ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ, അടുത്തവർഷം മുതൽ നിർമിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം (എ.ബി.എസ്) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് രണ്ട് ഹെൽമറ്റുകളും വാഹന നിർമാതാക്കൾ നൽകണമെന്നും ജൂൺ 23ന് പുറപ്പെടുവിച്ച് കരട് വിജ്ഞാപനത്തിൽ പറയുന്നു.
ഹെൽമറ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണം. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയാണ് കേന്ദ്രം പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.
അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനും ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനത്തിന് സാധിക്കും. നിലവിൽ 150 സി.സിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് എ.ബി.സി നിർബന്ധമാണ്.
കരട് വിജ്ഞാപനത്തിൽ പൊതുജന അഭിപ്രായത്തിനുശേഷം നിയമമാക്കും. കേന്ദ്ര സർക്കാർ കണക്ക് പ്രകാരം 2022ൽ റിപ്പോർട്ട് അനുസരിച്ച് 1,51,997 റോഡപകടങ്ങളാണ് നടന്നത്. ഇതിൽ 20 ശതമാനവും ഇരുചക്രവാഹന അപകടങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.