ടിയാഗോ, ടിഗോർ, നെക്‌സോൺ... ഇവർ മൂന്നുപേരുമാണ് ടാറ്റയുടെ ഹീറോസ്, മൂന്നുപേരും ജയിച്ചവരാണ്; വിറ്റത് ഒരു ലക്ഷം ഇവികൾ

ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹന വിപ്ലവം സൃഷ്ടിച്ച ടാറ്റ മോട്ടോഴ്സ് വീണ്ടുമൊരു ചരിത്രം തീർത്തിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ഇലക്ട്രിക് കാറുകളാണ് അഞ്ച് വർഷംകൊണ്ട് ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ വിറ്റഴിച്ചത്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കമ്പനി പ്രഖ്യാപിച്ചത്.

അഞ്ച് വർഷം മുമ്പ് നെക്‌സോൺ ഇവി പുറത്തിറക്കിയാണ് ഇലക്ട്രിക് വിണയിലേക്കുള്ള ടാറ്റയുടെ പടയോട്ടത്തിന്‍റെ തുടക്കം. ഇതുവരെ ഇന്ത്യയിലെ തങ്ങളുടെ വിവിധ ഇലക്ട്രിക് കാർ മോഡലുകൾ മൊത്തം 1.4 ബില്യൺ കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

താരതമ്യേന താങ്ങാനാവുന്ന വിലയും വിശ്വാസതയുമാണ് ടാറ്റ ഇവികളിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കുന്നത്. മറ്റ് കമ്പനികളുടെ ഇവികൾ ഉയർന്ന വിലകാരണം സാധാരണക്കാരന് സ്വന്തമാക്കാൻ കഴിയാതിരുന്ന സമയത്താണ് നെക്സോണുമായി ടാറ്റയുടെ മാസ് എൻട്രി. നെക്സോണിന് ശേഷം ടിഗോറും പിന്നീട് ടിയാഗോയും ഇവി വിപണിയിൽ ടാറ്റ അതതരിപ്പിച്ചു. നിലവിൽ ഈ മൂന്ന് മോഡലുകളും വിജയകരമായാണ് വിറ്റഴിക്കുന്നത്. ഇന്ത്യയിലെ ഇവി കാറുകളെ നയിക്കുന്നത് ടാറ്റ മോട്ടോഴ്സ് തന്നെയാണെന്ന് സംശയമില്ലാതെ പറയാം.

ടിയാഗോ ഇവി


8.69 ലക്ഷം മുതൽ 12.04 ലക്ഷം വരെയാണ് ടിയാഗോ ഇവിയുടെ വില (എക്സ്-ഷോറൂം). XE , XT, XZ+, XZ+ ലക്സ് എന്നീ നാല് ട്രിമ്മുകളിലാണ് ഈ ഹാച്ച്ബാക്ക് വിപണിയിലുള്ളത്. 250 കിലോമീറ്റർ, 315 കിലോമീറ്റർ എന്നിങ്ങനെയാണ് വിവിധ വേരിയന്റുകൾക്കനുസരിച്ചുള്ള റേഞ്ച്.

ടിഗോർ ഇവി


നെക്‌സോൺ ഇവിക്ക് ശേഷം പുറത്തിറക്കിയ ടിഗോർ ഇവി ഇന്ത്യൻ വിപണിയിലെ ഏക ഇലക്ട്രിക് കോംപാക്റ്റ് സെഡാനാണ്. 12.49 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം). 315 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്.

നെക്‌സൺ ഇവി


പ്രൈം, മാക്സ് എന്നീ രണ്ട് പതിപ്പുകളിലാണ് ടാറ്റ നെക്‌സോൺ ഇവി വിൽക്കുന്നത്. നെക്‌സോൺ ഇവി പ്രൈം സ്റ്റാൻഡേർഡ് പതിപ്പാണ്. ഒറ്റ ചാർജിൽ 312 കിലോമീറ്ററാണ് റേഞ്ച്. 14.49 ലക്ഷം രൂപ മുതൽ 17.19 ലക്ഷം രൂപ വരെയാണ് വില(എക്സ്-ഷോറൂം). റേഞ്ച് കൂടിയ പതിപ്പാണ് നെക്‌സോൺ ഇവി മാക്സ്. 453 കിലോമീറ്റർ ആണ് ടാറ്റ അവകാശപ്പെടുന്നത്. 16.49 ലക്ഷം രൂപയിൽ തുടങ്ങി 19.54 ലക്ഷം രൂപ വരെയാണ് വില(എക്സ്-ഷോറൂം).

Tags:    
News Summary - Tata Motors sells 1 lakh EVs, Nexon EV leads the sales chart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.