രത്തൻ ടാറ്റക്ക് സമ്മാനമായി നാനോ ഇ.വി; പക്ഷെ ഈ കാർ നിർമിച്ചത് ടാറ്റ മോട്ടോഴ്സല്ല

ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും സർഗാത്മക നീക്കങ്ങളിൽ ഒന്നായിരുന്നു നാ​നോ കാറിന്റെ നിർമാണം. ഒരു ലക്ഷം രൂപക്ക് കാർ എന്നതായിരുന്നു നാനോയുടെ യു.എസ്.പി. പുറത്തിറങ്ങിയപ്പോൾ വില ലക്ഷം രൂപയൊക്കെ കടന്നെങ്കിലും നാനോ ആദ്യഘട്ടത്തിൽ നന്നായി വിറ്റു. എന്നാൽ വിലകുറഞ്ഞ കാർ എന്ന പ്രചരണം പിന്നീട് ടാറ്റക്കുതന്നെ വിനയായി. നാനോ സ്വന്തമാക്കിയവർക്ക് കാർ വാങ്ങിയതിന്റെ ഗമയൊന്നും കിട്ടിയിരുന്നില്ല. ആര് കണ്ടാലും നാനോ വാങ്ങാൻതക്ക ഇത്രയും ദരിദ്രനാരെടാ എന്നമട്ടിൽ നോക്കാൻ തുടങ്ങിയ​തോടെ ഉപഭോക്താക്കൾ ഇതിൽനിന്നകന്നു. രത്തൻ ടാറ്റ എന്ന ബിസിനസ് അതികായന്റെ സ്വപ്ന പദ്ധതി അങ്ങിനെ ഒരു പരാജയമായി.

നിലവിൽ ഇ.വി രംഗത്ത് വലിയ കുതിപ്പ് നടത്തുകയാണ് ടാറ്റ ഇലക്ട്രിക്. ഇലക്ട്രിക് കാറുകൾവന്നതോടെ ടാറ്റയുടെ വിപണി മൂല്യം കുത്തനെ ഉയർന്നു. നിലവിൽ ടിഗോർ ഇ.വി, നെക്സൺ ഇ.വി എന്നിവയാണ് ടാറ്റ പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകൾ. എന്നാൽ അടുത്തിടെ, രത്തൻ ടാറ്റ തന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ ശന്തനു നായിഡുവിനൊപ്പം പ്രത്യേകമായി നിർമിച്ച ഇലക്ട്രിക് നാനോയുടെ അടുത്ത് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ കാർ രത്തൻ ടാറ്റയ്ക്കുവേണ്ടി നിർമ്മിച്ചത് ടാറ്റ മോട്ടോഴ്സ് അല്ലെന്ന് മാത്രം. പുണെ ആസ്ഥാനമായുള്ള ഇലക്‌ട്ര ഇവി എന്ന ഇലക്ട്രിക് വെഹിക്കിൾ സൊല്യൂഷൻസ് ബ്രാൻഡാണ് ഈ പ്രത്യേക നാനോ ഇവി നിർമ്മിച്ചത്.


ഇത് രത്തൻ ടാറ്റ സ്ഥാപിച്ച കമ്പനി തന്നെയാണ്. ഇലക്ട്രിക് കാർ നിർമ്മാതാക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്ര ഇവി എന്ന കമ്പനി പ്രവർത്തിക്കുന്നത്. ഇ.വി പവർട്രെയിൻ സൊല്യൂഷനുകളും സിസ്റ്റങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഇലക്ട്ര ഇവി. ഏഷ്യൻ വിപണികൾക്കായി ലക്ഷ്യമിട്ട ഇവി പവർട്രെയിൻ സൊല്യൂഷനുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ആഗോള ഇലക്ട്രിക് മൊബിലിറ്റി ദാതാക്കൾക്കുവേണ്ടിയും ഇലക്‌ട്ര ഇവി പ്രവർത്തിക്കുന്നു.

'ഇലക്‌ട്ര ഇവിയുടെ പവർട്രെയിനിൽ പ്രവർത്തിക്കുന്ന 72വി നാനോയിൽ ഞങ്ങളുടെ സ്ഥാപകൻ സവാരി നടത്തുമ്പോൾ ഇത് ചാരിതാർഥ്യത്തിന്‍റെ നിമിഷമാണ്. മിസ്റ്റർ ടാറ്റയുടെ നാനോ ഇവി ഡെലിവർ ചെയ്യുന്നതിനും അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത ഫീഡ്‌ബാക്കിൽ നിന്ന് പ്രചോദനം നേടിയതിലും ഞങ്ങൾ അഭിമാനിക്കുന്നു'-ഇലക്ട്ര ഇ.വി അധികൃതർ സമൂഹമാധ്യമത്തിൽ കുറിച്ചു.

രത്തൻ ടാറ്റ തന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ ശന്തനു നായിഡു പുതിയ വാഹനത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഇത് ഓടിക്കുന്നതിനേക്കാൾ കൂടുതൽ ഗ്ലൈഡ് ചെയ്ത് പോവുകയാണ്. നല്ല പ്രവർത്തനമാണ് ഇലക്ട്ര ഇവിയുടേത്'-ശന്തനു കുറിച്ചു.

രത്തൻ ടാറ്റയുടെ സ്വപ്ന വാഹനം എന്ന പേരിലാണ് ടാറ്റ മോട്ടോഴ്സ് നാനോ എന്ന ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ അവതരിപ്പിച്ചത്. എന്നാൽ വാഹനം വിപണിയിൽ വിജയിച്ചില്ല.

2018ൽ ടാറ്റ നാനോയുടെ ഉത്പ്പാദനം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. നാനോ ഇലക്ട്രിക് വാഹനമാക്കി വിപണിയിൽ എത്തിച്ചാൽ വിജയിക്കുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴുണ്ട്.

Tags:    
News Summary - Ratan Tata takes delivery of custom Tata Nano electric car. Check details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.