വാഷിങ്ടൺ: യു.എസ് പ്രസിഡന്റിനുള്ള എയർഫോഴ്സ് വൺ വിമാന നിർമാണം വൈകുന്നതിനിടെ ബോയിങ് കമ്പനിയുടെ വിമാനം സന്ദർശിച്ച് ഡോണൾഡ് ട്രംപ്. പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 12 വർഷം പഴക്കമുള്ള സ്വകാര്യവിമാനമാണ് അദ്ദേഹം സന്ദർശിച്ചത്.
ഖത്തർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനം നിലവിൽ ഐസിൽ ഓഫ് മാൻ ദ്വീപിന്റെ നിയന്ത്രണത്തിലാണ്. പുതിയ സാങ്കേതികവിദ്യകളും സവിശേഷ സൗകര്യങ്ങളും നേരിൽ കാണാനാണ് ട്രംപ് പുതിയ ബോയിങ് വിമാനം സന്ദർശിച്ചതെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങ് പറഞ്ഞു. ബോയിങ് കമ്പനിയുടെ നേതൃത്വത്തിലാണോ ട്രംപ് സന്ദർശനം നടത്തിയതെന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് ബോയിങ് പ്രതികരിച്ചിട്ടില്ല.
ബോയിങ് 747 വിമാനം പരിഷ്കരിച്ചതാണ് യു.എസ് പ്രസിഡന്റ് ഉപയോഗിക്കുന്ന എയർഫോഴ്സ് വൺ വിമാനം. നിലവിൽ ട്രംപ് ഉപയോഗിക്കുന്ന രണ്ടു വിമാനങ്ങളും 30 വർഷത്തിലേറെ പഴക്കമുള്ളതാണ്. പ്രസിഡന്റായ ആദ്യ കാലയളവിൽ ബോയിങ് കമ്പനിയിൽനിന്ന് രണ്ടു വിമാനങ്ങൾ വാങ്ങാൻ ട്രംപ് തീരുമാനിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം ഡിസംബറിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വിമാനങ്ങളുടെ വിതരണം വൈകി. 2027 അല്ലെങ്കിൽ 2028ൽ മാത്രമേ വിമാനം വിതരണം ചെയ്യാൻ കഴിയൂവെന്നാണ് കമ്പനിയുടെ നിലപാട്. അപ്പോഴേക്കും ട്രംപ് ഭരണകൂടത്തിന്റെ കാലാവധി കഴിയാറാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.