റോൾസ് റോയ്സ് വാങ്ങാൻ എവിടെ പോകണം?

റോൾസ് റോയ്‌സ് കാറുകൾ വെറുതെ ഒരു ഷോറൂമിൽ പോയി പൈസ കൊടുത്ത് വാങ്ങാൻ കിട്ടില്ല. ഇന്ത്യയിൽ കൊച്ചി (ഡീലർഷിപ് വഴി ഓർഡർ ചെയ്യാം), ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഇവരുടെ ഒഫീഷ്യൽ ഡീലർഷിപ്പുകൾ ഉണ്ട്. എന്നാൽ, നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് കാർ കസ്റ്റമൈസ് ചെയ്യണമെങ്കിൽ ലണ്ടനിലെ ഗുഡ്‌വുഡിലുള്ള അവരുടെ ആസ്ഥാന ഓഫിസ് സന്ദർശിക്കണം. അവിടെയിരുന്ന് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാർ ഡിസൈൻ ചെയ്യാം. കൈയിൽ ആവശ്യത്തിലുമധികം പണവും ക്ഷമയും കാത്തിരിപ്പും വേണ്ടിവരും ഇതിനൊക്കെ.

 പശ്ചാത്തല പരിശോധന ഉണ്ടോ?

പലരും കേൾക്കുന്ന ഒരു കഥയാണ് റോൾസ് റോയ്‌സ് വാങ്ങാൻ ചെല്ലുമ്പോൾ കമ്പനി പശ്ചാത്തലം നോക്കും, പണം ഉണ്ടെങ്കിലും പദവി ഇല്ലെങ്കിൽ വണ്ടി തരില്ല എന്നത്. പണ്ടുകാലത്ത് കമ്പനി ഉപഭോക്താക്കളുടെ രാജകീയ പാരമ്പര്യവും മറ്റും നോക്കിയിരുന്നു എന്നത് സത്യമാണ് (ഉദാഹരണത്തിന് പണ്ട് അൽവാർ രാജാവ് റോൾസ് റോയ്‌സിനെ മുനിസിപ്പാലിറ്റിയുടെ വണ്ടിയാക്കി മാറ്റിയ ചരിത്രമൊക്കെയുണ്ട്).

എന്നാൽ ഇന്ന്, ആഗോളതലത്തിൽ നിയമവിരുദ്ധ പശ്ചാത്തലമോ ക്രിമിനൽ റെക്കോഡോ ഇല്ലാത്ത, ചോദിക്കുന്ന കോടികൾ കൃത്യമായ വഴിയിലൂടെ നൽകാൻ ശേഷിയുള്ള ആർക്കും റോൾസ് റോയ്‌സ് വാങ്ങാം. കാർ നിങ്ങളുടെ വീട്ടിലെത്തിക്കുന്നത് ഒരു സാധാരണ ഡ്രൈവർ ആയിരിക്കില്ല. കമ്പനിയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച ഒഫീഷ്യൽ പ്രതിനിധിയായിരിക്കും. കാറിന്റെ താക്കോൽ ഒരു പ്രത്യേക ആഡംബര ബോക്സിലാണ് നിങ്ങൾക്ക് കൈമാറുന്നത്. അതോടൊപ്പം ഫീച്ചറുകൾ പഠിപ്പിക്കാൻ ഉടമക്ക് പ്രത്യേക ക്ലാസും നൽകും!

വിലയും മോഡലുകളും

നിലവിൽ ഏറ്റവും വില കുറഞ്ഞ മോഡൽ റോൾസ് റോയ്‌സ് ഗോസ്റ്റും ഇലക്ട്രിക് മോഡലായ സ്‌പെക്ടറുമാണ്. ഇതിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില ഏതാണ്ട് 7.5 കോടി മുതൽ 8.5 കോടി രൂപയിൽ വരെയാണ് തുടങ്ങുന്നത്. ഏറ്റവും വിലകൂടിയ ഫ്ലാഗ്ഷിപ് മോഡൽ റോൾസ് റോയ്‌സ് ഫാന്റമാണ്. വില ഏതാണ്ട് 10.5 കോടി മുതൽ 12 കോടിക്ക് മുകളിലാണ്. ഇത് വെറും ഒഫീഷ്യൽ ബേസ് വില മാത്രമാണ്! ഉപഭോക്താവ് ആവശ്യപ്പെടുന്ന കസ്റ്റമൈസേഷൻ (സ്വർണം പൂശിയ ഡാഷ്‌ബോർഡ്, പ്രത്യേക തുകൽ സീറ്റുകൾ, കസ്റ്റമൈസ്ഡ് മിനി ഫ്രിഡ്ജ്) അനുസരിച്ച് വില 15 മുതൽ 20 കോടി വരെ ഉയർന്നേക്കാം. ലോകത്തിലെ ഏറ്റവും വിലകൂടിയ റോൾസ് റോയ്‌സ് മോഡലായ ‘ബോട്ട് ടെയിലിന്റെ’ വില ഏതാണ്ട് 200 കോടിക്ക് മുകളിലാണ്!

ലോകമെമ്പാടും തരംഗമായ പ്രമുഖ മോഡലുകൾ

  • റോൾസ് റോയ്‌സ് ഫാന്റം: ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ് മോഡൽ.
  • കള്ളിനൻ: റോൾസ് റോയ്‌സിന്റെ ഒരേയൊരു ഓൾ-ടെറൈൻ ലക്ഷ്വറി എസ്‌.യു.വി.
  • ഗോസ്റ്റ്: ഫാന്റത്തേക്കാൾ അൽപം ചെറുതും എന്നാൽ അതീവ ലക്ഷ്വറിയുമായ സെഡാൻ.
  • വെയ്ത്: ചെറുപ്പക്കാരെ ആകർഷിക്കുന്ന സ്പോർട്ടി ലുക്കുള്ള 2-ഡോർ കൂപ്പെ. (നിർമാണം നിർത്തി).
  • ഡോൺ: മുകൾഭാഗം തുറക്കാവുന്ന കൺവേർട്ടബിൾ മോഡൽ. (നിർമാണം നിർത്തി).

ഇന്ധന ടാങ്ക് കപ്പാസിറ്റി

ഒരു സാധാരണ കാറിന്റെ ഇന്ധന ടാങ്ക് 40 മുതൽ 60 ലിറ്റർ വരെയാണെങ്കിൽ, റോൾസ് റോയ്‌സ് കാറുകളുടേത് ഒരു ഭീമൻ ടാങ്കാണ്. മോഡലുകൾക്കനുസരിച്ച് ഇതിന്റെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി 90 മുതൽ 100 ലിറ്റർ വരെയാണ്! അതായത്, ഇന്നത്തെ പെട്രോൾ വില വെച്ച് ഒരു തവണ ഈ വണ്ടിയുടെ ടാങ്ക് ഫുൾ അടിക്കണമെങ്കിൽ മാത്രം ഏതാണ്ട് 10,000 രൂപക്ക് മുകളിൽ ചെലവാകും! മൈലേജ് കുറഞ്ഞ വണ്ടിയായതുകൊണ്ട് ദീർഘദൂര യാത്രകൾക്ക് ഇത്രയും വലിയ ടാങ്ക് അത്യാവശ്യമാണ്.

റോൾസ് റോയ്‌സ് കാർ കമ്പനിയല്ല!

ഭൂരിഭാഗം ആളുകളും വിചാരിച്ചിരിക്കുന്നത് റോൾസ് റോയ്‌സ് എന്നാൽ ലക്ഷ്വറി കാറുകൾ മാത്രമാണെന്നാണ്. എന്നാൽ, യഥാർഥത്തിൽ റോൾസ് റോയ്‌സ് ലോകത്തിലെ ഏറ്റവും വലിയ വിമാന എൻജിൻ നിർമാതാക്കളിൽ ഒന്നാണ്! ബോയിങ്, എയർബസ് ഉൾപ്പെടെ വിമാനങ്ങളുടെ എൻജിനുകൾ നിർമിക്കുന്നത് റോൾസ് റോയ്‌സ് പിഎൽസി എന്ന കമ്പനിയാണ്. എന്നാൽ, വിമാന എൻജിൻ ഉണ്ടാക്കുന്ന കമ്പനിയും, BMWവിന്റെ കീഴിൽ കാർ ഉണ്ടാക്കുന്ന കമ്പനിയും ഇന്ന് രണ്ടായിട്ടാണ് പ്രവർത്തിക്കുന്നത്.

Tags:    
News Summary - Where to go to buy a Rolls-Royce?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.