ടി.വി.എസ് എക്സ്.എൽ 100 എച്ച്.ഡി
ടി.വി.എസ് മോട്ടോർ കമ്പനിയുടെ ഐകോണിക് ഇരുചക്രവാഹനമായ എക്സ്.എൽ 100 പുത്തൻ ലുക്കിൽ വിപണിയിൽ. അലോയ്-വീൽ ടയറുകളോടെ നിരത്തുകളിൽ എത്തുന്ന എക്സ്.എൽ 100 എച്ച്.ഡി മോഡലിന് 65,047 രൂപയാണ് എക്സ് ഷോറൂം വില. പരിഷ്‌ക്കരിച്ചെത്തുന്ന മോഡൽ കരുത്തുറ്റതും ഈടുനിൽക്കുന്നതും ദൈനംദിന യാത്രക്ക് കൂടുതൽ അനുയോജ്യവുമാണെന്നാണ് ടി.വി.എസ് അവകാശപ്പെടുന്നത്.
പുതിയ എക്സ്.എൽ 100 എച്ച്.ഡി 16 ഇഞ്ച് അലോയ്-വീലിൽ ടുബ് ലെസ്സ് ടയറുമായാണ് എത്തുന്നത്. ഇത് കൂടുതൽ സുരക്ഷ നൽകുന്നു. മുൻവശത്ത് പുതിയ എൽ.ഇ.ഡി ഹെഡ്‍ലൈറ്റും എക്സ്.എൽ 100 എച്ച്.ഡി മോഡലിന്റെ പ്രത്യേകതയാണ്. ഏറ്റവും പുതിയ ഗ്രാഫിക്സ്, പുനരൂപകൽപ്പന ചെയ്ത ടൈൽലൈറ്റ്സ്, പൂർണമായും കറുത്ത മഫ്ളർ എന്നിവ മോഡലിനെ കൂടുതൽ സ്റ്റൈലിഷ് ആകുന്നുണ്ട്.
പിൻവശത്ത് അധികഭാരം കയറ്റാനായി സീറ്റ് ഇളക്കിമാറ്റാൻ സാധിക്കുന്നു. കൂടാതെ വിശാലമായ ഫ്ലോർബോർഡ് സ്ഥലം, മൊബൈൽ ചാർജിങ് പോർട്ട് എന്നിവയും പുതിയ മോഡലിൽ ടി.വി.എസ് സജ്ജീകരിച്ചിട്ടുണ്ട്. ഹൈ-ഗ്രിപ് ടെക്സ്ചർ ചെയ്ത സീറ്റ് കൂടുതൽ സ്ഥിരതയും സുഖവും വാഗ്‌ദാനം ചെയ്യുന്നു.
പഴയ മോഡലിനെ അപേക്ഷിച്ച് എക്സ്.എൽ 100 എച്ച്.ഡി മോഡലിൽ ഇ.ടി.എഫ്.ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ) സാങ്കേതികവിദ്യ ഉള്ളതിനാൽ 15% കൂടുതൽ മൈലേജ് കമ്പനി വാഗ്‌ദാനം ചെയ്യുന്നു. വാഹനം അപകടത്തിൽപ്പെടുകയോ ഓടിക്കുന്നതിനിടയിൽ വീഴുകയോ ചെയ്താൽ മൂന്ന് സെക്കണ്ടിനുള്ളിൽ എൻജിൻ യാന്ത്രികമായി ഓഫ് ചെയ്യുന്ന ടിൽറ്റ് സെൻസറും മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്.
99.7 സി.സി സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, 4 സ്ട്രോക്ക് ഫ്യൂൽ ഇൻജക്ടഡ് എൻജിനാണ് എക്സ്.എൽ 100 എച്ച്.ഡിയുടെ കരുത്ത്. ഈ എൻജിൻ 6000 ആർ.പി.എമിൽ 4.3 ബി.എച്ച്.പി പവറും 3500 ആർ.പി.എമിൽ 6.5 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. മോഡലിന്റെ ഏറ്റവും ഉയർന്ന വേഗത 58km/h ആണ്.
പുതിയ എക്സ്.എൽ 100 എച്ച്.ഡി മോഡലിന് 89 കിലോഗ്രാമാണ് ഭാരം. പേലോഡ് ഭാരം 150 കിലോഗ്രാമും പരമാവധി ഭാരം 239 കിലോഗ്രാമും തങ്ങാനുള്ള ശേഷി ഈ മോഡലിനുണ്ട്. മുൻവശത്തായി 4 ലിറ്ററിന്റെ ഒരു ഇന്ധനടാങ്കും കാണാൻ സാധിക്കും. റെഡ്, ബ്ലൂ, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം. ഒന്നിലധികം വകഭേദത്തിൽ വിപണിയിലെത്തുന്ന എക്സ്.എൽ 100ന് 47,754 രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.