ഇലക്ട്രിക് വാഹന, ബാറ്ററി നിർമാണം; ഇന്ത്യയിൽ 10440 കോടി നിക്ഷേപിക്കാനൊരുങ്ങി സുസുക്കി

ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിർമാണത്തിന് ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ. 10,440 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാറുമായി സുസുക്കി അധികൃതർ ധാരണപത്രം ഒപ്പുവെച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി സുസുക്കി. അതുകൊണ്ടുതന്നെ ഇവി മേഖലയിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഇവിടെ താങ്ങാനാവുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ സാധ്യതകള്‍ വർധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ പുതിയ ഇലക്ട്രിക് വാഹന ഉൽപാദന ലൈൻ നിർമിക്കുമെന്ന് സുസുക്കി അറിയിച്ചു. 2030ഓടെ രാജ്യത്ത് വിൽക്കുന്ന കാറുകളിൽ 30 ശതമാനം വൈദ്യുത വാഹനങ്ങളാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതാനായി വൈദ്യുത വാഹനങ്ങൾക്ക് സർക്കാർ പത്യേക അനുകൂല്യങ്ങളും നൽകുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങളും ഇലക്ട്രിക് ബാറ്ററികളും പ്രാദേശികമായി ഉൽപാദിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിന്‍റെ ഭാഗമായാണ് ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിട്ടത്. ചെറിയ കാറുകൾ ഉപയോഗിച്ച് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സുസുക്കിയുടെ ഭാവി ദൗത്യമെന്ന് സുസുക്കി മോട്ടർ ഡയറക്ടറുടെ പ്രതിനിധി തൊഷീറോ സുസുക്കി വ്യക്തമാക്കി. ചെറിയ ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലായിരിക്കും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ് ഇത് നൽകുന്ന സൂചന.

Tags:    
News Summary - Suzuki To Invest ₹ 104.4 Billion In India To Manufacture EVs, Batteries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.