ഹ്യുണ്ടായ് വാഹനനിര

ജി.എസ്.ടി പരിഷ്ക്കരണത്തോടൊപ്പം നവരാത്രി ആഘോഷവും; കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള റെക്കോഡ് ബുക്കിങ് സ്വന്തമാക്കി ഹ്യുണ്ടായ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള റെക്കോഡ് ബുക്കിങ് നേട്ടവുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ സെപ്റ്റംബർ 22ന് മാത്രം 11,000ത്തിലധികം കാറുകളുടെ ബുക്കിങ്ങാണ് ഹ്യുണ്ടായ്‌ക്ക് ലഭിച്ചത്. പരിഷ്‌ക്കരിച്ച ജി.എസ്.ടി 2.0 പ്രകാരം ഗുണഭോക്താക്കൾക്ക് നികുതിയിൽ ലഭിക്കുന്ന ഇളവും ബുക്കിങ് വർധിപ്പിച്ചതായി കമ്പനി പറഞ്ഞു.

'നവരാത്രി ആഘോഷങ്ങൾക്ക് പുറമെ പരിഷ്‌ക്കരിച്ച ജി.എസ്.ടി 2.0 ആനുകൂല്യങ്ങളും വാഹനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. അതിനാൽ ഫെസ്റ്റിവൽ ഓഫറുകൾക്ക് പുറമെ ജി.എസ്.ടിയിൽ വന്ന മാറ്റങ്ങൾ പ്രകാരം നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനം 11,000 ബുക്കിങ് നേടിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഇത് കമ്പനിയുടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലുള്ള റെക്കോഡ് നേട്ടമാണെന്ന്' ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ തരുൺ ഗാർഗ് പറഞ്ഞു.

ക്രെറ്റ , അൽകാസർ മോഡലുകൾക്ക് വിലകുറഞ്ഞു

ഹ്യുണ്ടായ് എസ്.യു.വി വാഹനനിരയിൽ ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തുന്നത് ക്രെറ്റ, അൽകാസർ, എക്സ്റ്റർ മോഡലുകളാണ്. ഈ എസ്.യു.വികളെല്ലാം തന്നെ ജി.എസ്.ടി 2.0യുടെ കീഴിൽ വരുന്നതിനാൽ നികുതിയിൽ ഇളവ് ലഭിക്കുന്നുണ്ട്. ക്രെറ്റയുടെ സ്റ്റാൻഡേർഡ് വകഭേദത്തിന് 72,145 രൂപയും എൻ ലൈൻ വകഭേദത്തിന് 71,762 രൂപയും ജി.എസ്.ടി ഇനത്തിൽ ഇളവ് ലഭിക്കും. അൽകാസർ എസ്.യു.വി വേരിയന്റിൽ 75,376 രൂപയുടെ ആനുകൂല്യവും നികുതിയിനത്തിൽ ലഭിക്കുന്നുണ്ട്.

ഏറ്റവും വിലകുറവ് ട്യൂസണിന്

പ്രീമിയം ട്യൂസൺ എസ്.യു.വിക്കാണ് ഹ്യുണ്ടായ് വാഹനനിരയിൽ ഏറ്റവും ഇളവ് ലഭിക്കുന്നത്. 2,40,303 ലക്ഷം രൂപയാണ് ട്യൂസണിന് ലഭിക്കുന്ന ജി.എസ്.ടി ഇളവ്. ജീപ്പ് കോമ്പസ്, സിട്രോൺ C5 എയർക്രോസ് മോഡലുകളോട് ശക്തമായ എതിരാളിയായാണ് ട്യൂസൺ വിപണിയിൽ എത്തുന്നത്.

മറ്റ് മോഡലുകൾക്ക് ലഭിക്കുന്ന ഇളവുകൾ

ജി.എസ്.ടി പരിഷ്ക്കരണത്തിൽ ഹ്യുണ്ടായ് ഐ.സി.ഇ നിരയിലെ എല്ലാ വാഹനങ്ങളും നികുതി ഇളവിൽ ഉൾപെടും. കോംപാക്ട് എസ്.യു.വിയായ വെന്യൂ 1,23,659 ലക്ഷം രൂപയുടെ ആനുകൂല്യത്തിൽ സ്വന്തമാക്കാം. കൂടാതെ എക്സ്റ്റർ എസ്.യു.വിക്കും 89,209 രൂപയുടെ ഇളവ് ലഭിക്കും. ഹാച്ച്ബാക്ക് വാഹനങ്ങളായ ഹ്യുണ്ടായ് ഐ10, ഐ20 മോഡലുകൾക്ക് 98,053 രൂപയും 73,000 രൂപയുടെയും സെഡാൻ സെഗ്‌മെറ്റിലെ 'ഒറ' കാറിന് 78,000 രൂപയുടെ ജി.എസ്.ടി ഇളവും ലഭിക്കും.

Tags:    
News Summary - Navratri celebration along with GST reform; Hyundai owns the record booking in the last five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.