13 ലക്ഷം രൂപ കെട്ടിവെച്ചു; മാനിനെ ഇടിച്ച കെ.എസ്‌.ആർ.ടി.സി സ്കാനിയക്ക് ഒടുവിൽ മോചനം, പിടിച്ചിട്ടത് 24 ദിവസം

സുൽത്താൻ ബത്തേരി: കെ.എസ്‌.ആർ.ടി.സി ബസ്സിടിച്ച് മാൻ ചത്ത സംഭവത്തിൽ കസ്റ്റഡിയിലായ സ്‌കാനിയ ബസിന് ഒടുവിൽ മോചനം. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് ദേശിയ 766ൽ കല്ലൂരിനും മുത്തങ്ങക്കും ഇടയിൽ വെച്ച് മാനിനെ ഇടിച്ചിട്ടത്. സംഭവമറിഞ്ഞെത്തിയ വനപാലകർ ബസ്സ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം ഡിപ്പോയുടെ ദീർഘദൂര സർവീസ് നടത്തുന്ന സ്‌കാനിയ ബസ്സാണിത്.


24 ദിവസമായി കസ്റ്റഡിയിലായിരുന്ന ബസ്സാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ദീർഘദൂര അന്തർസംസ്ഥാന ബസ് വിട്ടുനൽകാൻ ബത്തേരി ജെ.എഫ്.സി.എം കോടതിയാണ് ഉത്തരവിട്ടത്. ചൊവ്വാഴ്ച ബസ്സിന്റെ സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങൾ സഹിതം കോടതിയിൽ സമർപ്പിക്കുന്നതോടെ ബസ് കെഎസ്.ആർ.ടി.സിക്ക് കൊണ്ടുപോകാനാകും. ബസ് വിട്ടുകിട്ടുന്നതിലേക്കായി നിർദേശിച്ച 13 ലക്ഷം രൂപ കെ.എസ്.ആർ.ടി.സി കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്.

ലോഫ്‌ളോർ മോഡൽ ബസായതിനാൽ മാൻ അടിയിൽക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വന്യജീവിസംരക്ഷണനിയമത്തിൽ നായാട്ടിനുള്ള സെക്ഷൻ ഒൻപത് പ്രകാരം ഡ്രൈവറുടെ പേരിൽ വനംവകുപ്പ് പൊൻകുഴി സെക്ഷൻ ഓഫീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനം വിട്ടുനൽകിയശേഷം കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകും. തുടർന്ന് കോടതി ഡ്രൈവറെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കും. 

Tags:    
News Summary - Rs 13 lakhs deposited; KSRTC Scania that hit deer finally released, held for 24 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.