ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഇരുചക്ര വാഹനാപകടങ്ങളിൽ കൂടുതൽ ആളുകൾക്കും ജീവൻ നഷ്ടപ്പെടുന്നത് കുറഞ്ഞ ഗുണനിലവാരമുള്ള ഹെൽമെറ്റുകളുടെ ഉപയോഗം കൊണ്ടാണ്. വില കുറഞ്ഞതും കൂടിയതുമായ പലതരം മോഡലുകളിലുള്ള ഹെൽമെറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അതൊന്നും ബി.ഐ.എസ് ലൈസൻസ് അനുസരിച്ച്, ഐ.എസ്.ഐ ക്വാളിറ്റി നിലനിർത്തുന്നില്ല. ഇതിനൊരു പരിഹാരമായാണ് പ്രമുഖ ഹെൽമെറ്റ് നിർമ്മാണ കമ്പനി സ്റ്റീൽബേർഡ് എത്തുന്നത്. ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ കൊണ്ട് ഇനിമുതൽ ജീവനുകൾ നഷ്ട്ടപെടരുതെന്ന ഉദ്ദേശത്തിൽ 'മിഷൻ സേവ് ലൈഫ് 2.0 ഇന്ത്യ' എന്ന പേരിൽ പുതിയ കാമ്പയിന് തുടക്കമിടുന്നതായി സ്റ്റീൽബേർഡ് മേധാവി രാജീവ് കപൂർ പറഞ്ഞു. ദുർബലരായ റോഡ് ഉപഭോക്താക്കളെയും റോഡ് സുരക്ഷയെയും കുറിച്ചുള്ള ദേശീയ ഉച്ചകോടിയിലാണ് രാജീവ് കപൂറിന്റെ പ്രഖ്യാപനം.
2023ൽ മാത്രം ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ നിന്നായി 1.77 ലക്ഷം ജീവനുകളാണ് നഷ്ട്ടപെട്ടത്. 4.63 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ 65% ഇരുചക്ര വാഹന യാത്രക്കാരും കാൽനടക്കാരുമാണ്. മരിച്ചവരിൽ ഏകദേശം 77,000 പേർ ഇരുചക്ര വാഹന യാത്രക്കാരായിരുന്നു. അതിൽ 54,000 മരണങ്ങളും ശെരിയായ രീതിയിൽ ഹെൽമെറ്റ് ധരിക്കഞ്ഞിട്ടും ധരിച്ച ഹെൽമെറ്റിന് ഗുണനിലവാരമില്ലാഞ്ഞിട്ടുമാണ്. അതിനാലാണ് ഹെൽമെറ്റിന്റെ പ്രാധാന്യവും ഗുണനിലവാരവും ജനങ്ങളിലേക്കെത്തിക്കാൻ ഇത്തരത്തിലൊരു കാമ്പയിന് തുടക്കം കുറിക്കുന്നതെന്ന് കപൂർ പറഞ്ഞു.
110 രൂപ മുതൽ ഇന്ത്യയിൽ ഹെൽമെറ്റുകൾ ലഭ്യമാണ്. അതിൽ തന്നെ ബി.ഐ.എസ് ലൈസെൻസ് ഉടമകൾ 95% ഐ.എസ്.ഐ മാർക് തെറ്റായി രേഖപ്പെടുത്തിയാണ് വിപണികളിൽ എത്തിക്കുന്നത്. ഇത് പൊലീസിന്റെ പരിശോധനയിൽ നിന്നും രക്ഷപെടും എന്നല്ലാതെ ജീവന് മതിയായ സുരക്ഷ നൽകുന്നില്ലെന്നും കപൂർ കൂട്ടിച്ചേർത്തു.
പുതുതായി ആരംഭിക്കുന്ന കാമ്പയിന് ടയർ 1- 2028, ടയർ 2- 2029, ടയർ 3- 2031 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇതിനായി 6,000 കോടിയുടെ പദ്ധതിക്കാണ് സ്റ്റീൽബേർഡ് തുടക്കമിടുന്നത്. ഇതുവഴി ഹെൽമെറ്റ് നിർമാണ ശേഷി നാലിരട്ടി വർധിപ്പിക്കുന്നതോടെ 80,000 പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.