ഓഫ്‌റോഡ് ഡ്രൈവിലേക്ക് ഇലക്ട്രിക് ബൈക്കുമായി റോയൽ എൻഫീൽഡ്; ഹിമാലയൻ അഡ്വഞ്ചർ ഇ.വി സ്പൈ-ഷോർട്ട് ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണി ലോകത്ത് വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ ഒട്ടും പിന്നിലല്ലായെന്ന് പ്രഖ്യാപിക്കുകയാണ് റോയൽ എൻഫീൽഡും. ഇരുചക്ര വാഹന വിപണിയിൽ നിസാര സമയംകൊണ്ട് ജനശ്രദ്ധ നേടിയ റോയൽ എൻഫീൽഡ് അവരുടെ ജനപ്രിയ മോട്ടോർസൈക്കിളായ ഹിമാലയൻ അഡ്വഞ്ചറിന് ഒരു ഇലക്ട്രിക് വകഭേദം അവതരിപ്പിക്കുകയാണ്. പരീക്ഷണാവശ്യം ലഡാക്കിൽ എത്തിയ ഹിമാലയൻ ഇ.വി സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.


2023 നവംബർ 7 മുതൽ 12 വരെ ഇറ്റലിയിലെ മിലാനിൽ നടന്ന അന്താരാഷ്ട്ര മോട്ടോർസൈക്കിൾ ആൻഡ് ആക്‌സസറീസ് എക്സിബിഷനിലാണ് ആദ്യമായി ഹിമാലയൻ അഡ്വഞ്ചർ ഇ.വി റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്നത്. നിലവിലുള്ള ഹിമാലയൻ 450ന്റെ ഡിസൈനുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മാറ്റങ്ങളുണ്ട് ഹിമാലയൻ ഇ.വിക്ക്. ഉയരമുള്ള വിൻഡ്സ്ക്രീൻ, വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‍ലൈറ്റ്, ഇരുവശത്തും ടാങ്ക് ഗാർഡുകൾ എന്നിവ ഇ.വിയുടെ പ്രത്യേകതകളാണ്. കൂടാതെ സിംഗിൾ-പീസ് സീറ്റിലേക്ക് ചേർന്നുള്ള ടാങ്കിന്റെ ഭാഗം ഓഫ്‌റോഡ് ഡ്രൈവിന് ഒരു തികഞ്ഞ മോട്ടോർസൈക്കിളായി ഹിമാലയൻ ഇ.വിയെ മാറ്റുന്നു.


ഹിമാലയൻ 450 ബൈക്കിന്റെ എൻജിൻ സ്ഥാനത്താണ് ഹിമാലയൻ ഇ.വിയുടെ ബാറ്ററി പാക്ക് സജ്ജീകരിച്ചിരിക്കുന്നത്. മോട്ടോറിനൊപ്പം ഒരു അലുമിനിയം ഫ്രെയിമിലാണ് ബാറ്ററിയുടെ സ്ഥാനം. കൂടാതെ എ.ബി.എസ്, ട്രാക്ഷൻ കണ്ട്രോൾ, വിവിധ റൈഡിങ് മോഡുകൾ തുടങ്ങിയവയും ഹിമാലയൻ ഇ.വിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ബാറ്ററി, മോട്ടോറിന്റെ ശേഷി, റേഞ്ച്, ചാർജിങ് സമയം മറ്റു സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. അവ റൈഡിങ് ടെസ്റ്റ് കഴിഞ്ഞതിനുശേഷമാകും വെളിപ്പെടുത്തുക. ഇലക്ട്രിക് ബൈക്കായതിനാൽ തന്നെ വിലയിൽ ഹിമാലയൻ 450യേക്കാൾ അൽപ്പം ഉയരാൻ സാധ്യതയുണ്ട്. 2026 മധ്യത്തിലോ, അവസാനത്തിലോ ആകും ഹിമാലയൻ ഇ.വി വിപണിയിലെത്തുന്നത്.

Tags:    
News Summary - Royal Enfield launches electric bike for off-road driving; Himalayan Adventure EV spy-short images released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.