ടി.വി.എസ് ഇരുചക്ര വാഹനങ്ങൾ
ഇന്ത്യൻ വാഹനനിർമാതാക്കളായ ടി.വി.എസ് ഗ്രൂപ്പ് 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ റെക്കോഡ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ അധിക വിൽപ്പന നേട്ടം മൂന്ന് മാസം കൊണ്ട് (ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ) കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു. ഈ മൂന്ന് മാസത്തിൽ 15 ലക്ഷം യൂനിറ്റ് വാഹനങ്ങളാണ് ടി.വി.എസ് നിരത്തുകളിൽ എത്തിച്ചത്. ഇതിൽ മോട്ടോർസൈക്കിൾ, സ്കൂട്ടർ, ഇലക്ട്രിക് വാഹനങ്ങൾ, ത്രീ വീലറുകൾ എന്നിവ ഉൾപ്പെടും. ആഭ്യന്തര വിപണിക്ക് പുറമെ അന്താരാഷ്ട്ര വിപണിയിലും വിൽപ്പന നിരക്ക് വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇരുചക്ര വാഹന വിൽപ്പന 11.90 ലക്ഷം യൂനിറ്റുകളായിരുന്നു. എന്നാൽ 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇത് 14.54 ലക്ഷം യൂനിറ്റാക്കി ഉയർത്താൻ കമ്പനിക്ക് സാധിച്ചു. ത്രീ വീലർ സെഗ്‌മെന്റിൽ 38,000 യൂണിറ്റിൽ നിന്നും 53,000 യൂനിറ്റുകളാക്കി വിൽപ്പന 41% വർധിപ്പിക്കാനും ടി.വി.എസിന് കഴിഞ്ഞു. കൂടാതെ കയറ്റുമതിയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ ഇന്ത്യൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 3.09 ലക്ഷം യൂനിറ്റുകളായിരുന്നു കയറ്റുമതിയെങ്കിൽ 2026ന്റെ രണ്ടാം പാദത്തിൽ 30% വളർച്ച കൈവരിച്ച് അത് 4.00 ലക്ഷം യൂനിറ്റാക്കി മാറ്റി. 2024 സെപ്റ്റംബറിനെ 2025 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 12% വളർച്ച രേഖപ്പെടുത്തുന്നുണ്ട്.
അപൂർവലോഹങ്ങളുടെ ക്ഷാമം ടി.വി.എസ് മോട്ടോഴ്സിനും ചെറിയ വെല്ലുവിളികൾ നേരിട്ടുവെങ്കിലും ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന ഡിമാൻഡ് നേടിയെടുക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ റെക്കോഡ് നേട്ടം ഇന്ത്യയിലെ ഇരുചക്ര, മുച്ചക്ര വാഹങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം ഇലക്ട്രിക് വിപണിയിലും കൂടുതൽ വിൽപ്പന നേടാൻ കമ്പനിയെ പ്രാപ്തമാകുമെന്ന് ടി.വി.എസ് മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.