ബംഗളൂരു: നടൻ ദുൽഖർ സൽമാന് നിക്ഷേപമുള്ള ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി അൾട്രാവയലറ്റ് കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറും ഇലക്ട്രിക് ബൈക്കും അവതരിപ്പിച്ചത്.
ടെസറാക്റ്റ് എന്ന പേരിട്ട ഇലക്ട്രിക് സ്കൂട്ടറിന് 1.20 ലക്ഷം രൂപയും ഷോക്ക്‌വേവ് എന്ന് പേരിട്ട ഇലക്ട്രിക് ബൈക്കിന് 1.50 ലക്ഷം രൂപയുമാണ് തുടക്കത്തിൽ എക്സ്ഷോറൂം വില നിശ്ചയിച്ചത്.
ലോകത്തിലെ ഏറ്റവും നൂതനമായ സ്കൂട്ടർ എന്ന് ബ്രാൻഡ് ചെയ്ത് പുറത്തിറക്കിയ ടെസറാക്റ്റ് ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് 1.20 ലക്ഷം രൂപക്ക് ലഭിക്കുമെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്.
എന്നാൽ, ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ള 20000 ത്തിലധികം പ്രീ ബുക്കിങ്ങുകളാണ് എത്തിയത്. ആവശ്യക്കാരുടെ കുത്തൊഴുക്ക് പരിഗണിച്ച് ആദ്യത്തെ 50,000 ബുക്കിങ്ങുകൾക്ക് ആ വിലയിൽ തന്നെ സ്കൂട്ടർ നൽകാൻ അൾട്രാവയലറ്റ് കമ്പനി തീരുമാനിച്ചു. കമ്പനി വെബ്സൈറ്റ് വഴി 999 രൂപ നൽകി ബുക്ക് ചെയ്യാവുന്നതാണ്. 2026 ആദ്യ മാസത്തിൽ തന്നെ വിതരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സ്കൂട്ടറിനൊപ്പം കിടിലൻ ഇലക്ട്രിക് ബൈക്കും പുറത്തിറക്കിയെങ്കിലും ആവശ്യക്കാരേറെ എത്തിയത് സ്കൂട്ടറിനാണ്. താരതമ്യേന കുറഞ്ഞ വിലയിൽ ബി.എം.ഡബ്ല്യുവിന്റെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനും മോഡേൺ ഫീച്ചറുമായാണ് ടെസ്സറാക്ട് പുറത്തിറങ്ങുന്നത്.
ആള്‍ട്രാവയലറ്റ് ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത് F77 ഇലക്ട്രിക് സൂപ്പര്‍ ബൈക്കാണ്. ഇതിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ടെസറാക്റ്റും ഡ്യുവല്‍ പര്‍പ്പസ് മോട്ടോര്‍സൈക്കിളായ ഷോക്ക്‌വേവും പുറത്തിറക്കുന്നത്. ഒരു കോംബാറ്റ് ഹെലികോപ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അൾട്രാവയലറ്റ് ടെസറാക്റ്റ് വരുന്നതെന്ന് കമ്പനി പറയുന്നത്.
ഷാർപ്പായ വരകളും ഡി.ആർ.എല്ലുകളുള്ള ഇരട്ട ഹെഡ്‌ലാമ്പ് സജ്ജീകരണവും അടങ്ങുന്ന ഒരു ആപ്രണിന്റെ രൂപത്തിൽ ഇതിൽ കാണാൻ കഴിയും. ടെസറാക്റ്റ് ഇലക്ട്രിക് സ്‍കൂട്ടർ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഇതിൽ ഡെസേർട്ട് സാൻഡ്, സ്റ്റെൽത്ത് ബ്ലാക്ക്, സോണിക് പിങ്ക് എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമെ, സ്‍കൂട്ടറിന്റെ സ്പോർട്ടി ലുക്കും യൂട്ടിലിറ്റിയും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ആക്‌സസറികളും സ്കൂട്ടറിനൊപ്പം ലഭ്യമാണ്.
ടെസറാക്റ്റ് സ്‍കൂട്ടറിൽ നൽകിയിരിക്കുന്ന ബാറ്ററിയുടെ ശേഷി അൾട്രാവയലറ്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സ്‍കൂട്ടർ ഒറ്റ ചാർജിൽ 261 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത കൈവരിക്കാനും വെറും 2.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. ടെസെറാക്ടിന് 7 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ടി.എ.ഫ്‍ടി ഡിസ്‌പ്ലേയും ഹാപ്‌റ്റിക് ഫീഡ്‌ബാക്കുള്ള ഹാൻഡിൽബാറും ഉണ്ട്. ഇതിന് മുന്നിലും പിന്നിലും ഡാഷ്‌കാം ലഭിക്കുന്നു. ഇന്ത്യൻ വിപണിയിലെ മറ്റൊരു ഇലക്ട്രിക് സ്‍കൂട്ടറിലും ഇത് ലഭ്യമല്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം, അൾട്രാവയലറ്റ് ഷോക്ക് വേവിന് 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം ബുക്കിങ് ലഭിച്ചിട്ടുണ്ട്. 1.50 ലക്ഷം രൂപ പ്രാരംഭ വില നിശ്ചയിച്ച ബൈക്കിന് ആദ്യത്തെ 2000 ബുക്കിങ്ങിന് ശേഷം വില 1.75 ലക്ഷം രൂപയായി വർധിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. പൂർണമായും പുതിയ ലൈറ്റ് മോട്ടോർസൈക്കിൾ ഫണ്ടൂറോ പ്ലാറ്റ്‌ഫോമിലാണ് ഈ നൂതന ഇലക്ട്രിക് എൻഡ്യൂറോ മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്.
14.5 ബി.എച്ച്.പി കരുത്തും 505 എൻ.എം ടോർക്കും നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.