2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാകില്ല, ഇ.വി മാത്രം; വാഹന നയം അവതരിപ്പിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ. പെട്രോൾ വാഹനങ്ങൾക്ക് സമയബന്ധിതമായ നിയന്ത്രണങ്ങൾ, കർശനമായ ഫ്ലീറ്റ് നിയന്ത്രണങ്ങൾ, ഇ.വിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ, ചാർജിങ് സൗകര്യത്തിന്റെ വിപുലീകരണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇ.വി നയം.

ഡൽഹിയിലെ വായു മലിനീകരണ പ്രതിസന്ധിക്ക് കാരണമാകുന്ന ഇന്ധന വാഹനങ്ങളുടെ ഉപയോഗം കുറകുക, നഗരത്തെ പൂർണമായും പരിസ്ഥിതി സൗഹൃദ സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയവയാണ് ലക്ഷ്യം. ഗതാഗത വകുപ്പ് പുറത്തിറക്കിയ ഇ.വി കരട് നയം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾക്കായി 30 ദി​വസത്തേക്ക് സമർപ്പിച്ചു.

2027 ജനുവരി ഒന്നുമുതൽ ഇലക്ട്രിക് മുചക്ര വാഹന വാഹനങ്ങൾക്ക് മാത്രമാണ് പുതിയ രജിസ്ട്രേഷന് അനുമതി നൽകുക. 2028 ഏപ്രിൽ ഒന്നുമുതൽ ഇരുചക്ര വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാകും. ഇതോടെ ഡൽഹിയിൽ പെട്രോൾ ടു വീലറുകളുടെ രജിസ്ട്രേഷന് അനുമതിയുണ്ടാകില്ല. കൂടാതെ അഗ്രഗേറ്റർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും. ഡെലിവറി സർവിസിനായി ഉപയോഗിക്കുന്ന ടു വീലറുകളും ഗുഡ്സ് വാഹനങ്ങളും 2026 ജനുവരി ഒന്നുമുതൽ ഇലക്ട്രിക് മാത്രമായിരിക്കും. നിലവിലുള്ള ബി.എസ്-VI ഇരുചക്ര വാഹനങ്ങൾക്ക് 2026 ഡിസംബർ 31 വരെ മാത്രമേ അനുമതി നൽകൂവെന്നും നയം വ്യക്തമാക്കുന്നു.

സ്കൂൾ ബസുകളും സർക്കാർ വാഹനങ്ങൾക്കും പുതിയ നയം ബാധകമാകും. സ്കൂൾ ബസുകൾ ഘട്ടംഘട്ടമായാണ് ഇലക്ട്രിക് ആക്കുക. രണ്ടാം വർഷത്തിൽ 10 ശതമാനം വൈദ്യുത വാഹനങ്ങളാക്കുക, മൂന്നാം വർഷത്തിൽ 20ശതമാനം, 2030 ആകുമ്പോഴേക്കും 30ശതമാനം എന്നിങ്ങനെയാണ് ലക്ഷ്യം. ഇനിമുതൽ വാടകക്കെടുക്കുന്നതും പാട്ടത്തിനെടുക്കുന്നതുമായ സർക്കാർ വാഹനങ്ങൾ നൂറുശതമാനവും ഇലക്ട്രിക് ആയിരിക്കും. കൂടാതെ പുതിയതായി വാങ്ങുന്ന സർക്കാർ വാഹനങ്ങളെല്ലാം ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഗതാഗത സംവിധാനത്തിന് കീഴിലുള്ള പുതിയ അന്തർ സംസ്ഥാന ബസുകളും ഇലക്ട്രിക്കിലേക്ക് മാറും.

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രത്യേക സബ്സിഡികളും നികുതി ഇളവുകളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ബാറ്ററി ശേഷി അനുസരിച്ച് സബ്‌സിഡികൾ ലഭിക്കും. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും സമാനമായ ആനുകൂല്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. അതേസമയം നിർദ്ദിഷ്ട വ്യവസ്ഥകളിൽ ഇലക്ട്രിക് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.

പഴയ ബി.എസ് -IV അല്ലെങ്കിൽ അതിന് താഴെയുള്ള വാഹനങ്ങൾ മാറ്റിസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്ക്രാപ്പേജ് ആനുകൂല്യങ്ങളും നൽകും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100ശതമാനം ഇളവ് നൽകാനും കരട് നിർദ്ദേശിക്കുന്നു. അതേസമയം ഹൈബ്രിഡ് വാഹനങ്ങൾക്ക് ഭാഗിക ഇളവുകളാണ് നൽകുക.

ഡൽഹിയിലുടനീളം ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യം വർധിപ്പിക്കുക എന്നതാണ് നയത്തിന്റെ മറ്റൊരു ലക്ഷ്യം. ചാർജിങ്, ബാറ്ററി സ്വാപ്പിങ് നെറ്റ്‌വർക്കിന്റെ ആസൂത്രണം, നടപ്പാക്കൽ, ഗ്രിഡ് സംയോജനം എന്നിവയുടെ നോഡൽ ഏജൻസിയായി ഡൽഹി ട്രാൻസ്‌കോ ലിമിറ്റഡിനെ നിയമിക്കുകയും ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ വർധനവ് ബാറ്ററി മാലിന്യമുണ്ടാകാതിരിക്കാൻ ശാസ്‍ത്രീയമായ റീസൈക്ലിങ് സംവിധാനം കൊണ്ടുവരും. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയായിരിക്കും സബ്സിഡികളും മറ്റും വിതരണം ചെയ്യുക. 

Tags:    
News Summary - Petrol 2 Wheelers Cant Be Registered In Delhi From 2028 EV Draft Policy Proposes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.