തിരുവനന്തപുരം: മരണ നിരത്തായി മാറുന്ന സംസ്ഥാനത്തെ റോഡുകളിൽ പൊലിയുന്നതിലേറെയും ഇരുചക്രവാഹന യാത്രികരുടെ ജീവൻ. കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ച 3975 പേരിൽ 1450 ഉം ഇരുചക്രവാഹന യാത്രികരാണ്. ബൈക്കപകടങ്ങളിൽ 1088ഉം സ്കൂട്ടർ അപകടങ്ങളിൽ 362 പേരുമാണ് മരിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തെ പൊലീസ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2024ൽ ആകെ 48,841 അപകടങ്ങൾ. ഇതിൽ 19001ഉം ഇരുചക്രവാഹനങ്ങൾ. 13,415 ബൈക്കപകടങ്ങളും 5586 സ്കൂട്ടർ അപകടങ്ങളും ഉണ്ടായി. ഓരോ വർഷവും ഇരുചക്രവാഹനാപകടങ്ങൾ വർധിക്കുകയാണ്. എന്നാൽ, മരണനിരക്കിൽ നേരിയ കുറവ് ഉണ്ടാകുന്നുണ്ട്.
റോഡിലെ അപകടങ്ങളിൽ മുന്നിൽ കാറുകളാണ്. കഴിഞ്ഞ വർഷം 14,550 കാർ അപകടങ്ങളിൽ 820 പേരുടെ ജീവൻ നഷ്ടമായി. 2023ൽ 14027ഉം 2022ൽ 12681ഉം 2021ൽ 9822ഉം 2020ൽ 7729ഉം കാറപകടങ്ങളുണ്ടായി. 4003 പേരുടെ ജീവനാണ് അഞ്ചുവർഷത്തിനിടെ നഷ്ടമായത്.
കെ.എസ്.ആർ.ടി.സി ബസുകൾ വരുത്തുന്ന അപകടങ്ങളും ഇതുവഴിയുള്ള മരണങ്ങളും വർധിച്ചു. 772 അപകടങ്ങളിൽ 147 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. 2023ൽ 688 അപകടങ്ങളിൽ 103 പേരും 2022ൽ 551 അപകടങ്ങളിൽ 113 പേരും മരിച്ചു.
2021ലും 2020ലും കോവിഡ് കാലമായതിനാൽ അപകടനിരക്ക് താരതമ്യേന കുറവാണ്. 2021ൽ 329ഉം 2020ൽ 296ഉം ബസ് അപകടങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഈ രണ്ടുവർഷം ആകെ 114 പേരാണ് മരിച്ചത്.
എറണാകുളം ജില്ലയിലാണ് കഴിഞ്ഞ വർഷം വാഹനാപകടങ്ങൾ കൂടുതലുണ്ടായത്; 7567. എറണാകുളം റൂറലിൽ 4400ഉം സിറ്റിയിൽ 3167ഉം അപകടങ്ങളുണ്ടായി. 489 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് 5772 അപകടങ്ങളിൽ 484 പേരുടെ ജീവൻ നഷ്ടമായി.
കോഴിക്കോട് 4904 അപകടങ്ങളിൽ 315 പേരാണ് മരിച്ചത്. പാലക്കാട് 3058ൽ 333 പേരും മലപ്പുറത്ത് 3483ൽ 316 പേരും മരിച്ചു. മുൻ വർഷങ്ങളിലും എറണാകുളത്താണ് വാഹനാപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.