14.74 മുതൽ 19.94 ലക്ഷംവരെ വിലയിൽ നെക്​സോൺ ഡോട്ട്​ ഇ.വി അവതരിപ്പിച്ചു

നെക്​സോൺ ഇ.വി വിപണിയിൽ എത്തിച്ച്​ ടാറ്റ മോട്ടോർസ്​. 14.74 മുതൽ 19.94 ലക്ഷം രൂപയ്ക്കാണ്​​ വാഹനം വിൽക്കുക. ഇത്​ ആമുഖവിലകളാണെന്നും നിശ്​ചിത ബുക്കിങ്ങിനുശേഷം വില ഉയരുമെന്നും ടാറ്റ അധികൃതർ പറഞ്ഞു.

നെക്സോൺ ഡോട്ട്​ ഇവി എന്നാണ്​ വാഹനം ഇനിമുതൽ അറിയപ്പെടുക. അപ്പ്ഡേറ്റഡ് മോഡലിന്റെ എൻട്രി ലെവൽ എം.ആർ വേരിയന്റിന് 14.74 ലക്ഷം രൂപയാണ്​ വിലവരുന്നത്​. ടോപ്പ്-സ്പെക്ക് എൽ.ആർ വേരിയന്റിന് 19.94 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ഉയരും. 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിച്ച കർവ്വ് കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ മനോഹരമായ രൂപകൽപ്പനയാണ് നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച പുതുതലമുറ നെക്സോണിന്‍റെ സമാനരൂപത്തിലാണ് ഇ.വിയും എത്തിയിരിക്കുന്നത്. എക്സ്റ്റീരിയർ, ഇന്‍റീരിയർ, പവർട്രെയിൻ, റേഞ്ച് എന്നിവയിലൊക്കെ മാറ്റമുണ്ട്. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ടാറ്റയുടെ തന്നെ കേർവ് എസ്.യു.വിയുടെ പല സവിശേഷതകളും പുതിയ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഹോദരങ്ങളായ നെക്സോൺ ഡീസൽ, പെട്രോൾ മോഡലുകളിലും ഈ പ്രചോദനം ഉണ്ടായിരുന്നു.

എക്സ്റ്റീരിയർ

ഡേടൈം റണ്ണിങ് ലാമ്പു (ഡി.ആർ.എൽ) കളിലെ മാറ്റവും ഹെഡ്‌ലാമ്പും ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം. മെലിഞ്ഞു സുന്ദരമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പാണ് പുത്തൻ നെക്സോണിലുള്ളത്. ഗ്രില്ലിനോട് കോർത്തിണക്കിയാണ് ഡി.ആർഎല്ലുകൾ നൽകിയത്. ഇതിൽ തന്നെയാണ് ഇന്‍റിക്കേറ്ററുകൾ ഉള്ളത്. മുൻവശത്തിന് ഇത് പ്രത്യേക ഭംഗി നൽകുന്നു. ഇന്‍റിക്കേറ്ററിന്‍റെയും ടെയിൽ ലൈറ്റിന്‍റെയും രൂപം മാറി. കൂടാതെ പിൻവശത്ത് എൽ.ഇ.ഡി ലൈറ്റ് ബാറും നൽകി. റിവേഴ്സ് ലൈറ്റ് ബമ്പറിലേക്ക് നീങ്ങി.

ഇന്‍റീരിയർ

പുതിയ ടച്ച്‌സ്‌ക്രീൻ സജ്ജീകരണവും ടു-സ്‌പോക്ക് സ്റ്റിയറിങ് വീലുമടക്കം ടാറ്റയുടെ കർവ് എസ്.യു.വി കൺസെപ്റ്റിന് സമാനമാണ് ഇന്‍റീരിയർ. നെക്സോണിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇന്‍ഫോടെയിൻമെന്‍റ് സിസ്റ്റം ആയിരുന്നെങ്കിൽ ഇവിയിൽ ഇത് 12.3 ഇഞ്ച് ആയി. 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ സമാനമാണ്. സോഫ്റ്റ് ടച്ച് മെന്റീരിയലും കാർബൺ ഫൈബർ സ്റ്റൈലുള്ള ഇൻസേർട്ടുകളും പീയാനോ ബ്ലാക് ഫിനിഷുമെല്ലാം അതേപടി തുടർന്നിരിക്കുന്നു.

മുൻ മോഡലിൽ റോട്ടറി സ്വിച്ചുകളാണ് ഡ്രൈവ് സെലക്റ്റ് ലിവറായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴിത് ജോയ്സ്റ്റിക് പോലുള്ള ഗിയർലിവറായി മാറി.എ.സി വെന്റുകള്‍ കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. ഡാഷ് ബോര്‍ഡിലെ ബട്ടണുകളുടെ എണ്ണവും കുറഞ്ഞു. ഇത് നെക്സോണിന് സമാനമാണ്.

സവിശേഷതകൾ

ആദ്യ കാഴ്ചയിൽ തന്നെ മുമ്പത്തെ മോഡലിനേക്കാളും അകവും പുരവും ഗംഭീരമായിട്ടുണ്ടെന്ന് ബോധ്യപ്പെടും. ഫീച്ചറുകളും അതേപോലെയാണ്. ഉയർന്ന വകഭേദത്തിൽ 360 ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫെയര്‍, കണക്ടഡ് കാര്‍ ടെക്, ഫാസ്റ്റ് ചാർജിങ് സി പോർട്ട്, സൺറൂഫ്, എട്ട് സ്പീക്കറുകളുള്ള ജെ.ബി.എൽ സിനിമാറ്റിക് സൗണ്ട് സിസ്റ്റം, വോയിസ് കമാന്റ് എന്നിങ്ങനെ നീളുന്നു.

സുരക്ഷ

സുരക്ഷയിലും പിന്നിലല്ല നെക്സോൺ.ഇവി. ആറ് എയർബാഗുകൾ, എ.ബി.എസ് ഇ.എസ്.സി, മുൻ പാർക്കിങ് സെൻസർ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ്, പാനിക് ബ്രേക് അലേർട്ട് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളുണ്ട്.

റേഞ്ചും ബാറ്ററിയും

മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ പേരുകളാണ് വകഭേദങ്ങൾക്ക് ടാറ്റ നൽകിയത്. മുമ്പ് ഇത് പ്രൈം, മാക്സ് എന്നിങ്ങനെയായിരുന്നു. മീഡിയം റെഞ്ചിൽ 30 kWh ബാറ്ററിയും ലോങ് റേഞ്ചിൽ 40.5 kWh ബാറ്ററിയുമാണുള്ളത്.മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോങ് റേഞ്ചിന് 465 കിലോമീറ്ററുമാണ് റേഞ്ച്. 12 കിലോമീറ്റർ റേഞ്ചിന്‍റെ വർധനവാണ് രണ്ടു മോഡലുകളിലും ഉണ്ടായത്. 7.2 kW എ.സി ചാർജറുമുണ്ട്.

മീഡിയം റേഞ്ച് മോഡൽ

129 ബി.എച്ച്.പി കരുത്തും 215 എൻ.എം ടോർക്കുമാണുള്ളത്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.2 സെക്കൻഡാണ് വേണ്ടത്. 10 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ചാർജ് എത്താൻ 4.3 മണിക്കൂർ വേണം.

ലോങ് റേഞ്ച് മോഡൽ

145 എച്ച്.പിയും കരുത്തും 215 എൻ.എം ടോർ‍ക്കുമുണ്ട്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.9 സെക്കൻഡ് മതി.10 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് എത്താൻ 6 മണിക്കൂർ ചാർജ് ചെയ്യണം.

Tags:    
News Summary - Tata Nexon EV facelift launched in India; prices start from Rs. 14.74 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.