കണ്ണീരാവരുത് അവധിക്കാല യാത്രകൾ

വേനലവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം മലയോര മേഖലകളിലേക്കും ഹെയർപിൻ വളവുകൾ നിറഞ്ഞ ചുരങ്ങളിലേക്കുമാണ് യാത്രയെങ്കിൽ അതീവ കരുതൽ വേണം. ഇത്തരം റോഡുകളിലെ ഡ്രൈവിങ്ങിൽ ശ്രദ്ധ കാണിച്ചാൽ വലിയ അപകടങ്ങളാകും വഴിമാറുക. മലയോര റോഡുകളിൽ സുരക്ഷിത യാത്രക്കായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:

ഗിയർ സെലക്ഷനും ബ്രേക്കിങ്ങും

ചുരം ഇറങ്ങുമ്പോൾ ബ്രേക്ക് മാത്രം ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാൻ ശ്രമിക്കരുത്. ഇത് ബ്രേക്ക് ലൈനറുകൾ ചൂടാകാനും ‘ബ്രേക്ക് ഫെയ്‌ലിയർ’ ആകാനും കാരണമാകും. ഏത് ഗിയറിലാണോ ചുരം കയറിയത്, അതേ ഗിയറിൽ തന്നെ ചുരം ഇറങ്ങാനും ശ്രമിക്കുക. ലോ ഗിയറിലിട്ട് വണ്ടി ഇറങ്ങുന്നതുവഴി ‘എൻജിൻ ബ്രേക്കിങ്’ പ്രയോജനപ്പെടുത്താം. ഇത് ബ്രേക്കിന്റെ ആയാസം കുറക്കും.

വളവുകളിൽ ഓവർ സ്മാർട്ട്നെസ് വേണ്ട

ഹെയർപിൻ വളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് കൃത്യമായ സ്ഥലം നൽകുക. നിങ്ങളുടെ ട്രാക്കിൽ തന്നെ വാഹനം നിലനിർത്തുക. എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് (ബസ്, ലോറി) വളവുകൾ തിരിയാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുമെന്ന് ഓർക്കുക. വളവുകളിൽ അനാവശ്യമായി ഓവർടേക്ക് ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. എതിരെ വാഹനം വരില്ലെന്ന് കരുതി, മുന്നിൽ വരിവരിയായി ട്രാഫിക് അച്ചടക്കം പാലിക്കുന്ന വാഹനങ്ങളെ നിസ്സാരവത്കരിച്ച് കയറിപ്പോയി പണിവാങ്ങാതിരിക്കുന്നതാണ് ചുരം റോഡുകളിൽ പാലിക്കേണ്ട മര്യാദകളിൽ പ്രധാനം.

മുൻഗണന കയറ്റം കയറിവരുന്നവർക്ക്

കുത്തനെയുള്ള ഇടുങ്ങിയ റോഡുകളിൽ കയറ്റം കയറി വരുന്ന വാഹനങ്ങൾക്കായിരിക്കണം എപ്പോഴും മുൻഗണന നൽകേണ്ടത്. കയറ്റത്തിനിടയിൽ വാഹനം നിർത്തുന്നത് അവർക്ക് പിന്നീട് സ്റ്റാർട്ട് ചെയ്ത് കയറാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ മുകളിൽ നിന്ന് വരുന്നവർ വശങ്ങളിലേക്ക് ഒതുക്കിക്കൊടുക്കുക.

ഓവർലോഡിങ് ഒഴിവാക്കാം

അവധി യാത്രകളിൽ വണ്ടിയിൽ ആളുകൾ കൂടുന്നതും കൂടുതൽ ലഗേജുകൾ കയറ്റുന്നതും സ്വാഭാവികമാണ്. എന്നാൽ, വാഹനത്തിന്റെ ശേഷിക്കപ്പുറം ഭാരം കയറ്റുന്നത് ബ്രേക്കിന്റെയും എൻജിന്റെയും കാര്യക്ഷമത കുറക്കും, പ്രത്യേകിച്ച് ഹെയർപിൻ വളവുകളിൽ.

ടയറുകളും ബ്രേക്കുകളും പരിശോധിക്കുക

യാത്ര തുടങ്ങും മുമ്പുതന്നെ ടയറിലെ എയർ പ്രഷർ, ബ്രേക്ക് ഓയിൽ നില, ബ്രേക്ക് പാഡുകളുടെ തേയ്മാനം, വൈപ്പർ, ബാറ്ററി കണ്ടീഷൻ, ലൈറ്റുകൾ എന്നിവ പരിശോധിപ്പിക്കുക. മലയോര പാതകളിൽ ടയറുകളുടെ ഗ്രിപ്പ് വളരെ പ്രധാനമാണ്.

റോഡറിഞ്ഞ് മതി ഡ്രൈവിങ്

നഗരങ്ങളിലെയും, നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കുത്തനെയുള്ള കയറ്റവും ഇറക്കവും, തീവ്രത ഏറിയ വളവുകളുമുള്ള റോഡുകളിൽ ‘സൈറ്റ് ഡിസ്റ്റൻസ്’ (Sight Distance) വളരെ കുറവായിരിക്കും എന്ന വസ്തുത മനസ്സിലാക്കാതെ പോകുന്നു. ഡ്രൈവർക്ക്, മുന്നിലെ റോഡ് കാണുന്ന ദൂരമാണ് ‘സൈറ്റ് ഡിസ്റ്റൻസ്’. ഹിൽ സ്റ്റേഷൻ റോഡുകളിൽ ‘സൈറ്റ് ഡിസ്റ്റൻസ്’ വളരെ കുറവുമായിരിക്കും. ‘സൈറ്റ് സിസ്റ്റൻസ്’ കുറഞ്ഞ റോഡിൽ ഡ്രൈവർക്ക്

1. മുന്നിലെ വളവിന്റെയൊ, ഇറക്കത്തിന്റെയൊ തീവ്രത അറിയാൻ കഴിയില്ല.

2. എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല.

3. മുന്നിലെ തടസ്സങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.

4. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കാൻ കഴിയില്ല.

ഇങ്ങനെയുള്ളപ്പോൾ ഡ്രൈവർ എന്ത് ചെയ്യണം?

  •  മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത്) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
  •  ഗിയർ ഡൗൺ ചെയ്യാതെ, തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവർത്തനക്ഷമത കുറക്കും. തൽഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും (ബ്രേക്ക് ഫേഡിങ്).
  •  ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.
  •  റോഡ് സൈൻ ശ്രദ്ധിക്കുക.
  •  വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.
  •  വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിങ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.
  •  മഴയുള്ളപ്പോഴും കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.
  •  അപരിചിത വഴികളിലൂടെ ഗൂഗ്ൾ മാപ്പിന്റെ സഹായത്താൽ മാത്രം രാത്രികാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.
  •  ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക.
  •  പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി അതിസാഹസികതക്ക് മുതിരാതിരിക്കുക.
  •  വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുകതന്നെ വേണം. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടെയും തീരാക്കണ്ണീരായി മാറിയേക്കാം. യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷം യാത്ര തീരുംവരെയും നിലനിർത്തി ഏറെ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാൻ ശീലിക്കാം.
  • ഓർക്കുക, റോഡിലെ പത്തുമിനിറ്റിലെ ലാഭത്തേക്കാൾ വലുതാണ് നിങ്ങളുടെയും, നിങ്ങളെ വിശ്വസിച്ച് സ്റ്റിയറിങ് സീറ്റ് തന്ന വാഹനത്തിലിരിക്കുന്നവരുടെയും ജീവൻ.
Tags:    
News Summary - Holiday trips shouldn't be a source of tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.