റെനോ ക്വിഡ് വാർഷിക എഡിഷൻ
എസ്.യു.വി പ്രചോദിത ഡിസൈനിൽ ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന വിലയിൽ റെനോ ഇന്ത്യയിൽ എത്തിച്ച എൻട്രി ലെവൽ ഹാച്ച്ബാക്ക് കാറായ ക്വിഡിന്റെ ജൈത്രയാത്ര പത്ത് വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വാർഷിക ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി.
ടെക്നോ വകഭേദത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച വാർഷിക ലിമിറ്റഡ് എഡിഷൻ 500 യൂനിറ്റുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ-ടോൺ ഫിനിഷിങ്ങിൽ വിപണിയിൽ എത്തുന്ന ക്വിഡ് മാനുവൽ ഡ്രൈവ് (എം.ടി) വേരിയന്റിന് 4.29 ലക്ഷവും ഓട്ടോമാറ്റിക് മാനുവൽ ഡ്രൈവ് (എ.എം.ടി) വേരിയന്റിന് 4.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാത്ത വകഭേദത്തിന് ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ്, ബ്ലാക്ക് റൂഫുള്ള ഷാഡോ ഗ്രേ, ബ്ലാക്ക് ഫ്ലെക്സ് വീലുകൾ, ആനിവേഴ്സറി ഡെക്കലുകൾക്കൊപ്പം മുൻവശത്ത് ചെറിയൊരു മഞ്ഞ ഗ്രില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൾവശത്ത് മഞ്ഞ ആക്സന്റുകൾ ആനിവേഴ്സറി എഡിഷന് റെനോ നൽകിയിട്ടുണ്ട്. കൂടാതെ പ്രത്യേക സീറ്റ് പാറ്റേണുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങുള്ള ലെതറെറ്റ് സ്റ്റിയറിങ് വീൽ, പ്രകാശിതമായ സ്കഫ് പ്ലേറ്റുകൾ എന്നിവയും ക്വിഡ് ലിമിറ്റഡ് എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എവല്യൂഷൻ (മുമ്പ് ആർ.എക്സ്.എൽ) ടെക്നോ (മുമ്പ് ആർ.എക്സ്.ടി) ക്ലൈംബർ എന്നീ മൂന്ന് വേരിയന്റുകളാണ് റെനോ ക്വിഡ് സ്പെഷ്യൽ എഡിഷന് നൽകിയ പുതിയ നാമകരണം. എല്ലാ വേരിയന്റിനും 3 -പോയിന്റ് സീറ്റ്ബെൽറ്റുകൾ ഉൾപ്പെടുന്നുണ്ട്. അതേസമയം ക്ലൈംബർ വേരിയന്റിന് മാത്രം സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ കമ്പനി നൽകുന്നുണ്ട്.
1.0 ലിറ്റർ SCe പെട്രോൾ എൻജിൻ തന്നെയാണ് റെനോ ക്വിഡിന്റെ കരുത്ത്. ഇത് 69 ബി.എച്ച്.പി കരുത്തും 92.5 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 5 സ്പീഡ് മാനുവൽ, ഈസി ആർ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനുമായാണ് എൻജിൻ ജോഡിയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.