'ട്രാൻസ്ഫറായി പോകുന്ന ജവാൻ, 18,000 രൂപയുടെ സ്കൂട്ടർ, 3000 രൂപ അഡ്വാൻസ്'; തട്ടിപ്പിന്‍റെ പുതിയ മുഖം വെളിപ്പെടുത്തി പൊലീസുകാരന്‍റെ പോസ്റ്റ്

ട്ടിപ്പുകൾക്ക് വളരെയേറെ സാധ്യതയുള്ളതാണ് വാഹനവിപണി. സൂക്ഷിച്ചും കണ്ടും ഇടപെട്ടില്ലെങ്കിൽ കയ്യിലുള്ള പണം പോകുന്ന വഴി കാണില്ല. കുറഞ്ഞ വിലക്ക് വാഹനങ്ങൾ വിൽക്കാനുണ്ടെന്ന് കാട്ടി അഡ്വാൻസായി പണം വാങ്ങി തട്ടിപ്പ് നടത്തിയതിന്‍റെ നിരവധി അനുഭവങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ നടന്ന ഒരു തട്ടിപ്പ് പൊളിച്ചതിന്‍റെ അനുഭവമാണ് പൊലീസ് ഉദ്യോഗസ്ഥനായ രൂപേഷ് പറമ്പൻകുന്നൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കൊച്ചി എയർപോർട്ടിൽ ജോലി ചെയ്യുന്ന ജവാൻ ട്രാൻസ്ഫറായി പോവുകയാണെന്നും സ്കൂട്ടർ 30,000 രൂപക്ക് വിൽക്കുകയാണെന്നുമായിരുന്നു ബന്ധുവിന് ലഭിച്ച ഓഫർ. 3000 രൂപ അഡ്വാൻസ് നൽകിയാൽ സ്കൂട്ടർ അയച്ചുതരുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ ഇതിൽ സംശയം തോന്നിയ രൂപേഷ് നടത്തിയ അന്വേഷണത്തിൽ സംഭവം തട്ടിപ്പാണെന്ന് കണ്ടെത്തുകയായിരുന്നു.

രൂപേഷ് പറമ്പൻകുന്നൻ എഴുതുന്നു...

ഇന്ന് പാപ്പന്‍റെ (അച്ഛന്‍റെ സഹോദരൻ) മകനുവേണ്ടി ഒരു സെക്കൻറ് ഹാൻറ് സ്ക്കൂട്ടർ വാങ്ങുന്ന കാര്യത്തിൽ എന്‍റെ അഭിപ്രായം തേടികൊണ്ട് വിളിച്ചു.

കൊച്ചി എയർ പോർട്ടിൽ ജോലിചെയ്യുന്ന ഒരു CISF ജവാൻ ട്രാൻസറായി പോകുന്നതിനാൽ അയാൾ ഉപയോഗിച്ചിരുന്ന നല്ല വൃത്തിയുള്ള KL-47-D-8721 നമ്പർ സ്കൂട്ടർ 18,000/- രൂപക്ക് വിൽക്കുന്നുണ്ട് എന്നും, വെറും 3000/- രൂപ അയച്ചുകൊടുത്താൽ വാഹനം ട്രെയിൻ മുഖേന അയച്ചുതരുമെന്നും, ഉപയോഗിച്ച് ഇഷ്ടപെട്ടിട്ട് മാത്രം ബാക്കി പണം കൊടുത്താൽ മതി എന്നുമുള്ള ആകർഷണീയമായ വ്യവസ്ഥ.

വിശ്വസിക്കാനായി വാഹനത്തിന്‍റെ ഫോട്ടോക്കും വീഡിയോക്കും ഒപ്പം വാഹനത്തിന്‍റെ RC യുടേയും, RC ഓണറായ ജവാന്‍റെ ID കാർഡിന്‍റെയും ആധാർ കാർഡിന്‍റെയും ഫോട്ടോകളും വാട്സാപ്പ് മുഖേന അയച്ചുകൊടുത്തിട്ടുണ്ട്.

കേട്ടപ്പോൾ തന്നെ തട്ടിപ്പാവാനാണ് സാധ്യത എന്ന് പറഞ്ഞശേഷം ഞാൻ വാഹനത്തിന്‍റെ നമ്പർ വെച്ച് RC ഓണറുടെ വിവരങ്ങൾ സ്റ്റേഷനിൽ നിന്ന് ശേഖരിച്ചു. പേര് ശരിയാണ്. “SANALUDHEEN” പക്ഷെ അഡ്രസിൽ മാറ്റമുണ്ട്. യഥാർത്ഥ RC ഓണറുടെ ഫോൺ നമ്പറും സൈറ്റിൽ നിന്ന് ലഭിച്ചു.

അദ്ദേഹത്തെ വിളിച്ചപ്പോൾ പറ്റിക്കപ്പെട്ട മറ്റൊരാൾ പൊലീസിൽ പരാതി കൊടുത്തതിനാൽ വിളിക്കുകയാണ് എന്നാണ് ആ പാവം കരുതിയത്.

"ഹോ കുറച്ചുകാലമായി വിളികൾ വരാത്തതിനാൽ ഈ വണ്ടിവെച്ചുള്ള തട്ടിപ്പ് നിർത്തി എന്ന് കരുതിയിരിക്കയായിരുന്നു'' എന്ന് പറഞ്ഞാണ് ആൾ സംസാരം തുടങ്ങിയത്. ആൾ വാഹനം വാങ്ങിയതിന് ശേഷം ഇടക്കിടെ ഇങ്ങിനെ പറ്റിക്കപ്പെട്ടവർ വിളിക്കാറുണ്ടായിരുന്നു എന്നും ഇപ്പോൾ വാഹനം ഉപയോഗിക്കാതെ വീട്ടിൽ തുരുമ്പ് പിടിച്ച് കിടക്കുകയാണ് എന്നും പറഞ്ഞു.

പറ്റിക്കലാണ് എന്ന് ഉറപ്പായതിൽ ഞാൻ വിൽപ്പനക്കാരനെ അയാൾ നൽകിയ 8327318535 നമ്പറിൽ വിളിച്ചു.

ഒരു വെള്ള സ്ക്കൂട്ടർ വിൽപ്പന നടത്തുന്നതിനുള്ള പരസ്യം കണ്ട് വിളിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ആ വാഹനത്തിന്‍റെ വിവരങ്ങൾ അയാൾ എനിക്കും നൽകി. കൊച്ചി എയർപ്പോർട്ടിലാണ് ജോലി ചെയ്യുന്നത് എന്നും ട്രാൻസ്ഫർ ആവുന്നതിനാലാണ് വാഹനം വിൽപ്പന നടത്തുന്നത് എന്നും, 19,000/- രൂപ വില പറഞ്ഞതിൽ, കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ലാസ്റ്റ് 18,000/- രൂപക്ക് തരാം എന്നും പറഞ്ഞു. ഞാൻ കൊച്ചിയിലുണ്ട് നേരിൽ വരട്ടെ എന്ന് ചോദിച്ചപ്പോൾ ഉടനെ ഫോൺ കട്ട് ചെയ്തു. പിന്നീട് വിളിച്ചിട്ട് കിട്ടുന്നില്ല.

പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് വിളിച്ചപ്പോൾ ആൾ കോഴിക്കോട് എയർപോർട്ടിലാണ് ജോലി ചെയ്യുന്നത് എന്നും വാഹനത്തിന്‍റെ വിവരങ്ങൾ വാട്സാപ്പ് വഴി അയച്ചുതരാമെന്നും പറഞ്ഞു.

വാഹനത്തിന്‍റെ യഥാർത്ഥ RC ഓണറിൽ നിന്ന് ലഭിച്ച വിവരം വെച്ച്, ഈ വാഹനത്തിന്‍റെ ഫോട്ടോയും, വ്യാജമായി നിർമ്മിച്ച RC യും, ID കാർഡും ഉപയോഗിച്ച് ഏറെ ആളുകളെ പറ്റിച്ച് അയാൾ പണം കൈക്കലാക്കിയിട്ടുണ്ട് എന്നും പറ്റിക്കൽ തുടരുന്നുമുണ്ട് എന്നും മനസിലാവുന്നു.

പലരീതിയിലുള്ള ഓൺ തട്ടിപ്പുകൾ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. പലരും ഇപ്പോഴും ഇരകളാകുന്നുമുണ്ട്.

പരിചയമില്ലാത്ത ആളുകളുമായി ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

പറ്റിക്കപ്പെട്ടുകഴിഞ്ഞ് പരാതിയുമായി പോയാൽ നിങ്ങളുടെ പണം തിരികെ ലഭിക്കാൻ സാധ്യത കുറവാണ് എന്നല്ല, ഇല്ല എന്ന് പറയുന്നതാണ് ശരി.

കാരണം ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ പേരിൽ അവർ അറിയാതെ ഒപ്പിച്ച ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളുമാണ് ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്.

അതുകൊണ്ട് ഇത്തരം ഇടപാടുകളിൽ ജാഗ്രത നല്ലതാണ്,,,,

ഏതായാലും ഈ പോസ്റ്റ് വായിക്കുന്നവർ ഈ വണ്ടി ഉപയോഗിച്ചുള്ള തട്ടിപ്പിൽ പെടേണ്ടതില്ല,, നമ്മെ പെടുത്താൻ മറ്റെന്തെങ്കിലും തട്ടിപ്പ് വരുന്നുണ്ടാകും... നമുക്ക് കാത്തിരിക്കാം.

Tags:    
News Summary - police officers facebook post about fake vehicle selling scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.