റെനോ ട്രൈബർ ടർബോ

കുറഞ്ഞ വില, കൂടുതൽ കരുത്ത്; റെനോ ട്രൈബറിന്റെ ടർബോ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ, തങ്ങളുടെ ജനപ്രിയ 7-സീറ്റർ എം.പി.വിയായ ട്രൈബറിന്റെ (Renault Triber) പുതിയ ടർബോ-പെട്രോൾ പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. മുമ്പത്തേക്കാൾ കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി എത്തുന്ന വാഹനം, ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 7-സീറ്റർ കാറുകളിലൊന്ന് എന്ന ഖ്യാതി നിലനിർത്തുന്നു.

എൻജിനും മികച്ച പ്രകടനവും

പുതിയ ട്രൈബർ ടർബോയിൽ 1.0 ലിറ്റർ, 3-സിലിണ്ടർ TCe ടർബോ-പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ 100 എച്ച്.പി കരുത്തും 180 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ട്രൈബറിലെ എൻജിൻ 72 എച്ച്.പി കരുത്തും 96 എൻ.എം ടോർക്കും മാത്രം നൽകിയിരുന്നിടത്ത് നിന്നാണ് ടർബോയിൽ എത്തുമ്പോൾ ഈ വലിയ വർധനവ്. റെനോ കൈഗർ (Kiger), ഡസ്റ്റർ (Duster) എന്നിവയിൽ ഉപയോഗിക്കുന്ന എൻജിനുമായി ട്രൈബർ എൻജിന് സാമ്യമുണ്ടെങ്കിലും, പുതിയ എൻജിൻ മാനേജ്‌മെന്റ് സിസ്റ്റം വഴി 180 എൻ.എം എന്ന ഉയർന്ന ടോർക്ക് ഉത്പാദിപ്പിക്കാൻ തക്കവണ്ണമാണ് ട്യൂൺ ചെയ്തിരിക്കുന്നത്.

വില വിവരങ്ങൾ

പ്രാരംഭ വേരിയന്റായ 'ഇവല്യൂഷൻ' (Evolution) മുതൽ ടോപ്പ്-സ്പെക് 'ഇമോഷൻ' (Emotion) വരെയുള്ള ട്രിമ്മുകളിൽ ട്രൈബർ ടർബോ ലഭ്യമാകും. 7.84 ലക്ഷം രൂപയാണ് എവല്യൂഷന്റെ എക്സ് ഷോറൂം വില. ടോപ്പ്-സ്പെക് മോഡലായ ഇമോഷൻ 8.99 ലക്ഷം രൂപ മുതൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ പതിപ്പ് 5.80 ലക്ഷം രൂപ മുതൽ ലഭ്യമാണ്. ഇതിനേക്കാൾ രണ്ടു ലക്ഷത്തോളം രൂപ കൂടുതലാണ് ടർബോ പതിപ്പിന്.

മൈലേജും വേഗതയും

കൂടുതൽ കരുത്തുറ്റതാണെങ്കിലും ഇന്ധനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാൻ റെനോ തയ്യാറായിട്ടില്ല. ലിറ്ററിന് 21 കിലോമീറ്റർ (സാധാരണ മോഡലിൽ ഇത് 19.76 കി.മീ/ലിറ്റർ ആയിരുന്നു) റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കേവലം 10.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും.

ഡിസൈൻ മാറ്റങ്ങൾ

ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നും റെനോ വരുത്തിയിട്ടില്ല. പുറകിൽ നൽകിയിരിക്കുന്ന 'Turbo' ബാഡ്ജ് മാത്രമാണ് പ്രധാന ദൃശ്യമാറ്റം. കമ്പനിയുടെ ആഗോള RGEP ആർക്കിടെക്ചറിൽ നിർമിച്ച വാഹനത്തിന്റെ അളവുകളിലും 2,636 എം.എം വീൽബേസിലും ഒരു മാറ്റവുമില്ല.

റെനോക്ക് ട്രൈബറിന്റെ പ്രാധാന്യം

ഇന്ത്യയിൽ റെനോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ട്രൈബർ. കമ്പനിയുടെ പ്രതിമാസ വിൽപ്പനയുടെ പകുതിയോളം ഈ ഒറ്റ മോഡലിൽ നിന്നാണ് ലഭിക്കുന്നത്. മാസം തോറും ശരാശരി 1,500 മുതൽ 1,900 യൂനിറ്റുകൾ വരെ വിറ്റഴിക്കപ്പെടുന്ന ട്രൈബർ, ഓഗസ്റ്റ് 2026ൽ 1,536 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. അടുത്തിടെ ഇന്ത്യയിൽ രണ്ട് ലക്ഷം യൂനിറ്റുകൾ എന്ന നാഴികക്കല്ലും വാഹനം പിന്നിട്ടിരുന്നു.

Tags:    
News Summary - Renault Triber Turbo version launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.