നിയമം ലംഘിക്കുന്നവർ ശ്രദ്ധിക്കുക; സൈലന്റായി നിങ്ങളുടെ പിന്നിൽ പൊലീസ് ഉണ്ടാകും

കേരള പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളുടെ ഭാഗമായി എഥർ ഇലക്ട്രികിന്റെ പുതിയ 16 റിസ്‍ത സ്കൂട്ടറുകൾ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളാണ് എഥർ എനർജി. ടവർമാഫിയ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് കേരള പൊലീസ് ഡെലിവറി എടുക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കൊച്ചിയിലെ എഥർ എനർജി ഡീലർഷിപ്പ് ഷോറൂമിലാണ് 16 ഇലക്ട്രിക് സ്കൂട്ടറുകൾ ഡെലിവറിക്കായി നിരത്തിനിർത്തിയിരിക്കുന്നത്. ടവർമാഫിയ എന്ന അക്കൗണ്ട് ഉടമ പൊലീസിനോട് സ്കൂട്ടറുകളെകുറിച്ച് ചോദിക്കുന്നതും പൊലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകുന്നതും വിഡിയോയിൽ കാണാം.

ആദ്യമായാണ് കേരള പൊലീസ് ഇലക്ട്രിക് വാഹനങ്ങൾ സേനയുടെ ഭാഗമാകുന്നത്. നേരത്തെ കേരള മോട്ടോർ വാഹന വകുപ്പ് ടാറ്റയുടെ നെക്‌സോൺ ഇ.വിയെ അവരുടെ സേനയിൽ എത്തിച്ചിരുന്നു. കേരള സർക്കാരിന്റെ സുരക്ഷിതമായ റോഡ്, ഗ്രീൻ പൊലീസിങ് സംവിധാനം എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കേരള പൊലീസ് സ്വന്തമാക്കിയത്. പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ പട്രോളിങ് ആവിശ്യങ്ങൾക്ക് മാത്രമായാകും ഈ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക.

എഥർ എനർജിയുടെ ഫാമിലി-ഓറിയന്റഡായ ഇലക്ട്രിക് സ്കൂട്ടറാണ് റിസ്‍ത. 2024ലാണ് കമ്പനി ഈ മോഡലിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. 2.9 kWh, 3.7 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളുമായാണ് റിസ്‍ത നിരത്തുകളിൽ എത്തുന്നത്. ആദ്യ ബാറ്ററി ഒറ്റചാർജിൽ 123 കിലോമീറ്റർ റേഞ്ചും രണ്ടാമത്തെ ബാറ്ററി 160 കിലോമീറ്റർ റേഞ്ചും എഥർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. രണ്ട് ബാറ്ററി പാക്കുകളിലും 4.3 kW PMSM മോട്ടോറാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഈ മോട്ടോറിന്റെ ഏറ്റവും കൂടിയ വേഗത പരിധി 80 km/h ആണ്.

സ്കിഡ്കണ്ട്രോൾ ഫോർ ട്രാക്ഷൻ, 7 ഇഞ്ച് കളർ ടി.എഫ്.ടി ഡിസ്പ്ലേ, സ്മാർട്ട് ഇക്കോ ആൻഡ് സിപ് എന്നീ രണ്ട് റൈഡിങ് മോഡുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിനുപുറമെ അഞ്ച് വർഷത്തെ ബാറ്ററി വാറന്റിയും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. 

Tags:    
News Summary - Law breakers, be careful; the police will be silently behind you.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.