ഇ.വി ബൈക്ക് ക്രാറ്റൊസിന്റെ വിതരണം തുടങ്ങിയതായി ടോർക് മോട്ടോഴ്സ്; ആദ്യം അഞ്ച് നഗരങ്ങളിൽ

പുറത്തിറക്കി ഏഴ് മാസങ്ങൾക്കുശേഷം ഇ മോട്ടോർ സൈക്കിളായ ക്രാറ്റൊസിനെ ഉപഭോക്താക്കൾക്കെത്തിച്ച് ടോർക് മോട്ടോഴ്സ്. 2022 ജനുവരിയിലാണ് ക്രാറ്റൊസിനെ ടോർക് മോട്ടോഴ്സ് രാജ്യത്ത് അവതരിപ്പിച്ചത്. ക്രാറ്റോസ്, ക്രാറ്റോസ് ആർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ആദ്യം അഞ്ച് നഗരങ്ങളിലാണ് വാഹനം വിതരണം ചെയ്യുക. തുടക്കത്തിൽ, പൂണെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാകും ഇ ബൈക്ക് ലഭിക്കുക. പിന്നീട് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഏപ്രിലിൽ ഡെലിവറികൾ തുടങ്ങാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ ചിപ്പ് ക്ഷാമം കാരണം വിതരണം വൈകുകയായിരുന്നു.

പുണെ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ ഭാരത് ഫോർജ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ടോർക് മോട്ടോഴ്സ് 2016ലാണു ടിസിക്സ്എക്സ് എന്ന പ്രോട്ടോടൈപ്പ് ആദ്യമായി അവതരിപ്പിച്ചത്. 1.25 ലക്ഷം രൂപയ്ക്കു വിൽപനയ്ക്കെത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. നിലവിൽ 1.02 ലക്ഷം രൂപക്കാണ് കുറഞ്ഞ വേരിയന്റ് വിൽക്കുന്നത്.

കാണാൻ സാധാരണ ബൈക്കുപോലെ ആണെങ്കിലും ചില പ്രത്യേകതകൾ ഇ ബൈക്കിനുണ്ട്. ഇന്ധന ടാങ്കിൽ സ്റ്റോറേജ് സ്ഥലം ഒരുക്കിട്ടുണ്ട്, കൂടെ യു‌.എസ്‌.ബി ചാർജിങ് പോർട്ടും. വലതുവശത്തായി ബാറ്ററി ചാർജിങ് പോർട്ട് കൊടുത്തിരിക്കുന്നു. മുന്നിൽ ടെലെസ്കോപിക് ട്വിൻ ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ്.


ടോർക് ക്രാറ്റോസ് ഇലക്ട്രിക് ബൈക്കിന് 48V സിസ്റ്റം വോൾട്ടേജുള്ള IP67-റേറ്റഡ് 4 Kwh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ലഭിക്കും. ഇതിന് ടെസ്റ്റ് കണ്ടീഷനിൽ 180 കിലോമീറ്റർ റേഞ്ച് ലഭിച്ചിരുന്നു. യഥാർഥ ലോകത്ത് 120 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. 7.5 Kw പരമാവധി പവറും 28 Nm ന്റെ പീക്ക് ടോർക്ക് ഔട്ട്പുട്ടും ഉള്ള ഇലക്ട്രിക് മോട്ടോറാണ് ബൈക്കിൽ. 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് 4 സെക്കൻഡ് മതി.


സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് 9.0 Kw പീക്ക് പവറും 38 Nm പീക്ക് ടോർക്കും നൽകുന്ന കൂടുതൽ കരുത്തുറ്റ മോട്ടോറാണ് ഉയർന്ന സ്‌പെക് ക്രാറ്റോസ് R-ന് ലഭിക്കുന്നത്. കൂടാതെ 105 kmph എന്ന ഉയർന്ന വേഗതയുമുണ്ട്. ബൈക്കിലെ ആക്സിയൽ ഫ്ളക്സ് ടൈപ് മോട്ടോറിന് ടോർക്ക് മോട്ടോഴ്സ് അവകാശപ്പെടുന്ന കാര്യക്ഷമത 96% ആണ്. പ്രകടനമികവിന്റെ പിൻബലത്തിൽ പരമ്പരാഗത എൻജിനുള്ള 125 സി സി - 150 സി സി ബൈക്കുകളെ വെല്ലുവിളിക്കാൻ ക്രാറ്റോസിനാവുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ.


ജിയോഫെൻസിങ്, ഫൈൻഡ് മൈ വെഹിക്കിൾ ഫീച്ചർ, മോട്ടോർവാക്ക് അസിസ്റ്റ്, ക്രാഷ് അലേർട്ട്, വെക്കേഷൻ മോഡ്, ട്രാക്ക് മോഡ് അനാലിസിസ്, സ്മാർട്ട് ചാർജ് അനാലിസിസ് തുടങ്ങിയ അധിക കണക്റ്റിവിറ്റി ഫീച്ചറുകൾക്കൊപ്പം ഫാസ്റ്റ് ചാർജിങ് സംവിധാനവും ക്രാറ്റോസ് ആർ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. സ്റ്റാൻഡേർഡ് മോഡൽ വൈറ്റ് കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. ഉയർന്ന-സ്പെക് മോഡൽ വെള്ള, നീല, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ നിറങ്ങളിലും വരും. മൂന്ന്‌ വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറന്റിയാണ് ടോർക് മോട്ടോഴ്‌സ് തരുന്നത്.

Tags:    
News Summary - Tork Kratos, Kratos R e-bike deliveries begin 7 months after launch in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.