അഡ്വ. സൗമിക് സിൻഹ റോയും കുടുംബവും മഹീന്ദ്ര എക്സ്.ഇ.വി 9ഇ ഡെലിവറി എടുക്കുന്നു
ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്നത് വളരെ അപകടസാധ്യതയുള്ളതും പ്രവചനാതീതവുമായതിനാൽ പലരും പേടിയോടെയാണ് നിക്ഷേപങ്ങൾ നടത്തുന്നത്. എന്നാൽ കൃത്യമായ നിരീക്ഷണം, ക്ഷമ, കഠിനാധ്വാനം തുടങ്ങിയ ഗുണങ്ങളുള്ള നിക്ഷേപകർക്ക് ലക്ഷങ്ങളുടെയും കോടികളുടെയും ലാഭം മാർക്കറ്റ് നേടിത്തരും. അത്തരത്തിലുള്ള ഒരു വിജയഗാഥ രചിക്കുകയാണ് പശ്ചിമ ബംഗാളിലെ യുവ നിക്ഷേപകനായ അഡ്വ. സൗമിക് സിൻഹ റോയ്.
ഒരൊറ്റ വ്യാപാരത്തിൽ ലഭിച്ച ലാഭത്തിൽ നിന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ബ്രാൻഡ് ന്യൂ എക്സ്.ഇ.വി 9ഇ ഇലക്ട്രിക് കാർ സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവാവ്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യുവാവ് ഇക്കാര്യം അറിയിച്ചത്. 'ട്രേഡിങ്ങ് ചൂതാട്ടമാണെന്ന് എന്നോട് പറഞ്ഞയാളെ ഞാൻ ഇപ്പോഴും തിരയുകയാണ്. എനിക്ക് XEV 9E ലഭിച്ച ഒരു മാസത്തെ എന്റെ ഒരൊറ്റ വ്യാപാരം ഇതാ.' എന്ന അടിക്കുറിപ്പോടെ തന്റെ കുടുംബവുമൊത്ത് കാർ ഡെലിവറി എടുക്കുന്ന ഫോട്ടോയാണ് റോയ് പങ്കുവെച്ചത്. എന്നാൽ സ്റ്റോക്കിനെ കുറിച്ചോ മറ്റ് വിവരങ്ങളോ റോയ് പങ്കുവെച്ചിട്ടില്ല.
മഹീന്ദ്ര എക്സ്.ഇ.വി 9ഇ
മഹീന്ദ്രയുടെ ഇലക്ട്രിക് നിർമാണ പ്ലാറ്റ്‌ഫോമായ ഇൻഗ്ലോ അടിസ്ഥാനമാക്കി നിർമിച്ച ഓൾ-ഇലക്ട്രിക് കൂപ്പെ എസ്.യു.വിയാണ് എക്സ്.ഇ.വി 9ഇ. ആഡംബര രീതിയിലുള്ള ഇന്റീരിയറും തകർപ്പൻ പ്രകടനവും വാഹനത്തെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മികച്ചതാക്കുന്നുണ്ട്. 59 kWh, 79 kWh എന്നീ രണ്ട് ബാറ്ററി പാക്കുമായാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചത്. ആദ്യ ബാറ്ററി പാക്ക് 542 കിലോമീറ്റർ റേഞ്ചും രണ്ടാമത്തെ ബാറ്ററി പാക്ക് 656 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
59 kWh ബാറ്ററി പാക്ക് 228 ബി.എച്ച്.പി പവറും 79 kWh ബാറ്ററി പാക്ക് 282 ബി.എച്ച്.പി പവറും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ് എക്സ്.ഇ.വി 9 ഇയിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 140 kW ഡിസി ചാർജർ ഉപയോഗിച്ച് 20 മിനിറ്റുകൊണ്ട് 20-80% വരെ ചാർജ് ചെയ്യാനും സാധിക്കും. മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് 663 ലിറ്ററിന്റെ അധിക ബൂട്ട് സ്പേസും എക്സ്.ഇ.വി 9ഇക്ക് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.