നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം

പുത്തൻ ലുക്കിൽ സ്വയം ഡ്രൈവ് ചെയ്ത് മമ്മൂക്ക വിമാനത്താവളത്തിൽ എത്തിയത് ഇഷ്ട്ട വാഹനത്തിൽ; ടൊയോട്ട ലാൻഡ് ക്രൂയിസറിനെകുറിച്ച് കൂടുതൽ അറിയാം

വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറുകളിൽ '369' എന്ന നമ്പർ കണ്ടാൽ മലയാളികൾ ഒന്ന് ശ്രദ്ധിക്കും. അത് സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ വാഹനമാണോ എന്ന്. കാരണം 369 എന്ന നമ്പർ മറ്റൊരു ഐഡന്റിറ്റിയാക്കി നടൻ മാറ്റിയിട്ടുണ്ട്. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടൻ മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയതും KL 07 DH 0369 എന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 GR സ്പോർട്ടിൽ. സുരക്ഷയിൽ ഒട്ടും പിന്നിലല്ലാതെ വാഹനങ്ങൾ തെരഞ്ഞെടുക്കുന്ന നടന്റെ ഈ ഇഷ്ട്ടവാഹനത്തെ കുറിച്ച് കൂടുതൽ അറിയാം.


ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ഏറ്റവും കരുത്തുറ്റ 4x4 (ഫോർ-വീൽ ഡ്രൈവ്) വാഹനമാണ് ലാൻഡ് ക്രൂയിസർ LC300 GR സ്‌പോർട്. ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രിയപ്പെട്ട ഈ മോഡൽ മരുഭൂമിയിലെ പടക്കുതിരയായാണ് അറിയപ്പെടുന്നത്. 3.3-ലിറ്റർ, 3346 സി.സി, 6 സിലിണ്ടർ, 4 വാൽവ്, ട്വിൻ ടർബോ ചാർജ്ഡ് V6 എൻജിനാണ് ലാൻഡ് ക്രൂയിസർ LC300 GR സ്‌പോർട് മോഡലിന്റെ കരുത്ത്. ഇത് 4000 ആർ.പി.എമിൽ 304.41 ബി.എച്ച്.പി പവറും 1600-2600 ആർ.പി.എമിൽ 700 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. ടർബോ ചാർജ്ഡ് എൻജിനെ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കി 10 സ്പീഡ് ഗിയർ ഷിഫ്റ്റിങ്ങിലാണ് എൻജിൻ സജ്ജീകരിച്ചിരിക്കുന്നത്.


ടൊയോട്ട ഗാസൂ റേസിങ് വികസിപ്പിച്ചെടുത്ത 300 സീരിസിൽ ഉൾപ്പെടുന്ന വാഹനമാണ് LC300 GR സ്‌പോർട്. സാൻഡ്, മഡ്, ഡീപ്പ് സ്നോ, റോക്ക് എന്നീ വ്യത്യസ്ഥ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നിൽ കൂടുതൽ ഡ്രൈവിങ് മോഡുകൾ മോഡലിനുണ്ട്. കൂടാതെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 10 എസ്.ആർ.എസ് എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ഡിപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലൈൻ അലർട്ട്, 360 ഡിഗ്രി കാമറ, ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ്‌ ഡിസ്ട്രിബൂഷനോട് (EBD) കൂടിയ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC) തുടങ്ങിയ ഫീച്ചറും വാഹനത്തിന് ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻവശത്തും പിൻവശത്തും വ്യത്യസ്ത ഡിഫറൻഷ്യൽ ലോക്കുകൾ, E-KDSS (ഇലക്ട്രോണിക്-കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം), അഡാപ്റ്റീവ് വേരിയബിൾ സസ്‌പെൻഷൻ (AVS), ഡൗൺഹിൽ അസിസ്റ്റ് കണ്ട്രോൾ (DAC), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ (HAC) എന്നിവ ഓഫ് റോഡ് ഡ്രൈവിന് പിന്തുണ നൽകാൻ ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 GR സ്പോർട്ടിൽ നൽകിയിട്ടുണ്ട്.


ആപ്പിൾ കാർപ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ സംവിധാനത്തിൽ 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ജെ.ബി.എൽ പ്രീമിയം 14 സ്‌പീക്കറുകൾ, ഹെഡ്-അപ്-ഡിസ്പ്ലേ, റിയർ എന്റർടൈൻമെന്റ് സിസ്റ്റം എന്നിവ ലാൻഡ് ക്രൂയിസർ LC300 GR സ്പോർട്ടിന്റെ പ്രത്യേകതകളാണ്. കൂടാതെ ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (Global NCAP) ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേട്ടത്തിലാണ് ഈ എസ്.യു.വി വിപണിയിൽ എത്തുന്നത്. 2025 സെപ്റ്റംബർ മാസം അടിസ്ഥാനമാക്കി 2.25 കോടിരൂപയാണ് ലാൻഡ് ക്രൂയിസർ LC300 GR സ്പോർട്ടിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില.

Tags:    
News Summary - Mammootty arrived at the airport in his new-look self-driving vehicle; Know more about the Toyota Land Cruiser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.