേശത്ത് നോക്കിയും കണ്ടുമൊക്കെ എസ്.യു.വികള്‍ ഉണ്ടാക്കിയില്ളെങ്കില്‍ വിവരമറിയും. മരുഭൂമിയില്‍ തലകുത്തി നിര്‍ത്താനും നയാഗ്രയിലൂടെ താഴേക്ക് ചാടിക്കാനുമൊക്കെയാണ് സാധാരണ എസ്.യു.വികള്‍ ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ ഈ കുഴപ്പമില്ല. മലയിലും കല്ലിലുമൊക്കെയിട്ട് ഉരുട്ടാനായി ഉണ്ടാക്കുന്നതാണെങ്കിലും 10 വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞിനെക്കാള്‍ കരുതലോടെയാണ് ഇവയെ പരിപാലിക്കുന്നത്. ഇത്തരം കുട്ടികളില്‍ അല്‍പം ഐ.ക്യൂ കൂടിയ ഇനമാണ് ബി.എം.ഡബ്ള്യു എക്സ് ത്രീ. 2003ല്‍ ജനിച്ച എക്സ് ത്രീക്ക് ലോകം മുഴുവന്‍ വളര്‍ത്തച്ഛന്മാരുണ്ട്. 2011ല്‍ കൗമാരം പിന്നിട്ട ഇവന്‍െറ യുവത്വംതുടിക്കുന്ന രൂപം ഇപ്പോള്‍ ബി.എം. ഡബ്ള്യു പുറത്തിറക്കി. മൂന്നാം തലമുറ എക്സ് ത്രീയെന്നാണ് ഇതിനെ കച്ചവടക്കാര്‍ വിളിക്കുന്നത്്. ചെന്നൈയിലെ ഫാക്ടറിയില്‍ രൂപംകൊള്ളുന്ന എക്സ് ത്രീ ഡീസല്‍ എന്‍ജിനില്‍ മാത്രമേ കിട്ടൂ. 1995 സി.സി നാല് സിലിണ്ടര്‍ എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 190 ബി.എച്ച്.പി കരുത്ത് നല്‍കും. 400 എന്‍.എം ആണ് ടോര്‍ക്ക്. ബി.എം.ഡബ്ള്യു സ്വന്തമായി വികസിപ്പിച്ച സ്റ്റെപ്ട്രോണിക് സാങ്കേതികവിദ്യയോടു കൂടിയ എട്ട് സ്പീഡ് ഗിയറാണ് ഇവക്കുള്ളത്. 8.2 സെക്കന്‍ഡില്‍ 100 കി.മീറ്റര്‍ വേഗമെടുക്കും. മണിക്കൂറില്‍ പരമാവധി 210 കി.മീറ്റര്‍ വേഗത്തില്‍ പായിക്കാം.

നഗരങ്ങളിലെ യാത്രക്ക് എക്കോ പ്രോ മോഡും ഹൈവേ ഡ്രൈവിനായി സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ളസ് മോഡുകളും നല്‍കിയിട്ടുണ്ട്. ആവേശം മൂത്ത് പരവേശമാകാതിരിക്കാനുള്ള മുന്‍കരുതലാണിത്. വിലകുറഞ്ഞ മോഡലായ എക്സ് ഡ്രൈവ് 20 ഡി എക്സ്പെഡിഷന് 45 ലക്ഷം രൂപയാണ് വില. മുന്തിയ ഇനമായ  എക്സ് ലൈനിന് അരക്കോടി തികച്ച് നല്‍കണം. വലുപ്പവും രൂപവും കാര്യമായി മാറിയില്ളെങ്കിലും ആകര്‍ഷകത്വം കുറച്ചേറെ കൂടിയിട്ടുണ്ട്. പുറത്ത് എല്‍.ഇ.ഡി ലാമ്പുകള്‍, സൈ്ളഡ് ബ്ളിങ്കറോടു കൂടിയ പവര്‍ റിയര്‍ വ്യൂ മിററുകള്‍, ക്രോം ഗ്രില്‍, ടെയില്‍ ലാമ്പ് ക്ളസ്റ്റര്‍, ഫ്രണ്ട് റിയര്‍ ബമ്പറുകള്‍, സ്പോര്‍ട്ടി അലോയ് വീലുകള്‍ എന്നിവ പരിഷ്കരിച്ചു. അകത്ത്  ലെതര്‍ അപ്ഹോള്‍സ്റ്ററി, പിയാനോ ബ്ളാക് സെന്‍റര്‍ കണ്‍സോള്‍, പുതിയ കബോര്‍ഡുകള്‍, ഓട്ടമാറ്റിക് ബൂട്ട് ഓപണര്‍ എന്നിവയൊക്കെ സ്ഥാനം പിടിച്ചു.  ഒൗഡി ക്യു ഫൈവ്, ഫ്രീലാന്‍ഡര്‍ ടു, വോള്‍വോ എക്സ് സി 60 എന്നിവയോടൊക്കെയാണ് പുതിയ എക്സ് ത്രീക്ക് മത്സരിക്കേണ്ടിവരുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.