എന്താ ടാറ്റ '4x4 ഇവി എസ്.യു.വികളൊക്കെ എത്തുമെന്ന് കേട്ടു'... എതിരാളികൾ ഇനി വിയർക്കും

ഇന്ത്യൻ പാസഞ്ചർ ഇലക്‌ട്രിക് വാഹന നിർമാതാക്കളുടെ തലതൊട്ടപ്പനായ ടാറ്റ മോട്ടോഴ്സ് മറ്റൊരു വിപ്ലവത്തിന്കൂടി തുടക്കംമിടുകയാണ്. പുതുതായി പുറത്തിറക്കാനിരിക്കുന്ന ഇവി എസ്.യുവികളിൽ ഫോർ വീൽ ഡ്രൈവ് (4x4) സംവിധാനം അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ടാറ്റ മോട്ടോഴ്‌സ് - പാസഞ്ചർ വെഹിക്കിൾ ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.


'ഇലക്‌ട്രിക് വാഹനങ്ങളിൽ 4x4 പരീക്ഷിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. ഭാവി എസ്‌.യു.വികളുടെ ഇലക്ട്രിക് പതിപ്പിൽ ഇത് കൊണ്ട് വരും. നെക്‌സോൺ, ഹാരിയർ പോലുള്ള എസ്.യു.വികളിലൊന്നും നിലവിൽ ഫോർ-വീൽ ഡ്രൈവ് സംവിധാനമില്ല. അതിനാൽ ഇവയെ 4x4 ലേക്ക് ഉയർത്താനാണ് കമ്പനി ആഗ്രഹിക്കുന്നത്. രാജ്യത്ത് നിലവിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന ഇ.വിയായ നെക്സോണിൽ 4x4 കൊണ്ട് വരാനും പദ്ധതിയുണ്ട്. സഫാരി അല്ലെങ്കിൽ ഹാരിയറിനെ 4x4 സംവിധാനത്തോട് കൂടി ഇവിയാക്കാൻ ആലോചിക്കുന്നുണ്ട്. സാധ്യമായ ടെക്നോളജി നവീകരണത്തിനായി കമ്പനി പരിശ്രമത്തിലാണ്'- ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.


കൂടാതെ, ടാറ്റ മോട്ടോഴ്‌സ് 2022 സെപ്റ്റംബറിൽ ഇവി വിൽപ്പനയിൽ 326 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ 10 ഇലക്ട്രിക് മോഡലുകളുടെ സമ്പൂർണ്ണ പോർട്ട്‌ഫോളിയോ ഉണ്ടാക്കാനാണ് പദ്ധതിയെന്നും ചന്ദ്ര പറഞ്ഞു. രാജ്യത്തെ ഡീസൽ കാറുകളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഉയർന്ന എസ്‌.യു.വി സെഗ്‌മെന്റുകളിൽ കുറച്ച് കാലത്തേക്ക് ഡീസൽ പ്രസക്തമായി തുടരുമെന്നായിരുന്നു ചന്ദ്രയുടെ മറുപടി.


നിശ്ചിത എമിഷൻ മാനദണ്ഡം പിൻതുടരുന്ന സാഹചര്യത്തിൽ ഡീസൽ യഥാർത്ഥത്തിൽ പ്രായോഗികമാവില്ല. അതിനാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് വളരെ താഴ്ന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ സി.എൻ.ജി മോഡൽ ലൈനപ്പ് വിപുലീകരിക്കാൻ കാത്തിരിക്കുകയാണെന്നും ചന്ദ്ര കൂട്ടിച്ചേർത്തു.

അതേസമയം, ടാറ്റയുടെ പ്രധാന എതിരാളിയായ മഹീന്ദ്രയുടെ എക്സ്.യു.വി 700, സ്കോർപിയോ-എൻ, ഥാർ, അൾറ്റൂരാസ് ജി4 എന്നീ എസ്.യു.വികളിൽ 4x4 ഉണ്ട്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌.യു.വിയിൽ ഒാൾ ഗ്രിപ്പ് എന്ന പേരിൽ ഇതേ ഫീച്ചർ അവതരിപ്പിച്ചു.

Tags:    
News Summary - Tata electric SUVs likely to get 4x4 feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.