ക്രാഷ് ടെസ്റ്റ് ഫലം വന്നു; മാരുതിയുടെ റിസൾട്ടുകൾ ഇങ്ങിനെ

ഇന്ത്യയിലെ സുരക്ഷിതമായ കാര്‍ കണ്ടെത്താനുള്ള ഗ്ലോബല്‍ എൻ.സി.എ.പി ക്യാമ്പയിനിന്റെ ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തു വന്നു. ഗ്ലോബല്‍ എൻ.സി.എ.പി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ മെയിഡ് ഇന്‍ ഇന്ത്യ സെഡാനുകളായി സ്കോഡ സ്ലാവിയ, ഫോക്സ്‍വാഗൺ വിർട്ടസ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ക്രാഷ് ടെസ്റ്റിൽ ഇന്ത്യക്കാരുടെ പ്രിയ വാഹന ബ്രാൻഡായ മാരുതിയുടെ കാറുകളും പ​ങ്കെടുത്തു.

മാരുതി കാറുകൾക്ക് ക്രാഷ്ടെസ്റ്റുകൾ എന്നും ബാലികേറാ മലയാണ്. മിക്കപ്പോഴും ഇവരുടെ വാഹനങ്ങൾ ഇടിക്കൂട്ടിൽ നിരാശപ്പെടുത്താറാണ് പതിവ്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച ചട്ടപ്രകാരം നടത്തിയ ക്രാഷ് ടെസ്റ്റില്‍ മാരുതിയുടെ വാഗണറും ആള്‍ട്ടോ K-10 ഉം മോശം പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. പുതിയ മാരുതി ആള്‍ട്ടോ K10 ക്രാഷ് ടെസ്റ്റില്‍ 2-സ്റ്റാര്‍ സുരക്ഷാ റേറ്റിങും കുട്ടികളുടെ സേഫ്റ്റിയില്‍ പൂജ്യം സ്റ്റാറുമാണ് നേടിയത്.

അതേസമയം വാഗണറിന് മുതിര്‍ന്നവരുടെ സേഫ്റ്റിയില്‍ ഒരു സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ പൂജ്യം സ്റ്റാര്‍ റേറ്റിങുമാണ് ലഭിച്ചത്. ആള്‍ട്ടോ K10 ക്രാഷ്‌ടെസ്റ്റിൽ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 34 ല്‍ 21.67 പോയിന്റ് കരസ്ഥമാക്കി.ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 8.2 പോയിന്റും സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 12.4 പോയിന്റും വാഹനം നേടി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ആള്‍ട്ടോ K10 ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണം നല്‍കുന്നുണ്ടെന്ന് ജി.എൻ.സി.എ.പി അഭിപ്രായപ്പെട്ടു. എന്നാൽ മുൻയാത്രക്കാരുടെയും നെഞ്ചിനുള്ള സംരക്ഷണം നാമമാത്രമാണ്.


ഡാഷ്ബോര്‍ഡിന് പിന്നിലെ ഭാഗവുമായി അപകടകരമായ രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും കാല്‍മുട്ടുകള്‍ക്ക് മോശം സംരക്ഷണം മാത്രമാണ് ലഭ്യമാകുന്നത്. സൈഡ് ഇംപാക്ട് ടെസ്റ്റില്‍, തലക്കും ഇടുപ്പിനുമുള്ള സംരക്ഷണം മികച്ചതാണെന്നാണ് കണ്ടെത്തിയത്.

സൈഡ് എയര്‍ബാഗുകള്‍ നല്‍കാത്തതിനാല്‍ സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റിനായി ആള്‍ട്ടോ K10 പരീക്ഷിച്ചില്ല. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) സ്റ്റാന്‍ഡേര്‍ഡായി വരാത്തതിനാല്‍ സേഫ്റ്റി അസിസ്റ്റന്‍സ് സിസ്റ്റവും ടെസ്റ്റ് ചെയ്തില്ല. കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണ മാനദണ്ഡങ്ങളും ഇത് പാലിക്കുന്നില്ല. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ആള്‍ട്ടോ K10 മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 49 പോയിന്റില്‍ വെറും 3.52 പോയിന്റ് മാത്രമാണ് ഹാച്ച്ബാക്ക് നേടിയത്.

ചൈല്‍ഡ് റെസ്ട്രെയ്ന്റ് സിസ്റ്റം ഘടിപ്പിച്ചതിനാല്‍ മാത്രമാണ് ഈ സ്‌കോര്‍ ലഭിച്ചത്. അതേസമയം ഡൈനാമിക് സ്‌കോര്‍ 0 മാത്രമാണ്. അഞ്ച് യാത്രക്കാരുടെയും സംരക്ഷണത്തിനായുള്ള ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ് സംവിധാനം ആള്‍ട്ടോ K10-ല്‍ ലഭ്യമല്ല. ശുപാര്‍ശ ചെയ്യുന്ന ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റങ്ങളും ISOFIX ആങ്കറേജുകള്‍ ലഭിക്കാത്തതിനാലാണ് കുട്ടികളുടെ സംരക്ഷണത്തില്‍ സ്‌കോര്‍ വളരെ കുറവായത്.


ഇനി വാഗണറിന്റെ കാര്യമെടുത്താൽ മുതിർന്നവരുടെ സുരക്ഷയിൽ 34-ൽ 19.69 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 3.40 പോയിന്റുമാണ് വാഹനം സ്കോർ ചെയ്‌തിരിക്കുന്നത്. കുട്ടികൾക്കുള്ള ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്റ്റം ഒരുക്കാത്തതാണ് ഇവിടെ ഇത്രയും വലിയ വ്യത്യാസം ഉണ്ടാവാൻ കാരണം. എല്ലാ സീറ്റുകളിലും ത്രീ-പോയിന്റ് ബെൽറ്റുകളുടെ അഭാവവും വാഗണർ ക്രാഷ് ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെക്കാൻ കാരണമായി.


ഇടിപരീക്ഷണത്തിന് വിധേയമാക്കിയ വേരിയന്റിൽ ഇരട്ട എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, മുൻ നിരയിൽ യാത്ര ചെയ്യുന്നവർക്കുള്ള ലോഡ് ലിമിറ്ററുകൾ എന്നിവയുടെ രൂപത്തിലുള്ള സുരക്ഷാ സവിശേഷതകൾ സജ്ജീകരിച്ചിരുന്നു. മോഡലിന്റെ ബോഡി ഷെൽ അസ്ഥിരമായും ഗ്ലോബൽ എൻ.സി.എ.പി റേറ്റുചെയ്‌തു.

പരിമിതമായ ചില മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും ജനപ്രിയമായ മാരുതി സുസുകി മോഡലുകൾ ക്രാഷ് ടെസ്റ്റുകളിൽ തുടരെ പരാജയപ്പെടുന്നത് ആശങ്കാകരമാണെന്ന് ഗ്ലോബൽ എൻസിഎപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന പുതിയ മോഡലുകൾക്ക് ആറ് എയർബാഗുകൾ നിർബന്ധിതമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മാരുതി ഈ ആവശ്യകത ഒരു ഓപ്ഷനായി പോലും ലഭ്യമാക്കുന്നില്ല എന്നത് ഗ്ലോബൽ NCAP-നെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Wagonr and Alto k10 Crash test results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.