മൊബൈൽ ഉപയോഗിച്ച്  ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യം യാത്രക്കാർ പകർത്തിയപ്പോൾ

ബസ് ഓടിക്കുന്നതിനിടെ ഫോൺവിളിയും വാട്സ് ആപ്പ് ചാറ്റും; സ്റ്റിയറിങ്ങും ഗിയർ ലിവറും മൊബൈലും ഒരേ കൈയ്യിൽ

കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ഫോണ്‍ വിളിച്ചും വാട്‌സാപ്പില്‍ മെസേജ് അയച്ചും ബസ് ഡ്രൈവർ. കോഴിക്കോട് -പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന സംസം ബസിലെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാവും വിധം മൊബൈൽ ഉപയോഗിച്ചത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു.

ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം 1.37ന് കോഴിക്കോട്ടുനിന്നാണ് ബസെടുത്തത്. ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍വരെ എട്ട് തവണ ഇയാള്‍ ഫോണിൽ കോൾ ചെയ്തെന്നും വാട്‌സാപ്പില്‍ മെസേജ് അയച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാര്‍ പറയുന്നു.

പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ഒരു കൈയില്‍ മൊബൈല്‍ പിടിച്ച് അതേ കൈകൊണ്ടുതന്നെ സ്റ്റിയറിങ്ങ് തിരിക്കുകയും ഗിയര്‍ മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തു.

ഫോണ്‍ ഉപയോഗിച്ചതിന് കഴിഞ്ഞദിവസം തന്നെ ഹൈവേ പൊലീസ് ബസിന് പിഴചുമത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പും നടപടിയാരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി ഉണ്ടാവുമെന്നാണ് വിവരം. ഫറോക്ക് എസ്.ആര്‍.ടി.ഒ. ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ ഹാജരാകാന്‍ ജോയന്റ് ആര്‍.ടി.ഒ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Phone calls and WhatsApp chats while driving the bus; Steering wheel, gear lever and mobile in one hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.