വാഹനങ്ങളിലെ തീ: വില്ലൻ എഥനോൾ?

കൊച്ചി: നിരത്തുകളിൽ വാഹനങ്ങൾ കത്തിയമരുന്നതിന് പിന്നിൽ പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതാണെന്ന് വിദഗ്ധർ. പെട്രോളിൽ എഥനോളിന്‍റെ അളവ് 10 ശതമാനത്തിൽ അധികമായാൽ പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് വാഹനങ്ങളുടെ ഇന്ധന പമ്പ്, ഇൻജക്ടർ, ഹോസ് എന്നിവയെ ബാധിക്കും. എഥനോളിന് ജ്വലനക്ഷമത പെട്രോളിനേക്കാൾ കൂടുതലുമാണ്.

കരിമ്പിൽനിന്ന് പഞ്ചസാര ഉൽപാദിപ്പിച്ചു കഴിഞ്ഞ് അവശേഷിക്കുന്ന വസ്തുവാണ് എഥനോൾ അഥവ ഈഥൈൽ ആൽക്കഹോൾ. പെട്രോളിൽ എഥനോൾ ചേർക്കുന്നതിന് ഗുണങ്ങൾ ഏറെയാണെങ്കിലും അതിന്‍റെ ദോഷവശങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങൾ ഉണ്ടായിട്ടില്ല.

എഥനോളിന്‍റെ മണം ആസ്വദിച്ചെത്തുന്ന വണ്ടുകളും വാഹനങ്ങൾക്ക് അപകടം സൃഷ്ടിക്കുന്നതായി മെക്കാനിക്കുകൾ ചൂണ്ടിക്കാട്ടുന്നു. മരത്തടികളും ഫർണിച്ചറുകളും തുരക്കുന്ന വുഡ് ബോറെർ എന്ന വണ്ടുകളും അവയുടെ ലാർവപ്പുഴുക്കളും വാഹനങ്ങളിലെ പെട്രോൾ ടാങ്കിൽനിന്ന് എൻജിനിലേക്ക് പോകുന്ന റബർ കുഴൽ തുരന്ന് ദ്വാരമുണ്ടാക്കി പെട്രോൾ ലീക്ക് ചെയ്യിപ്പിക്കും. വണ്ടി സ്റ്റാർട്ടാകുമ്പോഴേ ടാങ്കിൽനിന്ന് എൻജിനിലേക്കുള്ള കുഴലിലെത്തി പെട്രോൾ പുറത്തേക്ക് ഒഴുകുകയുള്ളൂ എന്നതിനാൽ ഇത് പലപ്പോഴും ശ്രദ്ധയിൽപെടില്ല.

സൂക്ഷിച്ച് പരിശോധിക്കുമ്പോഴാണ് കുഴലുകളിൽ രണ്ട് മില്ലീമീറ്ററിൽ കുറവ് വ്യാസത്തിൽ വൃത്താകൃതിയിൽ ഡ്രില്ലർ വെച്ച് തുരന്നതുപോലുള്ള ദ്വാരങ്ങൾ കാണാൻ കഴിയുന്നതെന്ന് എറണാകുളത്തെ വർക്ക്ഷോപ് മെക്കാനിക്കായ സുധർമൻ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും കാരണംകൊണ്ട് തീപിടിച്ചാൽ വൻ അപകടം ഉണ്ടാകുന്നു.

നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വളരെ കുഞ്ഞൻ ഇനത്തിലുള്ള മരം തുരക്കുന്ന വണ്ടുകളാണ് ഇവ. പെട്രോളിൽ എഥനോൾ കലർത്താൻ തുടങ്ങിയതോടെ മരമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവ പെട്രോൾ കുഴലുകളിലേക്ക് എത്തുന്നത്. റബർ ട്യൂബുകൾക്ക് കട്ടി കൂട്ടിയാൽ മാത്രമേ ഈ വണ്ടുകളുടെ ശല്യത്തിൽനിന്ന് രക്ഷനേടാനാവൂ.

പെട്രോളിൽ എഥനോളിന്‍റെ അളവ് വർധിപ്പിച്ചതിനൊപ്പം വാഹനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ പരിശോധിക്കുകയോ മുൻകരുതൽ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനാലാണ് അപകടങ്ങൾ പെരുകുന്നത്. അതേസമയം, വേണ്ടത്ര പഠനം നടത്താതെ പെട്രോളിൽ എഥനോൾ അടിക്കടി വർധിപ്പിക്കുകയാണ് എണ്ണക്കമ്പനികൾ.

ഒരു ലിറ്റർ പെട്രോളിൽ ശരാശരി 10.17 ശതമാനമാണ് ഇപ്പോൾ എഥനോൾ. പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ ഏതാനും മാസം മുമ്പ് എഥനോളിന്‍റെ അളവ് 12 ശതമാനമായി ഉയർത്തി. മറ്റ് കമ്പനികളും എഥനോളിന്‍റെ അളവ് കൂട്ടാൻ നടപടി എടുത്തുവരുകയാണ്.

പരിസ്ഥിതി സൗഹൃദം, വിദേശനാണ്യ നേട്ടം എന്നിവ ലക്ഷ്യംവെച്ച് കേന്ദ്ര സർക്കാർ 2030ഓടെ പെട്രോളിലെ എഥനോൾ വിഹിതം 20 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ നേട്ടം 2026നു മുമ്പുതന്നെ കൈവരിക്കാനാവുമെന്ന് ഇന്ത്യൻ ഓയിൽ കേരള ഹെഡും സി.ജി.എമ്മുമായ സഞ്ജീവ് കുമാർ ബെഹ്റ പറഞ്ഞു.2013ൽ പെട്രോളിലെ എഥനോളിന്‍റെ അളവ് 1.53 ശതമാനം മാത്രമായിരുന്നു.

Tags:    
News Summary - Vehicle Fires: Is Ethanol is the Villain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.