ഇ.വി കമ്പനി പൂട്ടിപ്പോകുമോ? ബുക്​ ചെയ്തവർക്ക്​ പണം​ റീഫണ്ട്​ ചെയ്യുമെന്ന്​ സിംപിൾ എനർജി

തുടക്കം മുതൽ വിവാദങ്ങൾ ഒഴിയാത്ത ഇലക്​ട്രിക്​ സ്കൂട്ടർ സ്റ്റാർട്ടപ്പാണ്​​ സിംപിൾ എനർജി. ഏഥറിന്‍റെ പേരുമാറ്റിയ വകഭേദമാണ്​ സിംപിൾ എന്ന ആരോപണം പണ്ടേയുണ്ട്​. ഇപ്പോഴിതാ വാഹനം ബുക്ക്​ ചെയ്തവർക്ക് പണം റീഫണ്ട്​ ചെയ്യാൻ സിംപിൾ എനർജി ആലോചിക്കുന്നതായാണ്​ വിവരം. ഉപഭോക്​താക്കൾ തന്നെയാണ്​ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്​.

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ടു-വീലർ സ്റ്റാർട്ടപ്പാണ്​ സിംപിൾ എനർജി. കമ്പനി തങ്ങളുടെ ആദ്യ മോഡലായ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ മുൻകൂറായി ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും റീഫണ്ട് നൽകാൻ തുടങ്ങി എന്ന് ഓട്ടോക്കാർ ഇന്ത്യ പോലുള്ള ഓൺലൈൻ പോർട്ടലുകൾ റിപ്പോർട്ട്​ ചെയ്യുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഇതുസംബന്ധിച്ച വിവരം ചേർത്തിട്ടുണ്ട്​.

സിമ്പിൾ വൺ ഇവി മുൻകൂറായി ബുക്ക് ചെയ്ത വ്യക്തികളെ ഫോൺ കോളുകളിലൂടെയും ഇമെയിലുകളിലൂടെയുമാണ് ബുക്കിങ്​ റദ്ദാക്കിയതിനെക്കുറിച്ച് അറിയിക്കാൻ കമ്പനി ബന്ധപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. പണം പൂർണമായും തിരിച്ച്​ നൽകുമെന്നാണ്​ സിംപിൾ അറിയിച്ചിരിക്കുന്നത്​.

എന്തുകൊണ്ട്​ റദ്ദാക്കൽ

ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലുകളിൽ കമ്പനി പറയുന്നത്​ സിമ്പിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വ്യാജവെബ്​സൈറ്റ്​ തുടങ്ങി അനധികൃതമായി തങ്ങളു​ടെ പേരിൽ ചിലർ ബുക്കിങ്​ സ്വീകരിച്ചു എന്നാണ്​. ​ഇത്​ പൂർണമായും തടയാനാണത്രേ റീഫണ്ട്​ ചെയ്യുന്നത്​. മുൻകരുതൽ എന്ന നിലയിലാണ്​ നടപടി എന്നും വിശദീകരണത്തിലുണ്ട്​. കമ്പനി അതത് നഗരങ്ങളിൽ തങ്ങളുടെ എക്സ്പീരിയൻസ് സെന്ററുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ സ്കൂട്ടർ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഡെലിവറികളിൽ മുൻഗണന നൽകും എന്ന് കമ്പനി പറയുന്നുണ്ട്.

സിംപിൾ എന്നും വിവാദത്തിൽ

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന റേഞ്ച് ഉറപ്പുനല്‍കിയാണ്​ സിംപിള്‍ വണ്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്. ആദ്യ സ്‌കൂട്ടറിന് ലഭിച്ച വലിയ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി എത്തിക്കുമെന്നും കമ്പനി ഉറപ്പുനല്‍കിയിരുന്നു. കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ പറ്റുന്ന സ്‌കൂട്ടറായിരിക്കും പുതുതായി നിര്‍മിക്കുകയെന്നും പറഞ്ഞിരുന്നു.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 212 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് വൺ ഇ.വി അവതരിപ്പിച്ചപ്പോൾ സിംപിള്‍ എനര്‍ജി അവകാശപ്പെട്ടിരുന്നത്. 5 kWh ലിഥിയം അയേണ്‍ ബാറ്ററിയും 8.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 72 എന്‍.എം. ടോര്‍ക്കാണ് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. ചെയിന്‍ ഡ്രൈവ് മോഡലായാണ് സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിയത്.

തെര്‍മന്‍ മാനേജ്മെന്റ് സംവിധാനത്തോടെ എത്തുന്ന വാഹനമായതിനാല്‍ തന്നെ ചൂടാകുന്നത് സംബന്ധിച്ച് ആശങ്കകളുടെ ആവശ്യമില്ലെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. ഐ.ഐ.ടി. ഇന്‍ഡോറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത തെര്‍മല്‍ സംവിധാനമാണ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുള്ളത്. സൂപ്പര്‍ ഇ.വി. സിംപിള്‍ വണ്‍ എന്ന മോഡല്‍ 1.58 ലക്ഷം രൂപയ്ക്ക് ആണ്​ വിപണിയിൽ എത്തിയത്​.

Tags:    
News Summary - Simple Energy contacting customers to cancel their pre-bookings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.