ആദ്യമായി ഒരു ഓട്ടോമാറ്റിക് കാർ ഓടിക്കാൻ കയറിയതാണ്. ഗിയർ ലിവറിന് അടുത്ത് P, R, N, D എന്ന അക്ഷരങ്ങൾക്കൊപ്പം S, M, L, B, W എന്നിങ്ങനെ കുറച്ച് അക്ഷരങ്ങൾ കൂടി കാണുന്നു. എന്തിനാണ് ഇത്രയധികം മോഡുകൾ? ഇതിൽ ഏതാണ് ഉപയോഗിക്കേണ്ടത്? അറിയാതെ ഏതെങ്കിലും മോഡിലേക്ക് മാറ്റിയാൽ വണ്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ? മാനുവൽ വാഹനങ്ങളോടിച്ചിട്ട്​ ഓട്ടോമാറ്റിക്ക്​ വാഹനത്തിൽ ആദ്യമായി കയറുമ്പോൾ ആകെ കൺഫ്യൂഷനാകും.

ഓട്ടോമാറ്റിക് കാർ ആദ്യമായി ഉപയോഗിക്കുന്ന പലർക്കും ഇത്തരം സംശയങ്ങൾ ഉണ്ടാകാം. ഇറങ്ങിയോടിയാലോ എന്നുവരെ തോന്നിപ്പോകും. എന്നാൽ നല്ല ഗതാഗതക്കുരുക്കുള്ള റോഡിൽ ഓട്ടോമാറ്റിക്കാണെങ്കിൽ കാലിനൊക്കെ എന്തുമാത്രം റെസ്റ്റ്​ കിട്ടുമെന്ന കാര്യം വരുമ്പോൾ ഓടാൻ തോന്നുകയുമില്ല. ഓരോ മോഡിനും അതിന്‍റേതായ ഉപയോഗമുണ്ട്. ചിലത് വേഗത്തിലുള്ള ആക്സിലറേഷന്​ സഹായിക്കുമ്പോൾ മറ്റു ചിലത് കയറ്റിറക്കങ്ങളിലും വഴുക്കുന്ന റോഡുകളിലും കൂടുതൽ നിയന്ത്രണം നൽകും. S, M, L, B, W എന്നീ മോഡുകൾ എന്തിനാണെന്നും എപ്പോൾ ഉപയോഗിക്കാമെന്നും നോക്കാം.

1. S- Sport Mode

പേര് സൂചിപ്പിക്കുന്നതുപോലെ സ്പോർട്ടി ഡ്രൈവിങ്ങിനുള്ള മോഡാണിത്. സാധാരണ ഡ്രൈവിങ്ങിനെക്കാൾ വേഗത്തിലുള്ള ആക്സിലറേഷൻ പ്രതികരണം ലഭിക്കും. എന്നാൽ ഇന്ധന ഉപഭോഗം കൂടും. ഇലക്​ട്രിക്ക്​ കാറാണെങ്കിൽ ചാർജ്​ വേഗം ഇറങ്ങിത്തീരുകയും ചെയ്യും. അവശ്യഘട്ടങ്ങളിലും ഓവർടേക്ക്​ ചെയ്യുമ്പോഴും മാത്രമായി പരിമിതപ്പെടുത്തിയാൽ കുഴപ്പമില്ലാതെ കൊണ്ടുനടക്കാവുന്ന മോഡാണിത്​.

2. M -Manual Mode

ഓട്ടോമാറ്റിക് കാറിൽ ഡ്രൈവർക്ക് സ്വയം ഗിയർ തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന മോഡാണിത്. ഗിയർ ലിവറിലൂടെയോ സ്റ്റിയറിങ്ങിന് പിന്നിലുള്ള പാഡിൽ ഷിഫ്റ്റുകളിലൂടെയോ ഗിയർ ഉയർത്താനും താഴ്ത്താനും സാധിക്കും. കയറ്റങ്ങളിലും ഇറക്കങ്ങളിലും ഡ്രൈവിങ്ങിൽ കൂടുതൽ നിയന്ത്രണം ആവശ്യമുള്ളപ്പോഴും ഇത് പ്രയോജനപ്പെടും. എന്നാൽ എല്ലാ കാറുകളിലും ഇതിന്റെ പ്രവർത്തനം ഒരുപോലെയല്ല.

3. L- Low Gear

കുറഞ്ഞ ഗിയറിൽ തുടരാൻ സഹായിക്കുന്ന മോഡാണിത്. സാധാരണ ഗിയർ മാറ്റത്തേക്കാൾ കുറഞ്ഞ ഗിയർ നിലനിർത്തുന്നതിലൂടെ എൻജിൻ ബ്രേക്കിങ് ലഭിക്കുകയും കുറഞ്ഞ വേഗത്തിൽ കൂടുതൽ നിയന്ത്രണം ലഭിക്കുകയും ചെയ്യും. കുത്തനെയുള്ള കയറ്റങ്ങൾ കയറുമ്പോഴും ഇറക്കങ്ങളിൽ വേഗം നിയന്ത്രിക്കുമ്പോഴും ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് നീണ്ട ഇറക്കങ്ങളിൽ ബ്രേക്കിൽ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.

4. B- Brake Mode

പേര് കണ്ട് ഇത് സാധാരണ ബ്രേക്കാണെന്ന് തെറ്റിദ്ധരിക്കരുത്. B മോഡ് പ്രധാനമായും ഇറക്കങ്ങളിൽ എൻജിൻ ബ്രേക്കിങ് വർധിപ്പിച്ച് വാഹനത്തിന്റെ വേഗം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിൽ ഈ മോഡ് റീജനറേറ്റീവ് ബ്രേക്കിങ് വർധിപ്പിക്കാനും സഹായിക്കാം. അതായത്, വാഹനം വേഗം കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന ഊർജത്തിന്റെ ഒരു ഭാഗം വൈദ്യുതിയായി വീണ്ടെടുത്ത് ബാറ്ററിയിൽ സംഭരിക്കാൻ സാധിക്കും.

5. W- Winter Mode

മഞ്ഞുവീഴ്ചയുള്ളതോ വഴുക്കുന്നതോ ആയ റോഡുകളിൽ വാഹനത്തിന്റെ നിയന്ത്രണം മെച്ചപ്പെടുത്താൻ രൂപകൽപ്പന ചെയ്ത മോഡാണിത്. ചില കാറുകളിൽ വാഹനം ഉയർന്ന ഗിയറിൽ തുടങ്ങുകയും ആക്സിലറേറ്ററിന്റെ പ്രതികരണം മൃദുവാക്കുകയും ചെയ്യും. ഇതിലൂടെ ടയറുകൾ പെട്ടെന്ന് കറങ്ങി പിടിവിട്ട് പോകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. മഞ്ഞുവീഴ്ചയുള്ള രാജ്യങ്ങളിലാണ് ഈ മോഡ് കൂടുതൽ പ്രയോജനപ്പെടുന്നത്. എന്നാൽ നനഞ്ഞ റോഡുകളിലും വഴുക്കലുള്ള സാഹചര്യങ്ങളിലും വാഹനത്തിന്റെ മാനുവൽ നിർദേശമനുസരിച്ച് ഉപയോഗിക്കാം.

എല്ലാ ഓട്ടോമാറ്റിക് കാറുകളിലും ഈ മോഡുകളുണ്ടോ?

ഇല്ല. എല്ലാ ഓട്ടോമാറ്റിക് കാറുകളിലും S, M, L, B, W എന്നീ മോഡുകൾ ഉണ്ടായിരിക്കണമെന്നില്ല. വാഹനത്തിന്റെ കമ്പനി, മോഡൽ, ഗിയർബോക്സ് സാങ്കേതികവിദ്യ എന്നിവ അനുസരിച്ച് ഇവയുടെ പേരിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ടാകും. ചില കാറുകളിൽ ഒരേ ആവശ്യത്തിനുള്ള മോഡിന് മറ്റൊരു പേരായിരിക്കാം. അതിനാൽ സ്വന്തം കാറിന്റെ ഉടമസ്ഥാവകാശ മാനുവൽ പരിശോധിച്ചശേഷം മാത്രമേ ഓരോ മോഡും ഉപയോഗിക്കാവൂ.ഓട്ടോമാറ്റിക് കാർ ഓടിക്കുന്നത് എളുപ്പമാണെങ്കിലും അതിലെ ഓരോ മോഡും എന്തിനാണെന്ന് മനസ്സിലാക്കുന്നത് ഡ്രൈവിങ്ങ് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കും.

Tags:    
News Summary - Automatic Car Modes Explained: S, M, L, B and W Explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.