ലോകത്തെ ആദ്യ സോളാർ കാർ ഉടൻ യു.എ.ഇയിലേക്ക്

ദുബൈ: സൗരോർജത്തിൽ സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യ കാർ ഉടൻ യു.എ.ഇ നിരത്തുകളിൽ ചീറിപ്പായും. നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ് കമ്പനി ലൈറ്റ്ഇയറാണ് ലൈറ്റ്ഇയർ 0 എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ കാർ യു.എ.ഇയിൽ അവതരിപ്പിക്കുന്നത്. ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കുമായി (എസ്.ആർ.ടി.ഐ പാർക്ക്) സഹകരിച്ചാണിത്. ലൈറ്റ്ഇയറിന്‍റെ ടെസ്റ്റിങ് സൗകര്യങ്ങൾ, സെയിൽസും സർവിസും തുടങ്ങിയ സംവിധാനങ്ങളും യു.എ.ഇയിൽ ലഭ്യമാകുമെന്ന് എസ്.ആർ.ടി.ഐ പാർക്ക് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദിയും ലൈറ്റ്ഇയർ സി.ഇ.ഒ ലെക്സ് ഹൂഫ്സ്ലോട്ടും പറഞ്ഞു. നെതർലൻഡ്സിന് പുറത്തുള്ള ലൈറ്റ്ഇയറിന്‍റെ ആദ്യ ബേസ് ആയിരിക്കും എസ്.ആർ.ടി.ഐ പാർക്കിലേത്. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരായ യു.എ.ഇയുടെ ചെറുത്തുനിൽപ്പിനും രാജ്യത്തിന്‍റെ 'നെറ്റ് സീറോ ബൈ 2050 സ്ട്രാറ്റജിക് ഇനീഷ്യേറ്റിവി'നും ഈ നീക്കം ഊർജം പകരുമെന്ന് യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമുഹൈരി പറഞ്ഞു.

2019ലാണ് കാറിന്‍റെ പ്രോട്ടോടൈപ് ലൈറ്റ്ഇയർ അവതരിപ്പിക്കുന്നത്. അതിന്‍റെ പ്രൊ‍ഡക്ഷൻ മോഡൽ ഉടൻ ബുക്ക് ചെയ്യാമെന്നും ഈ വർഷം അവസാനം വിപണിയിലെത്തുമെന്നും ലൈറ്റ്ഇയർ ജൂൺ ആദ്യവാരം പ്രഖ്യാപിച്ചിരുന്നു. 2,63,000 യു.എസ് ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) ആണ് വില പ്രതീക്ഷിക്കുന്നത്.

ദിവസവും 70 കിലോമീറ്റർ സൗരോർജത്തിൽ മാത്രം സഞ്ചരിക്കാനാവുന്ന ഈ കാറിൽ നാലുപേർക്ക് ഇരിക്കാം. ദിവസവും 35 കി.മീ സഞ്ചരിക്കുന്ന ഒരാൾക്ക് ഏഴ് മാസത്തിൽ ഒരിക്കൽ മാത്രം ചാർജ് ചെയ്താൽ മതിയെന്നും കമ്പനി അവകാശപ്പെടുന്നു. കാറിന് മുകളിലാണ് അഞ്ച് സ്ക്വയർ മീറ്ററുള്ള സോളാര്‍ പാനൽ. ഇതിന് വർഷത്തിൽ 11,000 കി.മീ വരെ സഞ്ചരിക്കാനുള്ള ചാർജ് ഉണ്ടാക്കാൻ സാധിക്കും.

സൗരോർജത്തിൽ മാത്രമല്ല, സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ ചാര്‍ജ് ചെയ്തും ലൈറ്റ്ഇയര്‍ 0 ഉപയോഗിക്കാം. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 624 കി.മീ സഞ്ചരിക്കാനാകും. 60 കിലോവാട്ട് ബാറ്ററിയും 175 ബി.എച്ച്.പി കരുത്തുമുള്ള ഇലക്ട്രിക് മോട്ടോറുകളുമാണ് ഇതിലുള്ളത്. 10 സെക്കന്‍ഡ് കൊണ്ട് 100 കി.മീ. വേഗത കൈവരിക്കാനാവും. മണിക്കൂറില്‍ 160 കി.മീ. ആണ് ഉയര്‍ന്ന വേഗത.

മനോഹരമായ എൽ.ഇ.ഡി ടെയിൽ ലാമ്പുകളും ഹെഡ്‌ലാമ്പുമുള്ള കാറിന്‍റേത് ഫ്യൂച്ചറിസ്റ്റിക്ക് ബോഡി ഡിസൈനാണ്.

പുനരുപയോഗം ചെയ്തതോ ചെയ്യാവുന്നതോ ആയ ഘടകങ്ങൾ ഉപയോഗിച്ചാണ് ഇന്‍റീരിയർ. ചെടികളിൽനിന്ന് ഉൽപാദിപ്പിക്കുന്ന അപ്ഹോൾസറി, പ്ലാസ്റ്റിക് ബോട്ടിലുകളിൽനിന്ന് നിർമിച്ച ടെക്സറ്റർ, വുഡ് ട്രിമ്മുകൾ, 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓവർ ദ എയർ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ, അൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയവയും വാഹനത്തിലുണ്ട്. 

Tags:    
News Summary - The world's first solar car is coming to the UAE soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.