1998 ലാണ് ആദ്യമെത്തിയത്. പിന്നീട് 2003, 2008, 2014, 2020, 2026 വർഷങ്ങളിൽ മുഖം മിനുക്കിയെത്തി. ഇപ്പോൾ വിപണി കീഴടക്കാൻ ആറാം തമ്പുരാൻ എത്തുന്നു. ഇന്ത്യയുടെ സ്വന്തം ഹോണ്ട സിറ്റി. ഇതുവരെയുള്ള കണക്കനുസരിച്ച് ഒമ്പത് ലക്ഷത്തിലധികം ഹോണ്ട സിറ്റി കാറുകൾ ഇന്ത്യയിൽ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതിൽ വലിയൊരു ശതമാനം കയറ്റിയയച്ചു. അതിനും കാരണമുണ്ട്. ഇന്ത്യയിൽ ഹോണ്ടയുടെ ഏറ്റവും വിജയകരമായ മോഡലാണ് ഹോണ്ട സിറ്റി. ഇന്ന് പലരുടെ മനസ്സിലും ബെൻസിനും ബി.എം.ഡബ്ല്യുവിനും ഒപ്പം സിറ്റിയുണ്ട്. അതിനാൽ പുതിയ മാറ്റവുമായാണ് സിറ്റി എത്തുന്നത്.
ഒരു ലീറ്റർ പെട്രോളടിച്ചാൽ 27.26 കി.മീ. ഹൈബ്രിഡ് അല്ലാത്ത മോഡലിന് 18 കി.മീയാണ് മൈലജ്. 1.5 ലീറ്റർ പെട്രോൾ എൻജിനും രണ്ടു മോട്ടോറുകളും ചേർന്ന് 126 പി.എസ് കരുത്തുണ്ട് സിറ്റിക്ക്. 253 എൻ.എം ടോർക്കും. ബാറ്ററി ഡിക്കിയിലാണ്. സ്പെയർ വീലുമുണ്ട്.
മൂന്നു മോഡിലാണ് സിറ്റിയുടെ പ്രവർത്തനം. 1. ഇ.വി- ചെറിയ വേഗത്തിൽ എൻജിൻ ഓണാകില്ല, മോട്ടറിലായിരിക്കും പ്രവർത്തനം. 2. ഹൈബ്രിഡ്- കുറച്ചു കൂടി കരുത്ത് വേണ്ടപ്പോൾ പെട്രോള്‍ എൻജിൻ ഓണായി ജനറേറ്റർ പോലെ ബാറ്ററി ചാർജു ചെയ്യും. മോട്ടറാണ് ഡ്രൈവ് ചെയ്യുക. 3. എൻജിന്‍- ഈ രീതിയിൽ എന്‍ജിനും മോട്ടറും ഒന്നിച്ച് പ്രവർത്തിക്കും. മോട്ടറാണ് വീലുകളിലേക്കുള്ള ശക്തി നൽകുന്നതെങ്കിലും അധിക ശക്തി എന്‍ജിനിൽ നിന്നെടുക്കും. അതീവ സുഖകരമായ ഡ്രൈവിങ് അനുഭവമാണ് സിറ്റി ഹൈബ്രിഡ് നൽകുക. ഓട്ടമാറ്റിക് ഗിയറിന് പാഡിൽ ഷിഫ്റ്റുമുണ്ട്.
121 പി.എസ് നാലു സിലണ്ടർ എൻജിനുമായി ഹൈബ്രിഡ് അല്ലാത്ത പെട്രോൾ മോഡൽ പുറത്തിറക്കുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക്ക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. ഇവക്ക് 17.97, 17.77 കി.മീ എന്നിങ്ങനെയാണ് മൈലേജ് ലഭിക്കുക.
പെട്രോൾ മാനുവൽ: എസ്‍.വി-12.07 ലക്ഷം, വി-13.37 ലക്ഷം, ഇസഡ്എക്സ്-15.33 ലക്ഷം, ഇസഡ്എക്സ് പ്ലസ്-16.22 ലക്ഷം. പെട്രോൾ ഓട്ടമാറ്റിക്: വി-14.37 ലക്ഷം, ഇസഡ്എക്സ്-16.33 ലക്ഷം, ഇസഡ്എക്സ് പ്ലസ്-17.22 ലക്ഷം. ഹൈബ്രിഡ്: ഇസഡ്എക്സ് പ്ലസ്-21.07 ലക്ഷം എന്നിങ്ങനെയാണ് വില.
‘ഹോണ്ട സെൻസിങ്’ എന്ന അഡാസ് ലെവൽ ടു സംവിധാനം കാറിന് സുരക്ഷയൊരുക്കും. 6 എയർബാഗുകൾ, 360 ക്യാമറ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, റെയിനൻ സെൻസിങ് വൈപ്പർ, ഓട്ടോ ഹെഡ് ലാംപ്, ലൈന്‍ വാച്ച് ക്യാമറ, ഓട്ടോ ഡിമ്മിങ് റിയർ വ്യൂ മിറർ, പാർക്കിങ് സെന്‍സർ തുടങ്ങി സൗകര്യങ്ങളും വാഹനത്തിലുണ്ട്.
20 ലക്ഷത്തിന്റെ പ്രീമിയം സെഡാന്‍ നോക്കുന്നവർക്ക് ഹൈബ്രിഡ് മോഡലും വില കുറവ് നോക്കുന്നവർക്ക് പെട്രോളും പരിഗണിക്കാം. ഫോക്സ് വാഗൻ വിർച്യൂസ്, സ്കോഡ സ്ലാവിയ, ഹ്യുണ്ടേയ് വെർന എന്നിവരാണ് സിറ്റിയുടെ എതിരാളികൾ. എന്നാൽ ഇവക്കൊന്നും ഹൈബ്രിഡ് ഇല്ലെന്നതും സിറ്റിക്ക് വിപണി അനുകൂലമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.