ഫിയറ്റ് ഒരു സംഭവമാണെന്ന് നമ്മുക്കറിയാം. അമ്പാസഡറും ഫിയറ്റും നിരത്തുവാണിരുന്ന കാലം ഇപ്പോഴും മിക്കവരുടേയും ഓര്‍മകളില്‍ സജീവമാണ്. ലോകത്ത് ഏറ്റവുംകൂടുതല്‍ എഞ്ചിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയും ഫിയറ്റാണ്. മാരുതിയും ടാറ്റയും ഉള്‍പ്പടെ തങ്ങളുടെ സൂറ്റര്‍സ്റ്റാര്‍ മോഡലുകളില്‍ ഉപയോഗിക്കുന്നത് ഈ എഞ്ചിനുകളാണ്. എന്നാല്‍ അബാര്‍ത്ത് എന്ന ബ്രാന്‍ഡ് നമുക്കത്ര പരിചിതമല്ല. ഫിയറ്റിനെപ്പോലെ ഇതും ഒരു ഇറ്റാലിയന്‍ ജനുസാണ്. 1949ലാണ് അബാര്‍ത്ത് ജന്മമെടുക്കുന്നത്. കാര്‍ലോ അബാര്‍ത്ത് എന്ന സായിപ്പാണ് കമ്പനി സ്ഥാപിച്ചത്. ഈ സായിപ്പിന്‍െറ ജന്മനക്ഷത്രമായ തേളാണ് കമ്പനിയുടെ ലോഗോ ആയി നിശ്ചയിച്ചത്. സ്പോര്‍ട്സ് കാറുകള്‍ മാത്രമാണ് ആദ്യകാലം മുതല്‍ അബാര്‍ത്ത് ബ്രാന്‍ഡില്‍ ഇറങ്ങിയത്. 1971ല്‍ കാര്‍ലോ അബാര്‍ത്തിനെ ഫിയറ്റിന് വിറ്റു. ഫിയറ്റ് തങ്ങളുടെ റാലി വിഭാഗമായി കരിന്തേളിനെ മാറ്റി. ആദ്യം ഹൈ പെര്‍ഫോമന്‍സ് വാഹനങ്ങള്‍ മാത്രമാണ് അബാര്‍ത്ത് എന്ന പേരില്‍ ഇറങ്ങിയിരുന്നത്. 2007ലാണ് യാത്രാ വാഹനങ്ങള്‍കൂടി ഈ വിഭാഗത്തില്‍ ഇറക്കാന്‍ ഫിയറ്റ് തീരുമാനിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയിലും ഫിയറ്റ് അബാര്‍ത്ത് ലഭ്യമായിരിക്കുന്നു. അതും അതിശയപ്പെടുത്തുന്ന വിലക്ക്.
അബാര്‍ത്ത് പൂന്തോ ഇവോ
ഇന്ത്യയുടെ റേസിങ്ങ് കളിത്തട്ടായ ബുദ്ധ് ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് പൂന്തോ ഇവോയെ ആദ്യമായി അവതരിപ്പിച്ചത്. നല്ല കറുത്ത കരിന്തേള് തന്നെയാണ് ഇവോ. അലോയ് വീലുകള്‍ തേളിന്‍െറ കാലുകളെ ഓര്‍മിപ്പിക്കും. ചുവപ്പിന്‍െറ ഫിനിഷുകള്‍ വാഹന ശരീരത്തിന് ചന്തം നല്‍കുന്നു. അബാര്‍ത്ത് എന്നെഴുതിയ ബോഡി ഗ്രാഫിക്സുമുണ്ട്. എന്നാലിതൊന്നുമല്ല യഥാര്‍ഥ വിശേഷം. ഇവന്‍െറ ഹൃദയ രഹസ്യങ്ങളാണ് അതികേമം. 1368 സി.സി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കുതിരശക്തി എത്രയെന്നോ; 143. 2000 മുതല്‍ 4000 ആര്‍.പി.എം വരെ 21.57 കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വിലയാകട്ടെ 10.2 ലക്ഷം മാത്രം. അപ്പോള്‍ ഉറപ്പായും പാവപ്പെട്ടവന്‍െറ ലാംബോര്‍ഗിനി എന്നൊക്കെ ഇവനെ വിശേഷിപ്പിക്കാം. ചിലരൊക്കെ മൈലേജെന്താ പറയാത്ത് എന്ന് മനസില്‍ കരുതുന്നുണ്ടാകും. ഇത്തരക്കാര്‍ തല്‍ക്കാലം ഇവോ വാങ്ങേണ്ടതില്ല. കാരണം നിങ്ങള്‍ക്കുള്ളതല്ല അബാര്‍ത്ത് വാഹനങ്ങള്‍. എങ്കിലും ആകാംഷ അടക്കാനാകാത്തവര്‍ക്കുവേണ്ടി പറയാം. ഒരു 12 മുതല്‍ 14 വരെ കിട്ടും. ഇത്തിരി കുറഞ്ഞാലും കുറ്റം പറയരുത്.
മറ്റ് വിശേഷങ്ങള്‍
പരമ്പരാഗത അഞ്ച് സ്പീഡ് ഗിയര്‍ബോക്സും ഹൈഡ്രോളിക് സ്റ്റിയറിങ്ങുമാണ് വാഹനത്തിന്. പിന്നിലും ഡിസ്ക് ബ്രേക്ക് നല്‍കിയിട്ടുണ്ട്. നല്ല കരുത്തും ഇറുകിയതുമായ സസ്പെന്‍ഷന്‍ ഉയര്‍ന്ന വേഗത്തിലും മികച്ച നിയന്ത്രണം തരും. ഉയര്‍ന്ന വേഗത്തിലെ കാറ്റുപിടിത്തം കുറക്കാന്‍ ഗ്രൗണ്ട് ക്ളിയറന്‍സ് 30എം.എം കുറച്ച് 155 ആക്കിയിട്ടുണ്ട്. ക്രോം ഫിനിഷോടുകൂടിയ മുന്‍ ബമ്പറുകളും ഫോഗ് ലാമ്പുകളും പിന്നിലെ ഇരട്ട എക്സ്ഹോസ്റ്റ്, തിളങ്ങുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ആകര്‍ഷകം. സ്റ്റിയറിങ്ങ് വീലിനോട് ചേര്‍ന്നുള്ള ഡ്രൈവറുടെ ഇരുപ്പ് ചിലര്‍ക്കെങ്കിലും അത്ര സുഖമുള്ളതാകില്ല. ഡാഷ്ബോര്‍ഡും സീറ്റുകളും നിലവാരമുള്ളത്.
കറുപ്പ് നിറമാണ് കൂടുതലും. സ്റ്റിയറിങ്ങ് വീലിലെ നിയന്ത്രണങ്ങള്‍, ഉരുണ്ട എ.സി വെന്‍റുകള്‍, തിളങ്ങുന്ന പെഡലുകള്‍, ഓഡിയോ സിസ്റ്റം തുടങ്ങിയവ വാഹനത്തിനുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലത്തൊന്‍ കേവലം 9.54 സെക്കന്‍ഡ് മതി. ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഹാച്ചുകളിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണിത്. കുറഞ്ഞ ആ.പി.എം മുതല്‍ ലഭിക്കുന്ന അനുസ്യൂതമായ കരുത്താണ് അബാര്‍ത്ത് പൂന്തോയുടെ വലിയ സവിശേഷത. കാലുകള്‍ ആക്സിലറേറ്ററില്‍ അമര്‍ത്തിത്തുടങ്ങുമ്പോള്‍ മുതല്‍ ഈ കരുത്ത് അനുഭവിക്കാനാകും. സാധാരണ സ്പോര്‍ട്സ് കാറുകള്‍ അവയുടെ ശബ്ദത്തിനുകൂടി പ്രശസ്തമാണ്. എന്നാലത്ര ആകര്‍ഷകമായ ശബ്ദമൊന്നുമല്ല അബാര്‍ത്തിന്‍േറത്. റോഡുകളില്‍ ആധിപത്യം ഉറപ്പിക്കാനാഗ്രഹിക്കുന്ന, അതിന് അല്‍പ്പം പണം മുടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ കരിന്തേളിനെ വാങ്ങി ലാളിച്ച് വളര്‍ത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.